Curated by Lijin K | Samayam Malayalam | Updated: Aug 18, 2021, 1:19 PM
ജേജു ദ്വീപിലെ താമസക്കാരൻ
ദക്ഷിണ കൊറിയക്കാരനായ ജേജു ദ്വീപ് നിവാസിയാണ് സെക്കൻഡ് ഹാൻഡ് റഫ്രിജറേറ്ററിനുളളിൽ നിന്ന് ലക്ഷങ്ങളുടെ നോട്ടുകൾ കണ്ട് അമ്പരന്നിരിക്കുന്നത്. സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ് റഫ്രിജറേറ്ററിന്റെ താഴെ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. കൊറിയൻ കറൻസിയായ വോണിന്റെ കെട്ടുകളാണ് ഇത്തരത്തിൽ ഉണ്ടായത്. ഫ്രിഡ്ജിനടിയിൽ ഇത്തരത്തിൽ ഏകദേശം 96 ലക്ഷത്തോളം രൂപയാണ് ഉണ്ടായിരുന്നത്.
പോലീസിനെ വിളിച്ച് യുവാവ്
സെക്കൻഡ് ഹാൻഡ് ഫ്രിഡ്ജിനടിയിൽ ഇത്രയേറെ തുക കണ്ടതോടെ യുവാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഫ്രിഡ്ജ് ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചയാളെ കണ്ടെത്താനും ഇത് ഡെലിവറി ചെയ്തയാളെ കണ്ടെത്തി അവരുടെ പങ്കും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്.
പോലീസിനെ അറിയിച്ച വ്യക്തിക്കും പണത്തിന്റെ പങ്ക്
ഇത്രയധികം പണം തന്റെ കൈവശം ലഭിച്ചിട്ടും പോലീസിനെ വിളിച്ച് അത് കൈമാറുകയാണ് ഫ്രിഡ്ജ് വാങ്ങിയ ആൾ ചെയ്തത്. അതേസമയം ഈ വ്യക്തിക്കും പണത്തിന്റെ ഒരു പങ്ക് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദക്ഷിണ കൊറിയയിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് നിയമപ്രകാരം പോലീസിന് പണത്തിന്റെ ഉടമയെ കണ്ടത്താന്‍ സാധിച്ചില്ലെങ്കില്‍, പണം കണ്ടെത്തിയ ആൾക്ക് അത് സൂക്ഷിക്കാൻ കഴിയും. പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയാണെങ്കിലും ഇയാൾക്ക് ഇതിൽ നിന്ന് ഒരു വിഹിതം ലഭിക്കും.
കുറ്റകൃത്യവുമായി ബന്ധപ്പെട്ടതെങ്കിൽ ലോ എൻഫോഴ്സ്മെന്റിന്
ഇപ്പോൾ കണ്ടെത്തിയ പണം ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുകയാണെങ്കിൽ, മുഴുവന്‍ തുകയും ദക്ഷിണ കൊറിയയുടെ ലോ എൻഫോഴ്സ്മെന്റ് ഏജൻസികളിലേക്കാണ് പോവുക. അതേസമയം അഞ്ച് വർഷം മുന്നേ പുറത്തുവന്ന കൊറിയ ടൈംസ് റിപ്പോർട്ടുകൾ പ്രകാരം നാട്ടുകാർ ഇത്തരത്തിൽ പണം സൂക്ഷിക്കുന്ന രീതി പതിവായിരുന്നു. പലിശാ നിരക്കുകളില്‍ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ആളുകൾ ഇത്തരത്തിൽ പണം സൂക്ഷിക്കാൻ തുടങ്ങിയതെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്.
(Representative images)
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : south korean man finds rs 96 lakh taped under his second-hand refrigerator
Malayalam News from malayalam.samayam.com, TIL Network