തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ നടപടികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് യോഗത്തില്‍ പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്സിന് വിതരണത്തിലും ദേശീയ ശരാശരിയെക്കാള്‍ കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ നെഗറ്റീവ് വാക്സിന് വേസ്റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പരാമര്‍ശിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയോടൊപ്പം അവലോകനയോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.
രോഗപ്രതിരോധത്തില്‍ കേരളം നടത്തുന്ന ഇടപെടലുകള്‍ – വാക്സിനേഷന്, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റൈന്, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നില്‍ വിശദമാക്കി. സംസ്ഥാനത്തിന്റെ നടപടികളില്‍ കേന്ദ്ര മന്ത്രിയും സംഘവും പൂര്‍ണ തൃപ്തി രേഖപ്പെടുത്തി.
കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് യോഗത്തില്‍ പറഞ്ഞു. വാക്സിന് വിതരണത്തിലും ദേശീയ ശരാശരിയെക്കാള്‍ കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ നെഗറ്റീവ് വാക്സിന് വേസ്റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പരാമര്‍ശിച്ചതായും കേന്ദ്രമന്ത്രി പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി.
കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ സംഘം വളരെ അനുഭാവത്തോടെ സ്വീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന മുഴുവന്‍ വാക്സിനും നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്കി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്സിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.