തൃശ്ശൂര്‍: സാഹിത്യകാരനും മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററുമായ കരൂര്‍ ശശി (82) തൃശ്ശൂര്‍ കോലഴിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.
തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ. രാഘവന് പിള്ളയുടേയും ജി. മാധവിയമ്മയുടേയുും മകനായ കരൂര്‍ ശശി 1939 മാര്‍ച്ച് 13-നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകന്, പ്രസംഗകന് എന്നീ നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ഗദ്യസമാഹാരവും വിവര്‍ത്തനകൃതിയും അദ്ദേഹത്തിന്റേതായുണ്ട്.
കോളേജ് പഠനകാലത്തേ പത്രപ്രവര്‍ത്തകനായ അദ്ദേഹം പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1980-ല്‍ മാതൃഭൂമി തിരുവനന്തപുരം എഡിഷന് തുടങ്ങിയപ്പോള്‍ അവിടെ ചേര്‍ന്നു. 21 വര്‍ഷം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു.
ആദ്യഭാര്യയായിരുന്ന പ്രശസ്ത എഴുത്തുകാരി പി.ആര്. ശ്യാമളയുടെ സ്മരണയ്ക്കായി സ്ത്രീ സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ച ‘ശ്യാമപക്ഷം’ എന്ന കവിത ശ്രദ്ധ നേടിയിരുന്നു. ശ്യാമപക്ഷം എന്ന കാവ്യസമാഹാരത്തിന് തോപ്പില്‍ രവി അവാര്‍ഡും ‘അറിയാമൊഴികള്‍’ എന്ന കാവ്യസമാഹാരത്തിന് ചങ്ങമ്പുഴ പുരസ്കാരവും പുത്തേഴന്‍ പുരസ്കാരവും മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മഹാനദിക്ക്’ മൂടാടി ദാമോദരന്‍ പുരസ്കാരവും ലഭിച്ചു. ‘തികച്ചും വ്യക്തിപരം’, ‘മെതിയടിക്കുന്ന്’ എന്നീ നോവലുകളും അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്.
കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് കമ്മറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
പി.ആര്. ശ്യാമള അന്തരിച്ച ശേഷം സാഹിത്യ അക്കാദമിയിലെ ഉദ്യോഗസ്ഥയായിരുന്ന മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് 2006-ല്‍ തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂര്‍ക്ക് താമസം മാറ്റി. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് പാറമേക്കാവ് ശാന്തിഘട്ടില്‍.