മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്ക് വുഡും, രണ്ട് വിക്കറ്റെടുത്ത മൊയീന്‍ അലിയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്
India vs England Second Test Day 4: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ 6 വിക്കറ്റിന് 181 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. 154 റണ്‍സ് ലീഡാണ് ഇന്ത്യക്ക് നിലവിലുള്ളത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും (14) ഇഷാന്ത് ശര്‍മയുമാണ് (4) ക്രീസില്‍.
ഇംഗ്ലണ്ട് നേടിയ 27 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ആദ്യ ഇന്നിങ്സില്‍ അടിത്തറ പാകിയ കെ.എല്‍. രാഹുല്‍ (5), രോഹിത് ശര്‍മ (21) എന്നിവരെ ആദ്യ മണിക്കൂറില്‍ തന്നെ നഷ്ടമായി.
വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ ഉപനായകന്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന ചെറുത്ത് നില്‍പ്പ് ആരംഭിച്ചു. നാലാം വിക്കറ്റില്‍ 100 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
206 പന്തില്‍ നിന്ന് 45 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം. മറുവശത്ത് രഹാനെ 146 പന്തില്‍ 61 റണ്‍സെടുത്തു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 24-ാം അര്‍ധ സെഞ്ചുറിയാണിത്. ഇരുവരുടേയും വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വന്നു.
മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്ക് വുഡും, രണ്ട് വിക്കറ്റെടുത്ത മൊയീന്‍ അലിയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ തോല്‍വിയൊഴിവാക്കാന്‍ ഇന്ത്യക്ക് ലീഡ് 200 കടത്തേണ്ടത് അത്യവശ്യമാണ്.
Also Read: നായകന്, ഇതിഹാസം, പ്രചോദനം; ധോണി വിരമിച്ചിട്ട് ഒരു വര്‍ഷം