സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടല്‍ അതിരുകള്‍ ആക്ഷന്‍ പ്രൈം ഒടിടിയില്‍ റിലീസിനൊരുങ്ങുന്നു. 19 ന് ഉത്രാട ദിനത്തിലാണ് ചിത്രം ആക്ഷന്‍ ഒടിടി റിലീസിനെത്തിക്കുന്നത്. തിബറ്റന്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതാവസ്ഥ പ്രധാന പ്രമേയമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമായ ‘കാറ്റ് കടല്‍ അതിരുകള്‍’ കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ കെ യാണ് നിര്‍മിച്ചിരിക്കുന്നത്. എസ് ശരത്തിന്റെ കഥയ്ക്ക് കെ സജിമോനാണ് സംഭാഷണവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.
പൗരത്വപ്രശ്നവും അഭയാര്‍ഥി പ്രശ്നവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ലഭിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിരീക്ഷണത്തില്‍ അനുമതി ലഭിക്കുകയും ചെയ്തു. വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞായിരുന്നു സെന്‍സര്‍ ബോര്‍ഡുകളുടെ നടപടി.
റോഹിങ്ക്യന്‍ , തിബറ്റന്‍ അഭയാര്‍ത്ഥികള്‍ തുടങ്ങി ഇന്ത്യയില്‍ അഭയം കൊണ്ടിട്ടുള്ളവരും ഇനിയും അഭയമില്ലാത്തവരുമായ ഒരു വലിയ സമൂഹത്തെ അവരുടെ അതേ സ്ഥലങ്ങളില്‍ ചെന്നു ജീവിതാവസ്ഥകളെ ചിത്രീകരിച്ചുവെന്നതാണ് സിനിമയുടെ പ്രത്യേകത. തിബറ്റന്‍ അഭയാര്‍ത്ഥി നായികാവേഷത്തില്‍ എത്തുന്നുവെന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ബൈലെക്കുപ്പെ സെറ്റില്‍മെന്റിലെ ധാവോ ലാമോയാണ് അതേ പേരില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും കര്‍ണ്ണാടകയിലെ ബൈലെക്കുപ്പെ, സിക്കിമിലെ ഗ്യാങ്ടോക്ക്, ഗുരുദോക്മാര്‍, ഹിമാചല്‍ പ്രദേശിലെ മഗ്ലിയോഡ്ഗഞ്ച്, മണാലി, ധരംശാല, ഡല്‍ഹിയിലെ അഭയാര്‍ത്ഥി കോളനികള്‍ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ്.
അനുമോഹന്‍, ലിയോണ ലിഷോയ്, കൈലാഷ്, അനില്‍ മുരളി, കീര്‍ത്തന, ഷാനവാസ് മാമ്പുള്ളി, എന്‍.പി. നിസ, ഡോ. വേണുഗോപാല്‍, ഡോ. ജാനറ്റ്, ശരണ്‍, രമാദേവി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ക്യാമറ: അന്‍സര്‍ ആഷ് ത്വയിബ്. എഡിറ്റിംഗ്: വിപിന്‍ മണ്ണൂര്‍, സംഗീതം: റോണി റാഫേല്‍, ശബ്ദമിശ്രണം: ബോണി എം. ജോയ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: സേതു അടൂര്‍. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: സജി കോട്ടയം, പ്രൊജക്ട് കോഓഡിനേറ്റര്‍: ഫാബിയ റൊസാരിയോ, കലാസംവിധാനം: സുനില്‍ ലാവണ്യ, മേക്കപ്പ്: പട്ടണം ഷാ, ഗാനരചന: ഹസീന എസ്. കാനം, അനില്‍ മങ്കട, ഇ.കെ.എം. പാനൂര്‍, സംഗീതം: കെ.വി. അബൂട്ടി, പാടിയവര്‍: കെ.വി. അബൂട്ടി, കെ.കെ. നിഷാദ്, അനില്‍ മങ്കട, കോസ്റ്റ്യൂം: സുലൈമാന്‍ ഷാ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..