ആദർശ് നഗറിലെ രാജ്കിയ ബാൽ വിദ്യാലയയുടെ പേര് ഇനി മുതൽ രവി ദഹിയ ബാൽ വിദ്യാലയ എന്ന് അറിയപ്പെടും
ന്യൂഡൽഹി: ഒളിംപിക് മെഡൽ ജേതാവ് രവി ദഹിയക്ക് ആദരസൂചകമായി ഡൽഹിയിലെ സർക്കാർ സ്കൂളിന്റെ പേര് മാറ്റി. ആദർശ് നഗറിലെ രാജ്കിയ ബാൽ വിദ്യാലയയുടെ പേര് ഇനി മുതൽ രവി ദഹിയ ബാൽ വിദ്യാലയ എന്ന് അറിയപ്പെടും. സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് രവി.
‘കഠിന പരിശ്രമത്തിലൂടെ ഡൽഹി സർക്കാർ സ്കൂളിലെ ഒരു വിദ്യാർത്ഥി രാജ്യത്തിന്റെ തന്നെ അഭിമാനമായിരിക്കുന്നു, ” ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സാമ്പത്തികമായി ഒരുപാട് സഹായങ്ങൾ ഡൽഹി സർക്കാർ തന്റെ വളർച്ചയിൽ ചെയ്തിട്ടുണ്ടെന്ന് രവി പ്രതികരിച്ചു.
പരിശീലനം, പരിശീലകർ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയെല്ലാം ദഹിയക്ക് ലഭിച്ചിരുന്നത് ഡൽഹി സർക്കാരിന്റെ മിഷൻ എക്സലൻസ് എന്ന പദ്ധതിയിലൂടെയായിരുന്നു.
“ഡൽഹി സർക്കാർ സ്കൂളിലെ പൂർവ വിദ്യാർത്ഥി ഇന്ത്യക്കായി ഒളിംപിക് മെഡൽ നേടി എന്നത് അഭിമാനം തരുന്ന ഒന്നാണ്. ദഹിയയുടെ വലിയ ചിത്രവും സ്കൂളിൽ സ്ഥാപിക്കും. വരും തലമുറയുടെ സ്വപ്നങ്ങൾക്ക് അത് വലിയ ഊർജം പകരും,” ദഹിയയെ ആദരിച്ച ചടങ്ങിൽ മനീഷ് സിസോദിയ കൂട്ടിച്ചേർത്തു.
“എല്ലാ തലങ്ങളിലും കായിക ഇനങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഡൽഹി സർക്കാർ സ്വീകരിച്ചു വരുന്നത്. ഡൽഹി സ്പോർട്സ് സർവകലാശാലക്ക് പുറമെ പുതിയ സ്കൂളും ആരംഭിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനാണ് പുതിയ സ്കൂൾ. അടുത്ത അദ്ധ്യയന വർഷം മുതൽ അഡ്മിഷൻ ആരംഭിക്കും,” അദ്ദേഹം പറഞ്ഞു.
പഠനത്തിന് നൽകുന്ന പ്രാധാന്യം കായികത്തിന് നൽകുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. സ്പോർട്സിൽ മികവ് തെളിയിക്കുന്ന താരങ്ങളെ വളർത്തിയെടുക്കാൻ മൂന്ന് തലത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും സിസോദിയ പറഞ്ഞു.
Also Read: റയല്‍ എന്നും ഹൃദയത്തില്‍; മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ