ചങ്ങനാശ്ശേരി: ഫോൺ നമ്പർ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് നടപടിയുണ്ടായത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.
മാതൃഭൂമി ന്യൂസ് വാർത്തയ്ക്കു പിന്നാലെയാണ് സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, ചങ്ങനാശ്ശേരി, വാകത്താനം സി.ഐമാർ എന്നിവരുൾപ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ തയ്യൽജോലിക്കാരിയായ യുവതിയുടെ നമ്പർ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവർക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവർ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
Content Highlights: Action against hooligans who spread woman’s mobile number