കോഴിക്കോട്: ഐ.എന്‍.എല്‍ തര്‍ക്കത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബിനെ കൈവിട്ട് ദേശീയ നേതൃത്വം. അധികാരം കിട്ടിയപ്പോള്‍ ചിലര്‍ക്ക് മോഹഭംഗമുണ്ടായെന്നും ആര്‍ക്കും ചര്‍ച്ചയ്ക്കെത്താമെന്നും അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഐ.എന്‍.എല്ലില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഐ.എന്‍.എല്‍ പിളര്‍ന്നിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും മുഹമ്മദ് സുലൈമാന്‍ ചൂണ്ടിക്കാട്ടി.
ഐ.എന്‍.എല്ലിന് കിട്ടിയ മന്ത്രി സ്ഥാനം റിക്രൂട്ടിംഗ് ഏജന്‍സിയല്ല. മന്ത്രിയായ ശേഷം പലരും പല ആവശ്യങ്ങളും ഉന്നയിച്ചു. അത് നടക്കാതെ വന്നപ്പോള്‍ അവര്‍ക്ക് മോഹഭംഗമുണ്ടായി. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മുഹമ്മദ് സുലൈമാന്‍ ചൂണ്ടിക്കാട്ടി. ആരുമായും ചര്‍ച്ചയ്ക്ക് തയ്യറാണ്. ദേശീയ കമ്മിറ്റിയുടേതാണ് പാര്‍ട്ടിയിലെ അവസാന തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
താലിബാന് വിഷയത്തില്‍ നയതന്ത്രപരമായി പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണം. മുന്‍ വിധിയോടെ പ്രശ്നത്തെ കാണരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.