കേന്ദ്രസർക്കാരിനെതിര പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് ഓഗസ്റ്റ് 20ന് നേതാക്കളുടെ യോഗം ചേരുന്നത്. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് — മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഓൺലൈൻ യോഗത്തിൻ്റെ അജണ്ട എന്താണെന്ന് പൂർണ്ണമായും പുറത്ത് വന്നിട്ടില്ല, എന്നാൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രകടിപ്പിച്ച ഐക്യം നിലനിർത്തുക ലക്ഷ്യമിട്ടാണ് യോഗം നടത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഓൺലൈൻ യോഗത്തിനുശേഷം ഡൽഹിയിൽ അത്താഴ വിരുന്ന് സംഘടിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കാർഷിക നിയമത്തിനെതിരേയും പെഗാസസ് ആരോപണത്തിനെതിരേയും 15 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് കേന്ദ്രത്തിനെതിരെ പാർമെന്റിൽ പ്രതിഷേധിച്ചിരുന്നു. ഇവരെ തുടർന്നും ഒരുമിച്ചു നിർത്താനാണ് കോൺഗ്രസിന്റെ നീക്കം.
ആഗസ്റ്റ് 12നും സഭ നിർത്തിവെച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ച് നടത്തി, സെഷൻ പെട്ടെന്ന് അവസാനിപ്പിച്ചതിനും പ്രധാന വിഷയങ്ങളിലെ ചർച്ചകൾ ഒഴിവാക്കിയെന്നും സർക്കാരിനെ കുറ്റപ്പെടുത്തി.
സഭയിലെ സുപ്രധാന വിഷയങ്ങളിൽ സർക്കാർ ചർച്ചകൾ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പാർലമെന്റ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പ്രതിപക്ഷം പറയുന്നത്.
“പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ആഗസ്റ്റ് 20 ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഈ യോഗത്തിൽ പങ്കെടുക്കും,” ശിവസേനയുടെ സഞ്ജയ് റാവത്ത് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കോൺഗ്രസിന്റെ മേൽക്കൈ ഉറപ്പിക്കുന്നതിനാണ് നീക്കം. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പിറന്നാളിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചിരുന്നു. യോഗത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നില്ല.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്താനുള്ള കോൺഗ്രസിന്റെ ശ്രമം കൂടിയാണ് യോഗം. പ്രതിപക്ഷപാർട്ടികളുടെ സഖ്യത്തെ നയിക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്ന സംശയങ്ങൾ ഉയരുന്നതിനിടെയാണ് സോണിയാഗാന്ധി യോഗം വിളിച്ചിരിക്കുന്നത്.
****