ഗവാസ്കറിന്റെ അഭിപ്രായത്തിനോട് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റയും യോജിച്ചു
മുംബൈ: രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവാണ് നടത്തിത്. 51 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആതിഥേയര്‍ക്ക് അഞ്ച് ബാറ്റ്സ്മാന്മാരെ നഷ്ടമായി. മുഹമ്മദ് സിറാജും, ഇഷാന്ത് ശര്‍മയുമായിരുന്നു വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം കൊടുത്തത്.
94 റണ്‍സ് വിട്ടു കൊടുത്ത് നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജിന്റെ പ്രകടനത്തിന് തിളക്കം അല്‍പ്പം കൂടുതലായിരുന്നു. അത് മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസക്റിനെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. സിറാജിന്റെ ശരീരഭാഷയേയും മികവിനേയും ഗവാസ്കര്‍ പ്രശംസിച്ചിരിക്കുകയാണ്.
“ഒരു ബാറ്റ്സ്മാന് പേസ് ബോളരെ നേരിടുമ്പോള്‍ അവരുടെ ശരീരഭാഷയെ സൂക്ഷ്മമായി നിരീക്ഷിക്കും. ബോളര്‍ ക്ഷീണിതനാണെന്ന് മനസിലാക്കി കഴിഞ്ഞാല്‍ എളുപ്പത്തില്‍ റണ്‍സ് നേടാനാകും. എന്നാല്‍ സിറാജിന്റെ കാര്യത്തില്‍ ഇത് സംഭവിച്ചില്ല. എല്ലാ പന്തിലും വിക്കറ്റെടുക്കുന്ന തരത്തിലായിരുന്നു ബോളിങ്,” ഗവാസ്കര്‍ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.
രണ്ടാം ദിനത്തില്‍ ഡോ സിബ്ലിയേയും ഹസീബ് ഹമീദിനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത് സിറാജായിരുന്നു. ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് നടത്തിയ 121 റണ്‍സിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചതും വലം കൈയന്‍ ബോളര്‍ തന്നെ. ഗവാസ്കറിന്റെ അഭിപ്രായത്തിനോട് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റയും യോജിച്ചു.
Also Read: നായകന്, ഇതിഹാസം, പ്രചോദനം; ധോണി വിരമിച്ചിട്ട് ഒരു വര്‍ഷം