ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റിനെതിരായ മത്സരത്തിലായിരിക്കും മെസി പാരീസ് സെയ്ന്റ് ജെർമെയ്നു വേണ്ടി അരങ്ങേറ്റം കുറിക്കുക
സൂപ്പർ താരം ലയണല്‍ മെസി ഇന്ന് ഫ്രഞ്ച് സോക്കർ ക്ലബ് പിഎസ്ജിക്ക് വേണ്ടിയുള്ള ആദ്യ മത്സരം കളിച്ചേക്കും. ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റിനെതിരായ മത്സരത്തിലായിരിക്കും മെസി പാരീസ് സെയ്ന്റ് ജെർമെയ്നു വേണ്ടി അരങ്ങേറ്റം കുറിച്ചേക്കുക. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം 12.30നാണ് മത്സരം.
എന്നാൽ ഈ മാസം 14ന് നടന്ന സ്ട്രാസ്ബോര്ഗിനെതിരായ മത്സരത്തില്‍ പിഎസ്ജിക്ക് വേണ്ടി മെസി ഇറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആ മത്സരത്തിൽ അർജന്റീനിയൻ സൂപ്പർ താരമില്ലാതെയാണ് പാരീസ് ഇറങ്ങിയത്. ബ്രെസ്റ്റിനെതിരായ മത്സരത്തിൽ അന്തിമ ഇലവൻ എങ്ങനെയാവുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. എങ്കിലും മെസി പ്ലേയിങ് ഇലവനിലുണ്ടാവുമെന്നാണ് സൂചന.
രണ്ട് പതിറ്റാണ്ട് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച മെസ്സി ഈ മാസമാണ് ക്ലബ്ബ് വിട്ടതും തുർന്ന് പിഎസ്ജിയിലെത്തിയത്.
ബാഴ്സലോണയിൽ സഹതാരങ്ങളായിരിക്കെ സൂപ്പർ കൂട്ടുകെട്ടുയർത്തിയ മെസിയും-നെയ്മറും പിഎസ്ജിക്ക് വേണ്ടി ഒരുമിച്ചിറങ്ങുന്നത് കൂടി ഇന്ന് മെസി അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ കാണാൻ സാധിക്കും. മെസി-നെയ്മർ കൂട്ടുകെട്ടിനൊപ്പം കൈലിയൻ എംബാപ്പെ കൂടെ വരുന്നതോടെ ഒരു മികച്ച ത്രയം പിഎസ്ജിക്ക് സ്വന്തമാവുകയാണ്. ഈ മൂന്ന് താരങ്ങളുടെയും ഒരുമിച്ചുള്ള പ്രകടനത്തിനായും ആരാധകർ കാത്തിരിക്കുന്നു.
Read More: പിഎസ്ജി മാത്രമല്ല, ഫ്രഞ്ച് ലീഗ് ആകെ മാറും; മെസ്സി വന്നത് കാരണമുള്ള നേട്ടങ്ങൾ
മെസി-എംബാപെ-നെയ്മര്‍ ത്രയത്തിന്റെ ആദ്യ മത്സരം കൂടിയാവും ബ്രെസ്റ്റിനെതിരായ മത്സരം. മൂവരും ചേരുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയാകുന്നു. ഏത് പ്രതിരോധത്തേയും കബളിപ്പിക്കാന്‍ മികവുള്ളവരാണ് ഇവര്‍.
മെസിക്ക് പുറമെ മുന്‍ റയല്‍ മഡ്രിഡ് നായകന് സെര്‍ജിയോ റാമോസ്, പ്രതിരോധ താരം അഷ്റഫ് ഹക്കിമി, ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണാറുമ്മ, വിനാള്‍ഡം എന്നിവരും ഈ സീസണിൽ പിഎസ്ജിയിൽ എത്തിയിരുന്നു.
എല്‍ ക്ലാസിക്കോകളില്‍ മെസിയും റാമോസും തമ്മില്‍ നിരവധി തവണ വാക്കേറ്റങ്ങളുണ്ടാവുകയും പിന്നീടത് ഉന്തും തള്ളിലേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ വൈര്യത്തില്‍ നിന്ന് ഒരു ടീമിലേക്ക് എത്തിയിരിക്കുകയാണ് ഇരുവരും.
മെസിയും പഴയ കൂട്ടാളി നെയ്മറും ഗ്രൗണ്ടിൽ ഒരുമിക്കുന്നത് ഇന്ന് കാണാനായേക്കും. എന്നാൽ എൽക്ലാസിക്കോയിലെ മുൻ എതിരാളി റാമോസിനൊപ്പം മെസി കളിക്കുന്നത് കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും. പരിക്കില്‍ നിന്ന് മുക്തനാവാത്തതിനാൽ സെര്‍ജിയോ റാമോസ് ഇന്നും കളിക്കില്ല എന്നാണ് സൂചന.
ഫ്രഞ്ച് ലീഗ് നടപ്പ് സീസണിൽ രണ്ട് മത്സരങ്ങളാണ് പിഎസ്ജി ഇത്തവണ പൂർത്തിയാക്കിയത്. രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് പാരീസ്. ട്രോയെസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും സ്ട്രാസ്ബോര്‍ഗിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കുമാണ് പിഎസ്ജി തോൽപിച്ചത്.