ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ ക്ലാസ്സിനകത്തും പുറത്തും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം.
ദോഹ: ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ വേനലവധി അവധി കഴിഞ്ഞ് ആഗസ്ത് 29ന് പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുമ്പോള്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ പഠനരീതിയും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂള്‍ കെട്ടിടത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ശരാശരി 50 ശതമാനം കുട്ടികള്‍ നേരിട്ട് ക്ലാസ്സില്‍ ഹാജരാവുന്ന രീതിയില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും സംവിധാനങ്ങള്‍ ഒരുക്കണമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കി.
പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ അക്കാദമിക വര്‍ഷത്തില്‍ സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും പാലിക്കേണ്ട വിശദമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഡോ, മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി പ്രഖ്യാപിച്ചു. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ ക്ലാസ്സിനകത്തും പുറത്തും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാലയങ്ങളില്‍ പാലിക്കപ്പെടേണ്ട മറ്റു മുന്‍കരുതല്‍ നടപടികള്‍ ഇവയാണ്:
– കുട്ടികളെ 15 പേരുള്ള ഗ്രൂപ്പുകളായി തിരിക്കുകയും ക്ലാസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കുകയും ചെയ്യണം.
– സ്കൂള്‍ ബസ്സുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ കുട്ടികളെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യാവൂ.
ഹാജര്‍ ഇളവ് നല്ക്കുന്നത് ഇവര്‍ക്ക്
– കുട്ടികളുടെ 15 അംഗ ഗ്രൂപ്പുകളില്‍ ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ മറ്റ് ഗ്രൂപ്പിലുള്ളവരുമായി കൂടിക്കലരുന്നത് ഒഴിവാക്കുന്ന വിധത്തില്‍ ബബ്ള് സംവിധാനം ശക്തിപ്പെടുത്തണം. ക്ലാസ്സ് മുറിയിലും സ്കൂളില്‍ പ്രവേശിക്കുന്ന സമയത്തും പുറത്തുപോകുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.
– സ്കൂളില്‍ വരാന്‍ പറ്റാത്ത രീതിയിലുള്ള രോഗമുള്ളവര്‍ക്ക് ഹാജര്‍ നിബന്ധനയില്‍ ഇളവ് നല്‍കും. അവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം. എന്നാല്‍ നേരിട്ടുള്ള ക്ലാസ്സില്‍ പങ്കെടുക്കാന്‍ പ്രയാസമുള്ള വിദ്യാര്‍ഥികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
– ഇടവേളയില്‍ ക്ലാസ്മുറി വിട്ട് പുറത്തു പോവാന്‍ പാടില്ല. ഭക്ഷണം ക്ലാസ്മുറിക്കകത്ത് തന്നെ കഴിക്കണം
– രാവിലത്തെ അസംബ്ലികള്‍, പഠനയാത്ര, ക്യാമ്പുകള്‍, ആഘോഷങ്ങള്‍ പോലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇവ ഓണ്‍ലൈനായി നടത്തുന്നതില്‍ തെറ്റില്ല.
– വാര്‍ഷിക, സെമസ്റ്റര്‍ പരീക്ഷകളില്‍ കുട്ടികള്‍ സ്കൂളില്‍ നേരിട്ട് തന്നെ പങ്കെടുക്കണം.
– ടെക്ക്നിക്കല്‍ സ്കൂളുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള വിദ്യാലയങ്ങള്‍, വില്ലേജ് സ്കൂളുകള്‍ എന്നിവയ്ക്കും ഇതേനിയമങ്ങള്‍ ബാധകമാണ്.
– കുറഞ്ഞ വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്കൂളുകളില്‍ 100 ശതമാനം ഹാജര്‍ അനുവദനീയമാണ്. എന്നാല്‍, ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാര്‍ഥികള്‍, 1.5 മീറ്റര്‍ അകലം എന്നീ നിബന്ധനകള്‍ പാലിക്കണം.
വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ്
കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുന്തി പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങളെന്നും മന്ത്രി വ്യക്തമാക്കി. ഖത്തറിലെ വിദ്യാലയങ്ങളില്‍ 94 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകരും ജീവനക്കാരും വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. പൂര്‍ണമായും വാക്സിനെടുക്കാത്തര് ആഴ്ച തോറുമുള്ള റാപിഡ് ടെസ്റ്റിന് വിധേയരാവണം. പൂര്‍ണ വാക്സിനേഷന് ലഭിച്ചവരും കൊവിഡ് മുക്തി നേടിയവരും പരിശോധന നടത്തേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : schools to continue blended learning for academic year 20212022
Malayalam News from malayalam.samayam.com, TIL Network