11,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം പാകിസ്താനിലെ പെഷവാറില്‍ നിന്നുള്ള പതാന്മാരാണ് നിര്‍മ്മിച്ചത്. 136 മീറ്റര്‍ നീളമുള്ള ഈ ചരിത്രപ്രധാനമായ തടി കൊണ്ട് നിര്‍മ്മിച്ച ആകാശപ്പാത ഉത്തരകാശി ജില്ല മജിസ്ട്രേറ്റ് മയൂര്‍ ദീക്ഷിതിന്റെ ഉത്തരവിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുകയായിരുന്നു.
‘പൊതുമരാമത്ത് വകുപ്പ് 65 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുതുക്കി പണിതത്. ഗര്‍താങ് ഗാലി പാലം സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഭൈരവ് ഘട്ടി ഔട്ട് പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും എല്ലാ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കണം,’ ജില്ല മജിസ്ട്രേറ്റ് മയൂര്‍ ദീക്ഷിത് പറഞ്ഞു.
പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ആരംഭിച്ചത്. ഈ വര്‍ഷം ജൂലായില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും ദീക്ഷിത് പറഞ്ഞു. ‘അതിശക്തമായ കാലാവസ്ഥയും അതിവേഗ കാറ്റും കണക്കിലെടുത്ത് ഈ പാലം ഇത്രയും ഉയരത്തില്‍ പുതുക്കി പണിയുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞകാര്യമായിരുന്നു. പാലത്തില്‍ പണിയെടുത്തിരുന്ന തൊഴിലാളികളെ സുരക്ഷാ കയറുകള്‍ കൊണ്ട് ബന്ധിച്ചിരുന്നു”, ദീക്ഷിത് വ്യക്തമാക്കി.
ഗംഗോത്രി ദേശീയോദ്യാനത്തിനുള്ളിലുള്ള ഈ പാലം ഉത്തരകാശി ജില്ല ആസ്ഥാനത്ത് നിന്നും 90 കിലോമീറ്റര്‍ അകലെയാണ്. പാലത്തിന് 136 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയുമാണുള്ളത്.
‘ഗര്‍താങ് ഗാലി ട്രെക്കിംഗ് സംസ്ഥാനത്തെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്കി. ഈ പാലത്തിന് ചരിത്രപരവും തന്ത്രപരവുമായ പ്രധാന്യമാണുള്ളത്. പുരാതന കാലം മുതല്‍ അയല്‍രാജ്യവുമായുള്ള ഊഷ്മളമായ വ്യാപാര ബന്ധത്തെ പ്രകടമാക്കുന്നതാണ് ഈ പാലം,’ ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു.
‘പ്രാദേശിക മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബിസിനസ് അവസരങ്ങള്‍ വര്‍ധിപ്പിക്കാനുമായാണ് ഗര്‍താങ് ഗാലി തുറക്കുന്നത്,’ ടൂറിസം സെക്രട്ടറി ദിലീപ് ജാവല്കര് അഭിപ്രായപ്പെട്ടു.
പാലം തുറക്കുന്നതോടെ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനാകുമെന്ന് ഹോട്ടല്‍ അസോസിയേഷന് പ്രസിഡന്റായ ശൈലേന്ദ്ര മാട്ടുഡ വ്യക്തമാക്കി.
2017 മുതല്‍ ഈ പാലം തുറക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍, ഇന്ത്യയിലെ മുഴുവന്‍ ആളുകളും ഈ പാലം കാണാന്‍ വരുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രം
നെലോങ് താഴ്വരയുടെ ഭംഗി എന്താണെന്ന് കാണിച്ചു തരുന്നതാണ് ഈ ആകാശപാതയുടെ ഘടന. അതുകൂടാതെ പണ്ട് ഇന്ത്യയും ടിബറ്റും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനു പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ പാതയെ ആയിരുന്നു.
കമ്പിളി, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള ഏറ്റവും പഴയ ട്രേഡിംഗ് റൂട്ടുകളായാണ് ഈ പാതയെ കണക്കാക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പ്രദേശത്തെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏരിയയില്‍ നിന്നും ഒഴിവാക്കിയത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. ഈ പ്രദേശങ്ങളിലേക്ക് സര്‍ക്കാരിന്റെ അനുമതി കൂടാതെ പുറമെ നിന്നും ആര്‍ക്കും പ്രവേശിക്കാനായി കഴിഞ്ഞിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റില്‍ നിന്നും ഈ പ്രദേശത്തെ ഒഴിവാക്കിയതോടു കൂടി ആകാശ പാത മിനുക്കാനും മോടി പിടിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പണ്ട് നാടോടികളായ ഭോട്ടിയ ഗോത്രക്കാര്‍ ഈ ആകാശപ്പാതയിലൂടെയാണ് യാക്കുകളെ ഉപയോഗിച്ച് വ്യാപാര വസ്തുക്കള്‍ കൊണ്ടുപോയിരുന്നതെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ വിനോദ സഞ്ചാര വെബ്സൈറ്റായ ഉത്തരകാശിയില്‍ പറയുന്നു.
നെലോങ് താഴ്വരയുടെ മറ്റ് ഭാഗങ്ങളിലേക്ക് പോകാന്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോഴും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ്. എല്ലാ സന്ദര്‍ശകരോടും കൊവിഡ് പ്രോട്ടോക്കോളും മറ്റ് സുരക്ഷ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
****