കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനും ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബിനുമെതിരേ പോലീസ് കേസെടുത്തതിന് പിന്നാലെ പി.കെ നവാസിനെതിരേ പ്രതികരണവുമായി ഒരു വിഭാഗം നേതാക്കള്‍.
ഒന്നോ രണ്ടോ പേര് ചെയ്യുന്ന തെറ്റായ കാര്യത്തിന്റെ പേരില്‍ സംഘടനയെ ഒന്നാകെ കുറ്റപ്പെടുത്തരുതെന്നും ഹരിതയുടെ പരാതിയില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചില വ്യക്തികളുടെ പരാമര്‍ശത്തില്‍ എം.എസ്.എഫിനെ ഒന്നാകെ സ്ത്രീവിരുദ്ധരെന്നും പെണ്‍കുട്ടികള്‍ക്ക് പ്രാതിനിധ്യം നല്‍കാത്ത സംഘടനയാണ് എം.എസ്.എഫ് എന്നും പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇതില്‍ നിന്ന് മാധ്യമങ്ങളും മറ്റും പിന്മാറണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.
പരാതി പിന്‍വലിക്കാത്തില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ഇത് സംഘടനാ പരമായ തീരുമാനമാണെന്നും ഹരിതയെ പിരിച്ച് വിട്ടിട്ടില്ലെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. ഹരിത നേതാക്കള്‍ പാര്‍ട്ടിയില്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടിയുണ്ടാകും. രണ്ടാഴ്ചയ്ക്കുളളില്‍ വിശദീകരണം നല്‍കണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും ലത്തീഫ് പറഞ്ഞു.