കോഴിക്കോട്: ‘ഇടയ്ക്കിടെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ട്. ചിലപ്പോള്‍ നാട്ടില്‍നിന്നുള്ള ഒരു വിവരവും ഉണ്ടാവില്ല. ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷം വരെ അവര്‍ സുക്ഷിതരാണെന്ന് വിശ്വസിക്കുന്നു.’ പറയുന്നത് കേരള സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സിലെ അഫ്ഗാന് വിദ്യാര്‍ഥി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഭയങ്ങള്‍ പലതാണ്.
ജനുവരിയില്‍ ഉപരിപഠനത്തിനായി കേരളത്തിലേക്ക് തിരിക്കുമ്പോള്‍ ഒരു നാടുണ്ടായിരുന്നു. മാസങ്ങള്‍ക്കകം നാടും നഗരവും താലിബാന്റെ കൈകളിലായി. ഇപ്പോള്‍ ചുറ്റും വെടിയൊച്ചകളും നിലവിളി ശബ്ദവും മാത്രം. ഏതു നിമിഷവും എന്തും സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് കുടുംബവും കൂട്ടുകാരും.
പതിനഞ്ചോളം അഫ്ഗാന് വിദ്യാര്‍ഥികളുണ്ട് നിലവില്‍ തിരുവനന്തപുരത്തെ കേരളസര്‍വ്വകലാശാല ക്യാമ്പസില്‍. ജനുവരിയില്‍ ഉപരിപഠനത്തിനായി എത്തിയവര്‍.
‘അടുത്ത ബാച്ചില്‍ പ്രവേശനത്തിന് തയ്യാറായി 11 അഫ്ഗാന് വിദ്യാര്‍ഥികളും പട്ടികയിലുണ്ട്. അവര്‍ ഇനി എത്തുമോ എന്നറിയില്ല. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ എങ്ങനെ മടങ്ങുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. പലരും ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്.’ കേരള സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് അധ്യാപകനും സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക് ഡയറക്ടരുമായ ഡോ. സാബു ജോസഫ് പറയുന്നു.
സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനെത്തിയ രണ്ട് പി.ജി. വിദ്യാര്‍ഥികളും പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ അഭയാര്‍ഥി വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ ജമാല്‍ നസീറും തിരുവനന്തപുരം കാമ്പസില്‍ ഉണ്ട്..
ജനുവരിയിലാണ് എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടി അഫ്ഗാന് സ്വദേശി സിദ്ദിഖ് (യഥാര്‍ഥ പേരല്ല) കേരളത്തിലേക്ക് വിമാനം കയറിയത്. നാട്ടില്‍നിന്ന് തിരിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ സുഖകരമായിരുന്നില്ല. ലഷ്കര്‍ ഗാഹ് നഗരത്തിലാണ് സിദ്ദിഖ് താമസിക്കുന്നത്. അവിടെ ഹെല്‍മണ്ട് പ്രവിശ്യയിലെ വീട്ടില്‍ ഇരുപതിലധികം പേരുണ്ട്. പക്ഷേ രണ്ടു ദിവസമായി വീട്ടുകാരെപ്പറ്റി കൃത്യമായ വിവരങ്ങളില്ല. എല്ലാവരും ജീവനോടെയുണ്ടെന്നാണ് വിശ്വാസം.
‘പിതാവ് മിലിട്ടറിയിലായിരുന്നു. മാതാവിന് ജോലിയില്ല. സഹോദരങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. എന്താണ് അവരുടെ അവസ്ഥയെന്നറിയില്ല. ഒരു സഹോദരന്റെ കയ്യില്‍ മാത്രം ഫോണുണ്ട്. അവനുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ട്. വാട്സാപ്പ് വഴിയുള്ള ചാറ്റിങ്.’
തന്റെ മടങ്ങിവരവും കാത്ത് ഇനി അവരില്‍ ആരൊക്കെ വീട്ടുമുറ്റത്തുണ്ടാകുമെന്ന് അറിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം വീടും മുറ്റവും ബാക്കിയാകുമോ എന്നുപോലും പറയാനാവില്ല.
‘ഇനി ഞങ്ങള്‍ക്കൊന്നും ശബ്ദിക്കാനാവില്ല. മിണ്ടാതെ അവരെ കേള്‍ക്കേണ്ടിവരും. എതിര്‍ത്താല്‍ അവര്‍ ചിലപ്പോള്‍ കൊന്നുകളഞ്ഞേക്കും.’ സിദ്ദിഖിന്റെ വാക്കുകളില്‍ നടുക്കം മാത്രം ബാക്കിയാവുന്നു. അമേരിക്കന്‍ സൈനിക സാന്നിധ്യത്തിലും സിദ്ദിഖും തന്റെ ആളുകളും തൃപ്തരായിരുന്നില്ല. ഒരു സര്‍ക്കാരിന്റെ സുരക്ഷിതത്വത്തിനു കീഴില്‍ സമാധാനത്തോടെ ഉറങ്ങിയ രാത്രികള്ഓര്മ്മകളില് ചുരുക്കമാണ്.
‘അഫ്ഗാന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നില്ല കാര്യങ്ങള്‍. സര്‍ക്കാരിന് കൂടുതല്‍ അധികാരം ഉണ്ടായിരുന്നെങ്കില്‍ സാഹചര്യങ്ങള്‍ അല്പം കൂടി വ്യത്യസ്തമാകുമായിരുന്നു. സര്‍ക്കാരും അഴിമതിയില്‍ മുങ്ങി. അഫ്ഗാനിസ്ഥാനെ വല്ലാത്ത സാഹചര്യത്തില്‍ എത്തിച്ചാണ് അമേരിക്ക മടങ്ങിയത്. ഇപ്പോള്‍ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായി.’ സിദ്ദിഖിന്റെ വാക്കുകള്‍ മുറിഞ്ഞുപോയി.
ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള താലിബാന് ഭരണത്തെപ്പറ്റി രക്ഷിതാക്കള്‍ പറഞ്ഞ് സിദ്ദിഖ് കേട്ടിട്ടുണ്ട്. ‘കുട്ടികള്‍ക്ക് സ്കൂളില്‍ പോലും പോകാന്‍ കഴിയാതെ, സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത ആ ദിവസങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ കേരളത്തില്‍ ആയതില്‍ സമാധാനമുണ്ട്. പക്ഷേ മനസ് കലുഷിതമാണ്. വീട്ടിലെ കാര്യങ്ങള്‍ ഓരോ നിമിഷവും എന്താകുമെന്നറിയില്ല.’
ജന്മനാട്ടിലെ നിലവിലെ സാഹചര്യങ്ങളോട് ഒന്നാംവര്‍ഷ എം.ബി.എ വിദ്യാര്‍ഥി നസീറിന്റെ (യഥാര്‍ഥ പേരല്ല) പ്രതികരണത്തില്‍ ഭയവും നിരാശയും നിറഞ്ഞുനിന്നിരുന്നു.
‘താലിബാന് വിഷയങ്ങളൊന്നും ഞങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ഈ സാഹചര്യം എന്താണെന്ന് എനിക്കറിയില്ല. അഫ്ഗാന് ജനങ്ങളെ ഉപേക്ഷിച്ച് പ്രസിഡന്റ് പോയി. എനിക്ക് രാഷ്ട്രീയം അറിയില്ല. താലിബാനുമായി സര്‍ക്കാരിനുള്ള ബന്ധമറിയില്ല. അജണ്ടകള്‍ അറിയില്ല. എന്റെ വേദനകള്‍പോലും ആരോടും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. സമാധാനത്തോടെ ജീവിച്ചാല്‍ മതി’.
‘വാര്‍ത്തകളില്‍ കാണുന്നതാണ് സാഹചര്യം. വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാബൂളിലാണ് എന്റെ വീട്. വീട്ടില്‍ ഞങ്ങള്‍ ഏഴു പേരുണ്ട്. അമ്മ, അച്ഛന്, സഹോദരി, രണ്ട് സഹോദരങ്ങള്‍, അതില്‍ ഒരാളുടെ ഭാര്യയും. അച്ഛന് നേരത്തേ മരിച്ചു. ഒരു സഹോദനു ജോലി ഉണ്ടായിരുന്നു. അടുത്തിടെ അതും പോയി. ഇപ്പോള്‍ ആര്‍ക്കും ജോലിയില്ല.’
രാജ്യം വിടാന്‍ കുടുംബം ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നസീര്‍ പറഞ്ഞത് മറുപടിയായിരുന്നില്ല, പകരം മറ്റൊരു ചോദ്യമായിരുന്നു. ‘എങ്ങോട്ടാണ് ഞങ്ങള്‍ പോവുക? ചുറ്റും താലിബാന്റെ ആള്‍ക്കാരാണ്. പുറത്തേക്ക് വിമാനങ്ങളില്ല. എല്ലാം നിര്‍ത്തലാക്കി.’ ഒരു ജനതയെ തോക്കിന് മുനയില്‍ നിര്‍ത്തുന്ന താലിബാനോടും അഫ്ഗാനെ കെടുതികള്‍ക്കു നടുവിലുപേക്ഷിച്ചു മടങ്ങിയ അമേരിക്കയോടും നിശബ്ദത പാലിക്കുന്ന അന്താരാഷ്ട്ര മൂഹത്തോടുമാണ് ചോദ്യം.
‘ജനുവരിയില്‍ സാഹചര്യങ്ങള്‍ സമാധാനപരമായിരുന്നു. ഇപ്പോള്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ വരെ വലിയ പ്രയാസമാണ്. പലപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനില്ല. പല ആപ്ലിക്കേഷനുകളും നിരോധിച്ചു. വാട്സാപ്പും വൈകാതെ കിട്ടാതാകും.’ നസീര്‍ പറയുന്നു.
കേരളത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിയാലും തന്റെ യോഗ്യതകള്‍ പരിഗണിച്ച് അവിടെ ജോലി ലഭിക്കുമോ എന്നുപോലും ഉറപ്പില്ല. ‘കോഴ്സ് കഴിഞ്ഞയുടനെ നാട്ടിലേക്കു മടങ്ങണം. വിസ കാലാവധി തീര്‍ന്നാല്‍ ഇവിടെ നില്ക്കാന് പറ്റില്ലല്ലോ. പോകാന്‍ വേറെ സ്ഥലമില്ല. വീട്ടുകാരെ കാണണം. അവരെ സുരക്ഷിതരാക്കണം. അല്ലെങ്കില്‍ ഞാന്‍ അവര്‍ക്കൊപ്പമുണ്ടാകണം.’ ആ ഇരുപതുകാരന് പറയുന്നു.
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് ജമാല്‍ നസീര്‍ കൊഹിസ്താനി കേരളത്തിലെത്തിയത്. ഗവേഷണം തുടങ്ങിയിട്ട് ഒരു വര്‍ഷമായി. വിഷയം അഭയാര്‍ഥി പ്രശ്നങ്ങള്‍. പലായനവും പുറത്താക്കപ്പെടലും കണ്മുന്നിലെ കാഴ്ചകളായിരുന്നപ്പോള് മറ്റെന്താണ് പഠനവിഷയമാക്കാന്‍ കഴിയുക?
‘നാട്ടിലെ സ്ഥിതി അസന്തുലിതാവസ്ഥയിലാണ്. സുരക്ഷാ പ്രശ്നങ്ങളുണ്ട്. വീട്ടുകാരുമായി ഇടയ്ക്കിടെ ബന്ധപ്പെടാന്‍ കഴിയുന്നുണ്ട്. ചിലപ്പോഴൊന്നും വൈദ്യുതി ഉണ്ടാകാറില്ല. റീചാര്‍ജ്ജ് ചെയ്യാനായി പുറത്തിറങ്ങാനും പറ്റുന്നില്ല. കേരളത്തിലേക്ക് വരുന്നതിനു മുമ്പ് സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ഇടയ്ക്കിടെ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടാകുമെന്നു മാത്രം.’
വീട്ടില്‍ ആരും സര്‍ക്കാര്‍ ജോലിയില്ലെന്നതാണ് വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ആശ്വാസം. ഉണ്ടായിരുന്നെങ്കില്‍ എപ്പഴേ താലിബാന്റെ തോക്കിന് മുനയില്‍ പിടഞ്ഞേനെ അവരുടെ ജീവന്. ‘പിതാവിന് ബിസിനസാണ്. മാതാവ് പ്രൈവറ്റ് സ്കൂളിലെ ടീച്ചറും.അതാണ് ഒരു ആശ്വാസം’
പഠനവിഷയം അന്താരാഷ്ട്ര ബന്ധങ്ങള്‍ ആയതുകൊണ്ടുതന്നെ ജമാല്‍ കാര്യങ്ങള്‍ കാണുന്നത് ആഗോള തലത്തിലാണ്.
‘പറഞ്ഞതിലും വേഗമുള്ള അമേരിക്കയുടെ പിന്മാറ്റമാണ് താലിബാന് ശക്തി നല്‍കിയത്. പ്രസിഡന്റ് അഷ്റഫ് ഗനി എന്തിന് രാജ്യം വിട്ടെന്നറിയില്ല. അതിനെ ഒരിക്കലും പന്തുണയ്ക്കാനാവില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നാണ് താലിബാന്റെ വാദം. സ്ത്രീകളെ ജോലിക്കു പോകാന്‍ അനുവദിക്കുമെന്നും പറയുന്നുണ്ട്. എല്ലാം തുടക്കത്തില്‍ ജനങ്ങളെ കയ്യിലെടുക്കാനുള്ള അവരുടെ തന്ത്രങ്ങളാകും. അത് പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ല.’ ജമാലിന് ആശങ്കകള്‍ ഒരുപാടുണ്ട്.
എങ്കിലും താലിബാനുമേല്‍ ഒരിറ്റു പ്രതീക്ഷ വച്ചുപുലര്‍ത്താനും ജമാലിനു തോന്നുന്നു. ‘വര്‍ഷങ്ങള്‍ക്കു മുമ്പ് ഭരണത്തിലിരുന്ന പരിചയമുണ്ട് താലിബാന്. അന്താരാഷ്ട്ര സമൂഹത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ചിലപ്പോള്‍ കടുത്ത നയങ്ങളില്‍ അവര്‍ അയവു വരുത്തിയേക്കും.’ ജമാല്‍ പറയുന്നു.
‘സ്ത്രീകളുടെ സാമൂഹ്യ ജീവിതം ഇനി എങ്ങനെ മാറും എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്.
ഗവേഷണത്തിനു ശേഷം എന്റെ രാജ്യത്തിനുവേണ്ടി ജോലി ചെയ്യണമെന്നാണ് ആഗ്രഹം. എന്റെ ജനങ്ങള്‍ക്കു വേണ്ടതെല്ലാം ചെയ്യണം. പക്ഷേ, സാഹചര്യങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ അങ്ങോട്ടു മടങ്ങില്ല. വര്‍ക്ക് വിസയ്ക്ക് ശ്രമിക്കേണ്ടിവരും. ഏതെങ്കിലും രാജ്യത്ത് അഭയാര്‍ഥി ആയി കഴിയേണ്ടിയും വന്നേക്കും.’ ജമാല്‍ നസീര്‍ കൊഹിസ്താനി പറയുന്നു.
Content Highlights: What next? dilemma remains among afghan students in Kerala