സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം.എസ്.എഫും-വനിതാ വിഭാഗമായ ഹരിതയും തമ്മിലുള്ള പോര് ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പരാതിക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ആരോപണ വിധേയരായവരോട് വിശദീകരണം മാത്രം ചോദിക്കുകയും ചെയ്ത മുസ്ലീം ലീഗിന്റെ നിലപാട് സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടുന്നത്. ഹരിത അച്ചടക്കം ലംഘിച്ചുവെന്ന് മുസ്ലീം ലീഗ് നിലപാടെടുത്തതോടെ ഹരിതയുടെ പ്രവര്‍ത്തനം തന്നെ മരവിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയി. എം.എസ്.എഫ് നേതൃത്വം പല തട്ടിലായി പലരും പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തി. ഈയൊരു സാഹചര്യത്തില്‍ പ്രഥമ ഹരിത ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ.ഫാത്തിമ തഹ്ലിയ സംസാരിക്കുന്നു.
വാദി പ്രതിയാവുന്ന കാര്യത്തിലേക്കാണ് കാര്യങ്ങള്‍ പോയിരിക്കുന്നത്. പരാതിപ്പെട്ടവര്ക്കെതിരേ നടപടിയും ആരോപണ വിധേയരായവരോട് വിശദീകരണവുമാണ് ലീഗ് ചോദിച്ചിരിക്കുന്നത്, അതിനെ എങ്ങനെ നോക്കി കാണുന്നു?
ഹരിതയിലെ പത്ത് പെണ്‍കുട്ടികളാണ് നിലവിലെ വിവാദവുമായി ബന്ധപ്പെട്ട പരാതി വനിതാ കമ്മീഷന് നല്‍കിയിരിക്കുന്നത്. പല തവണ മുസ്ലീം ലീഗ് നേതൃത്വത്തോടും പലരുടേയും വീട്ടിലടക്കം നേരിട്ട് പോയി ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ സംസാരിച്ചതാണ്. പാര്‍ട്ടി വേദികളിലും ഒടുവില്‍ വനിതാ കമ്മീഷനിലുമല്ലാതെ ഇന്നുവരെ ഈ പത്ത് പെണ്‍കുട്ടികളും ഒരക്ഷരം മിണ്ടിയിട്ടില്ല. ഞങ്ങള്‍ പിടിച്ച കൊടി തെറ്റായിരുന്നില്ലെന്ന് ഉറച്ച വിശ്വാസമുള്ളത് കൊണ്ട് തന്നെ നടപടിയുണ്ടാകുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഇപ്പോഴും പ്രതീക്ഷിക്കുന്നത് അങ്ങനെ തന്നെയാണ്. പക്ഷെ എന്തുകൊണ്ടാണ് എന്നറിയില്ല പരാതിയില്‍ പാര്‍ട്ടി നിലപാടെടുക്കാന്‍ ഏറെ വൈകി. ഇത് ആ പെണ്‍കുട്ടികള്‍ക്ക് വലിയ വിഷമവും പ്രയാസവുമുണ്ടാക്കി. തുടര്‍ന്നാണ് വനിതാകമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചത്. പക്ഷെ പാര്‍ട്ടിയില്‍ നിന്ന് അവസാന തീരുമാനം വന്നിരിക്കുന്നത് ഹരിതയെ മരവിപ്പിച്ച് കൊണ്ടും ആരോപണ വിധേയരായവരോട് വിശദീകരണം ചോദിച്ച് കൊണ്ടുമാണ്. ഈയൊരു തീരുമാനത്തില്‍ ഏറെ വിഷമവും സങ്കടവുമുണ്ട്. ഇത് പാര്‍ട്ടിയില്‍ ഇനിയും ഉന്നയിക്കുകയും ചെയ്യും.
വനിതാ കമ്മീഷനിലേക്ക് പോയതല്ലേ നടപടയിലേക്ക് എത്തിച്ചത്?
ഒരു വ്യക്തിയുടെ മൗലീകാവകാശമാണ് അല്ലെങ്കില്‍ മനുഷ്യാവകാശമാണ് നിയമസംവിധാനത്തെ സമീപിക്കുകയെന്നത്. അത് തെറ്റായി പോയെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം പോലും രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇതില്‍ അദ്ദേഹത്തോട് ഞങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. വനിതാകമ്മീഷനില്‍ കാര്യങ്ങള്‍ എത്തിയത് സ്വാഭാവികമായിട്ടും പെണ്‍കുട്ടികളുടെ നിരന്തരമായിട്ടുള്ള അസ്വസ്ഥതകളും പ്രയാസങ്ങളും കൊണ്ടാണ്. പാര്‍ട്ടി വേദികളില്‍ പറഞ്ഞ് കഴിഞ്ഞിട്ടും നടപടി വൈകിയതില്‍ അവര്‍ മാനസികമായി പ്രയാസപ്പെട്ടു. പക്ഷെ ഇതിന്റെ പേരില്‍ ഞാനടക്കമുള്ള പെണ്‍കുട്ടികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോലും തെറ്റായ പ്രചരണം നടക്കുന്നു. വ്യക്തിഹത്യയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഞങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരുപാട് രക്ഷിതാക്കളുണ്ട്. സഹോദരങ്ങളുണ്ട്. അവരെല്ലാം വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ പാര്‍ട്ടിയുടെ കൊടിപിടിക്കാന്‍ ഞങ്ങളെ വിട്ടത്. അതുകൊണ്ട് ഇതില്‍ ഇത്തരം പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കണം. പാര്‍ട്ടി സംവിധാനത്തില്‍ വിശ്വാസമുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഒരു നടപടി ലീഗില്‍ നിന്ന് ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഹരിത ഇതുവരെ എന്ത് ചെയ്തുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും പലരും ചോദിക്കുന്നത്?
ഹരിത എന്താണ് ചെയ്യുന്നത് എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അടക്കം ചോദിച്ച് കൊണ്ടിരിക്കുന്നത്. പിന്നെ പാര്‍ട്ടിക്ക് തലവേദനയായല്ലോ എന്ന ചോദ്യങ്ങളും പരാമര്‍ശങ്ങളും ഉയരുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വേദനയും പ്രതിഷേധവുമുണ്ട്. ഹരിത രൂപീകരിച്ചിട്ട് ഇത് മൂന്നാമത്തെ ജനറേഷനാണ്. ഇതുവരെ ക്യാമ്പസുകള്‍ക്ക് അകത്തും പുറത്തും വിദ്യാര്‍ഥിനികളുടെ ശബ്ദമായി മാറാന്‍ ഹരിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു വ്യക്തി രണ്ട് വ്യക്തി എന്നതിനപ്പുറം കാണാമറയത്തുള്ള പെണ്‍കുട്ടികളുടെ ശബ്ദമായിരുന്നു ഹരിത. പി.കെ ഫിറോസ്, ടി.പി അഷ്റഫലി എന്നിവരുടെ കമ്മിറ്റിയിലാണ് ഹരിത ആദ്യം വരുന്നത് ഞാന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഹരിത രൂപീകരിച്ചതിന് ശേഷം പലകോളേജുകളിലും എം.എസ്.എഫിന് പ്രാതിനിധ്യമില്ലാത്ത സ്ഥലത്ത് പോലും എം.എസ്.എഫിനെ നയിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞു. സെനറ്റിലേക്ക് വരെ തിരഞ്ഞെടുക്കപ്പെട്ടു. ഇതൊക്കെ ഹരിതയുടെ പ്രവര്‍ത്തനം കൊണ്ട് തന്നെയാണ്.
പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലേ?
വിഷയം ഉണ്ടായപ്പോഴല്ലാം ഹരിതയെ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ ചിലര്‍ പെണ്‍കുട്ടികള്‍ക്കെതിരേ നീചമായിട്ടുള്ള വ്യക്തിഹത്യകളും ഇല്ലാ കഥകളും മോശം പരാമര്‍ശങ്ങളും നടത്തുന്നു. പലരും വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്ന് പോവുന്നത്. പ്രശ്നം നീതിയുക്തമായിട്ടുള്ള രൂപത്തില്‍ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ തന്നെ സംഭവിക്കും. എന്തുവന്നാലും എന്ത് തീരുമാനമുണ്ടായാലും ആ പത്ത് പെണ്‍കുട്ടികളുടെ വേദനയില്‍ അവരെ ചേര്‍ത്ത് നിര്‍ത്തും. ഈ നിമിഷം വരെ പൊതുമധ്യത്തില്‍ ഒന്നും സംസാരിച്ചിട്ടില്ല അവരാരും. അത് പലരും അവരെ അധിക്ഷേപിക്കാനും ഇല്ലാ കഥകള്‍ പ്രചരിപ്പിക്കാനുമുള്ള അവസരമായിട്ടാണ് ഉപയോഗിക്കുന്നത്. സ്ത്രീകളുടെ കടന്ന് വരവിനെ പ്രോത്സാഹിപ്പിക്കാന്‍ താല്പര്യമില്ലാത്തവരാണ് ഇതിന് പിന്നില്‍.
നിങ്ങളുടെ ഭാഗം കേള്‍ക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലേ?
മിണ്ടാതിരുന്നിട്ടും നടപടിയുണ്ടായതിലാണ് സങ്കടം. ആ നടപടിയില്‍ വലിയ പ്രയാസമുണ്ട്, നിരാശയുണ്ട് അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇനിയും പറയും. പാര്‍ട്ടിയില്‍ ഞങ്ങളുള്‍പ്പെടെ ആരും ചെറുതല്ല എന്നതാണ് ആശയം. പരാതി പറഞ്ഞ പത്ത് കുട്ടികളുടെ നിലപാട് എന്താണ് എന്നതിനോട് ചേര്‍ന്നിരിക്കും മറ്റ് തീരുമാനങ്ങളും. ആരും ഒറ്റപ്പെട്ട് പോവില്ലെന്ന് ഉറപ്പുണ്ട്.