തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുമായി ചർച്ച നടത്തി. വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണെന്നും കേരളത്തിലെ കോവിഡ് മരണ നിരക്ക് കുറവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അഭിപ്രായപ്പെട്ടു.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് കേരളത്തിന് ഒരു കോടി 11 ലക്ഷം വാക്സിനെങ്കിലും അനുവദിക്കണമെന്ന ആവശ്യവുമായാണ് സംസ്ഥാനം കേന്ദ്രവുമായി ചർച്ച നടത്തിയത്. ഘട്ടംഘട്ടമായി വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യം വാക്സിൻ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കേരളത്തിന് ആവശ്യമുള്ള വാക്സിൻ നല്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.
എന്നാൽ കോൺടാക്സ് ട്രേസിങ്ങിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും വൈറസ് വ്യാപനത്തെ ചെറുക്കുന്ന നടപടികൾ ഊർജിതമാക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശിച്ചു. കേരളത്തിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ സുഹൃത്തുക്കളിലേക്കും സഹപ്രവർത്തകരിലേക്കും വരെ രോഗം വ്യാപിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബന്ധുക്കളിലേക്കു മാത്രമായി രോഗവ്യാപനം ചുരുക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം ഓർമ്മിപ്പിച്ചു.
Content Highlights: Centre will give more vaccine to Kerala