എം ടി -ഹരിഹരൻ ടീമിൻ്റെ ‘പഞ്ചാഗ്നി’യിലെ ശാരദ ചിത്രയുടെ അഭിനയ മികവിനുള്ള സാക്ഷ്യപത്രമാണ്. നക്സലൈറ്റായ ഇന്ദിരയുടെ (ഗീത ) കൂട്ടുകാരിയാണ് ചിത്രയുടെ ശാരദ. ഇന്ദിര പരോളിൽ പുറത്തിറങ്ങിയപ്പോൾ അവളെ സ്നേഹത്തോടെ സ്വീകരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ശാരദ. തന്നെ കെട്ടിപ്പിടിച്ച ശാരദയോട് ഇന്ദിര ചോദിക്കും – ” നിനക്ക് എന്നെ തൊടാൻ പേടി ഇല്ലേ?”. ശാരദ അതിന് മറുപടി നൽകുന്നത് ‘ ആ രാത്രി മാഞ്ഞു പോയി’ – എന്ന ഗാനത്തിലൂടെയാണ്.
‘പ്ലാവില പാത്രങ്ങളിൽ പാവയ്ക്ക് പാൽ കുറുക്കുന്ന ‘ കൊച്ചു കൂട്ടുകാരിയായാണ് ഇന്ദിരയെ ഇപ്പോഴും താൻ കാണുന്നതെന്ന് ശാരദ പാട്ടിലൂടെ പറയുന്നു. ‘പൂവിനെ പോലും നുള്ളി നോവിക്കാൻ അരുതാത്ത സ്നേഹം’ ഇപ്പോഴും നിൻ്റെ ഉള്ളിലുണ്ടെന്നും ശാരദ തൻ്റെ കൂട്ടുകാരിയെ ഓർമിപ്പിക്കുന്നു. നീണ്ട പ്രണയത്തിന് ഒടുവിലാണ് ശാരദ രാജനെ (മുരളി) വിവാഹം ചെയ്തത്. പ്രണയകാലത്ത് രാജൻ ഇന്ദിരയുടെ മേൽവിലാസത്തിലാണ് ശാരദയ്ക്ക് കത്തുകൾ എഴുതിയിരുന്നത്. എന്നാൽ, ഇപ്പോൾ രാജൻ ‘നിൻ്റെ കൂട്ടുകാരിയുടെ പേരെന്താണെന്ന്?’ ചോദിച്ചത് ശാരദയെ ക്ഷുഭിതയാകുന്നതും നാം കണ്ടു. ” ഒരു ആയിരം കത്ത് നിങ്ങൾ അവളുടെ പേരിൽ എനിക്ക് എഴുതിയിട്ടുണ്ട്. ഇനി എന്നാണാവോ എൻ്റെ പേരും നിങ്ങൾ മറക്കുന്നത്?” – എന്ന ശാരദയുടെ മറുപടിയിൽ രാജൻ ചെറുതാകുന്നു. സ്വന്തം സഹോദരങ്ങൾ പോലും ഇന്ദിരയെ തള്ളിപ്പറഞ്ഞിട്ടും ശാരദയെന്ന കൂട്ടുകാരി ഇന്ദിരയുടെ കൈവിടാത്തത് പഞ്ചാഗ്നിയുടെ സൗന്ദര്യമാണ്. ഇങ്ങനെ ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഏത് സ്ത്രീയും മോഹിക്കുന്ന രീതിയിൽ ചിത്ര ആ കഥാപാത്രത്തെ അനശ്വരമാക്കി.
എം ടി -ഹരിഹരൻ ടീമിൻ്റെ ‘ഒരു വടക്കൻ വീരഗാഥ’ യിലും ചിത്രയ്ക്ക് മികച്ച റോളുണ്ടായിരുന്നു. വീട്ടുകാരും നാട്ടുകാരും ചതിച്ച ചന്തുവിന് കൂട്ടിരിക്കുന്ന കുഞ്ചുണ്ണൂലി യഥാർഥത്തിൽ, ശാരദയുടെ ഒരു തുടർച്ചയാണ്. ചന്തുവിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, അയാളുടെ നിഴൽ പോലെ അവസാനം വരെ കുഞ്ചുണൂലി രംഗത്തുണ്ട്. ദേവാസുരത്തിൽ മുണ്ടയ്ക്കൽ രേഖരൻ്റെ ആണഹന്തയെ അടിച്ചിരുത്തുന്ന ചന്ദ്രാലയം സുഭദ്രാമ്മയുടെ ഡയലോഗുകൾ തിയ്യറ്ററുകളിൽ ആവേശത്തിരയിളക്കിയിരുന്നു. കമീഷണറിലെ അഡ്വ. ശ്രീലതാ വർമ, ഏകലവ്യനിലെ ഹേമാംഭര, അദ്വൈതത്തിലെ കാർത്തി, അമ്മയാണ് സത്യത്തിലെ മാർഗരറ്റ്.. തുടങ്ങി മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന നിരവധി കഥാപാത്രങ്ങൾ ചിത്ര സമ്മാനിച്ചിട്ടുണ്ട്. അഭിനയിച്ച റോളുകളിൽ മിക്കതും പ്രേക്ഷകരുടെ ഓർമയിൽ നിലനിൽക്കുന്നത് നിസാര കാര്യമല്ല. ഒരു അഭിനേതാവിൻ്റെ ജീവിതത്തിൻ്റെ വിജയത്തിൻ്റെ സൂചികയാണത്. ഈ അർഥത്തിൽ ചിത്ര വിജയിച്ചിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..