മാതമംഗലം(കണ്ണൂര്‍): കണ്ണൂര്‍ മാതമംഗലത്ത് സാധനങ്ങള്‍ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ കടയുടമകളെ മര്‍ദിച്ചതായി പരാതി.
മാതമംഗലത്തെ എസ്.ആര് അസോസിയേറ്റ്സ് ഉടമ റബി മുഹമ്മദ്, സഹോദരന് റാഫി എന്നിവരെയാണ് ആക്രമിച്ചത് . സ്വന്തമായി സാധനങ്ങള്‍ ഇറക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.
എന്നാല്‍ കടയുടമകള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രണ്ട് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പ്രദേശത്ത് നോക്കുകൂലി ആവശ്യപ്പെട്ടുള്ള സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണിക്കെതിരെ വ്യാപാരികളും രംഗത്ത് വന്നിട്ടുണ്ട്.
കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കാന്‍ ഇവര്‍ കോടതിയുടെ അനുമതി വാങ്ങിയിരുന്നു. നോക്കുകൂലി വാങ്ങുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കുകയും ഹൈക്കോടതി ഉത്തരവിറക്കി തടഞ്ഞതുമാണ്.