ഈ മാലയ്ക്ക് പകരമായി മറ്റൊരു മാല അധികമായി കണ്ടെത്തിയിട്ടുണ്ട്.
വിവരം അറിഞ്ഞത് പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയില്‍
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ ഒരു മാലയിലെ മുത്തുകളില്‍ കുറവ്. വിഗ്രഹത്തില്‍ ചാർത്താറുള്ള സ്വർണ്ണം കെട്ടിയ രുദ്രാക്ഷ മാലയിലെ മുത്തുകളിലാണ് കുറവുള്ളത്.
ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റെടുത്തപ്പോൾ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. എന്നാൽ മറ്റൊരു മാല അധികമായി കണ്ടെത്തിയിട്ടുണ്ട്.
23 ഗ്രാം സ്വര്‍ണ്ണമാണ് മാലയിലുള്ളത്. 81 മുത്തുകളുള്ള മാലയില്‍ 9 മുത്തുകളാണ് കാണതായത്. കാണാതായത് 7 ഗ്രാമാണ് .ഇത് സംബന്ധിച്ച പരാതി ദേവസ്വം വിജിലന്‍സിനു ലഭിച്ചിരുന്നു.
ക്ഷേത്രത്തിൽ മേൽശാന്തിമാർ മാറുമ്പോൾ തിരുവാഭരണങ്ങളുടേയും മറ്റു പൂജാസാമഗ്രികളുടേയും കണക്കെടുക്കാറുണ്ട്. ഇത്തരത്തിൽ കണക്കെടുത്തപ്പോഴായിരുന്നു മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് പൂർണ്ണമായും നടത്തി വരികയാണ്.
കഴിഞ്ഞ മാസമാണ് പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് ചുമതലയേറ്റെടുത്തത്. ഇതിന് പിന്നാലെയാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു തിരുവാഭരണങ്ങളുടേയും മറ്റു പൂജാ സാമഗ്രികളുടേയും കണക്കെടുപ്പ് നടന്നത്.
Content Highlights: Thiruvabharanam missing in Ettumanoor temple