ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ നിയമന ചര്‍ച്ചയിയില്‍ പ്രതിഷേധം ഉയര്‍ത്തിയ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെ തള്ളി ഹൈക്കമാന്റ്. പുനഃസംഘടനയില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. തര്‍ക്കങ്ങളുടെ പേരില്‍ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ കലാപം അനുവദിക്കില്ലെന്ന സൂചനയാണ് ഹൈക്കമാന്റ് നല്‍കുന്നത്.
ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക നല്കുമ്പോള് വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും താരിഖ് അന്‍വറിനോട് പരാതിപ്പെട്ടിരുന്നു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ക്കായി വിളിച്ച കെ.സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയതായാണ് വിവരം. ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതെ തഴഞ്ഞതായും അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചു.
എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന തിരുമാനത്തിലാണ് ഹൈക്കമാന്റ്. ചര്‍ച്ചക്ക് നേതൃത്വം നല്‍കേണ്ടത് പിസിസി അധ്യക്ഷന്റേയും നിയമസഭാ കക്ഷി നേതാവിന്റേയും ചുമതലയാണ്. കൂടുതല്‍ പേരെ ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി മുന്‍കാല കീഴ്വഴക്കത്തിന് മാറ്റം വരുത്തേണ്ടകാര്യമില്ല. ഇരുവരേയും ഉത്തരവാദിത്വങ്ങള്‍ നടത്താന്‍ അനുവദിക്കണം. തര്‍ക്കങ്ങളുടെ പേരില്‍ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. ഇതോടെ ഡല്‍ഹി കേന്ദ്രീകരിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതയാണ് മങ്ങിയത്.
Content Highlights: Congress High Command on DCC presidents’ selection