കാഞ്ഞങ്ങാട്: കോണ്‍ഗ്രസിലും ഐ.എന്‍.ടി.യു.സി.യിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കാഞ്ഞങ്ങട്ടെ അഡ്വ. എം.സി. ജോസിനും സ്വതന്ത്ര ഇന്ത്യയുടെ അതേ പ്രായമാണ്. 1947 ഓഗസ്റ്റ് 15-നാണ് ഇദ്ദേഹം ജനിച്ചത്. ‘പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നപ്പോഴും ഈ പിറന്നാള്‍ക്കാര്യം അധികമാര്‍ക്കുമറിയില്ല. ഇതുവരെ വലിയരീതിയില്‍ പിറന്നാളാഘോഷം നടത്തിയിട്ടില്ല. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന കാലത്ത് ഓഗസ്റ്റ് 15-ന് തിരക്കിട്ട പരിപാടികളുണ്ടാകും.
അതുകൊണ്ടുതന്നെ പിറന്നാളിന് ഒരിക്കലും പ്രാധാന്യം കൊടുത്തിരുന്നില്ല. അതുകൊണ്ടുകൂടിയാകാം ഇത്രയും സന്തോഷമുള്ള ഒരുദിവസത്തെ ജനനത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍പോലും അറിയാതിരുന്നത്-ജോസ് പറഞ്ഞു.
ഇക്കുറി ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ പതിവുതെറ്റിച്ചു. അവര്‍ കേക്കുമായെത്തി. കാഞ്ഞങ്ങാട് കോട്ടച്ചേരി കവലയോട് ചേര്‍ന്ന ‘മുകളേല്‍’ വസതിയില്‍ പിറന്നാള്‍കേക്ക് മുറിച്ചു. പരേതരായ എം.ഐ. ചാക്കോയുടെയും അന്നമ്മയുടെയും മൂന്നാമത്തെ മകനാണ് ജോസ്. കോട്ടയം തൈപ്പുഴയിലെ വീട്ടിലായിരുന്നു ജനനം. വളരെ ചെറുപ്പത്തില്‍തന്നെ കാഞ്ഞങ്ങാട്ടെത്തി.
ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനായി. കെ.എസ്.യു.വിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1990-ല്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായി. ദീര്‍ഘകാലം കെ.പി.സി.സി. നിര്വാഹകസമിതിയംഗമായും പ്രവര്‍ത്തിച്ചു. അഞ്ചുകൊല്ലം മുന്‍പ് മറ്റൊരു സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസിലെ സ്ഥാനങ്ങളെല്ലാം രാജിവെച്ചു.
ഐ.എന്‍.ടി.യു.സി. ദേശീയ വര്‍ക്കിങ് കൗണ്‍സില്‍ അംഗമായിരുന്നു. പിന്നീട് ആ സ്ഥാനവും വേണ്ടെന്നുവെച്ചു. അഭിഭാഷകവൃത്തിയില്‍ ഇപ്പോഴും സക്രിയമാണ്. ഭാര്യ ആനിയമ്മ. മക്കള്‍: ജവഹര്‍ ജോസ്, ശരത് ജോസ്, അന്നാ ലക്ഷ്മി.
Content Highlights: Congress Leader M.C. Jose Celebrate His 75th Birthday In Independence Day