തിരുവന്തപുരം: ഡ്രോണുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുക, കുറ്റാന്വേഷണത്തിന് ഡ്രോണുകളുടെ സഹായം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ പോലീസ് ഡ്രോൺ ഫോറൻസിക്കിന് തുടക്കമിട്ടത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിർവ്വഹിച്ചത്. ഉദ്ഘാടനത്തിന് പിന്നാലെ പറത്തിവിട്ട ചെറുവിമാനം പറന്നുയർന്ന് ചെന്ന് നിന്നതാകട്ടെ മരത്തിലും. തുടക്കത്തിൽ തന്നെ പാളിയത് കേരളാ പോലീസിന് കല്ലു കടിയായി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
വേദിയിൽ ഡ്രോണുകൾക്കൊപ്പം തന്നെ ചെറു വിമാനങ്ങളുടെ മോഡലുകളും പ്രദർശിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഒരു ചെറുവിമാനമാണ് മരത്തിൽ ചെന്ന് ലാൻഡ് ചെയ്തത്. എന്നാൽ ഇന്ധനം തീര്ന്നതുകൊണ്ട് മരത്തിന് മുകളിൽ സേഫ് ലാൻഡ് ചെയ്യുകയായിരുന്നു എന്നാണ് കമ്പനി വിശദീകരണം.
ഡ്രോൺ ഫോറൻസിക് സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സൈബർഡോമിന്റെ കീഴിൽ നിലവിൽവരുന്ന ലാബിൽ വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. കണ്ടെത്തുന്ന ഡ്രോണിന്റെ മെമ്മറി, സോഫ്റ്റ്വേർ, ഹാർഡ്വേർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസ്സിലാക്കാൻ കഴിയും.
ദുരന്തനിവാരണ ഉപകരണങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളും വി.ഐ.പി. സുരക്ഷയ്ക്കാവശ്യമായ ഡ്രോണുകളും ലാബിൽ വികസിപ്പിക്കും. പോലീസ് സൈറണുകളും ബീക്കൺ ലൈറ്റുകളും ഉച്ചഭാഷിണികളുമുള്ള ഡ്രോണുകളും നിർമിക്കും.
പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ഉൾപപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
Content Highlights: Drone stuck in a tree: kerala police open drone forensics lab inauguration