കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാതി പറഞ്ഞ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയ്ക്കെതിരേ ഒടുവില്‍ ലീഗിന്റെ നടപടി. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഔദ്യോഗികമായ അറിയിപ്പ് നല്കി. പ്രശ്നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.
ഹരിത ഭാരവാഹികള്‍ ആരോപണമുന്നയിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിണ്ട്. പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗില്‍ ധാരണയായത്.
പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ കടുംപിടിത്തം തുടര്‍ന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തില്‍ പി.കെ നവാസ് ഹരിതയിലെ പെണ്‍കുട്ടികളോട് മോശമായ രീതിയിൽ സംസാരിച്ചതാണ് വിവാദമായത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.