നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ത്ഥം
പറഞ്ഞതില്‍ തെറ്റില്ലെന്ന് പോലീസിന് നിയമോപദേശം
തിരുവനന്തപുരം: പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും പോലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ല.
കേസ് പിന്‍വലിക്കണമെന്നോ ഭീഷണി സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടറാണ് പോലീസിന് നിയമോപദേശം നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്‍സിപി നേതാവിനെതിരായ പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രന് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെടുകയും നല്ല രീതിയില്‍ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
Content highlights: government gives clean chit to minister a k saseendran