ലോര്‍ഡ്സില്‍ ടെസ്റ്റ് വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ നായകനാണ് കോഹ്ലി
ലോര്‍ഡ്സില്‍: ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യ ഇന്നലെ ഇതിഹാസം രചിച്ചത് കേവലം കളി മികവുകൊണ്ട് മാത്രമായിരുന്നില്ല. ഇംഗ്ലണ്ട് താരങ്ങളുടെ സ്ലെഡ്ജിങ്, ബോളര്‍മാരുടെ പേസ്, കാണികളുടെ കളിയാക്കല്‍ തുടങ്ങി ഓരോ വെല്ലുവിളികളും അതിജീവിച്ചായിരുന്നു.
മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുത്താണ് നായകന് വിരാട് കോഹ്ലിയുടെ ശീലം. അത് ഇന്ന് ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാരന്റെയും നിലപാട് കൂടിയാണെന്ന് ഇന്നലെ ലോര്‍ഡ്സില്‍ തെളിഞ്ഞു. സമനില കൊണ്ട് തൃപ്തിപ്പെടാത്ത, ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന ഒരു ടീമിനെ ശ്രിഷ്ടിച്ചെടുക്കാന് കോഹ്ലിക്ക് കഴിഞ്ഞു എന്നതാണ് പ്രധാനം.
ഈ ശൈലി കോഹ്ലിയെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയിലേക്കെത്തിച്ചിരിക്കുകയാണ്. ലോര്‍ഡ്സില്‍ ടെസ്റ്റ് വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ നായകനാണ് കോഹ്ലി. 1986 ല്‍ കപില്‍ ദേവും, 2014 ല്‍ എം.എസ്. ധോണിയുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ധോണി നയിച്ച ടീമിന്റെ ഭാഗമായിരുന്നു കോഹ്ലിയും.
ടെസ്റ്റ് ക്രിക്കറ്റില്‍ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ കോഹ്ലിയുടെ 37-ാം ജയമാണിത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലെവ് ലോയിഡിനെ പിന്തള്ളി കൂടുതല്‍ വിജയങ്ങളുള്ള നായകന്മാരുടെ പട്ടികയില്‍ നാലാമതും എത്തി കോഹ്ലി.
ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് (53), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നിവര്‍ മാത്രമാണ് ഇനി ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. ലോര്‍ഡ്സില്‍ പേസ് നിരയുടെ മികവിലാണ് പരമ്പരയിലെ ആദ്യ ജയം ഇന്ത്യ പിടിച്ചെടുത്തത്. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഇന്ത്യ 120 റണ്‍സിലൊതുക്കി.