12 രാജ്യങ്ങൾ പങ്കെടുത്ത പുരുഷന്മാരുടെ ഫ്രീസ്റ്റൈലിൽ ഇന്ത്യ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്തും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ്
റഷ്യ: ചരിത്രത്തിൽ ആദ്യമായി റഷ്യയിലെ ഉൾഫയിൽ നടന്ന ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പെൺകുട്ടികൾക്ക് മൂന്നാം സ്ഥാനം. 134 പോയിന്റുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. 143 പോയിന്റു നേടിയ അമേരിക്ക, 134 പോയിന്റുള്ള റഷ്യ, 96 പോയിന്റുള്ള ബെലാറസ്, 92 പോയിന്റുള്ള തുർക്കി എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനക്കാർ. മൂന്ന് വെള്ളി മെഡലുകൾ ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യൻ പെൺകുട്ടികൾ നേടിയത്.
വനിതകളുടെ ഫ്രീസ്റ്റൈൽ 62 കിലോ വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ റഷ്യയുടെ അലീന കസബീവയോട് 0-10 ന് തോറ്റാണ് സഞ്ജു ദേവിയുടെ വെള്ളി നേട്ടം. സെമിയിൽ അസർബൈജാന്റെ സോൾട്ടനോവയെ 8-5ന് പരാജയപ്പെടുത്തിയാണ് ദേവി ഫൈനലിൽ കടന്നത്.
വനിതകളുടെ 65 കിലോ വിഭാഗം ഫൈനലിൽ മോൾഡോവയുടെ ഐറിന റിംഗാസിയോട് 2-12ന് ഭട്ടേരി തോറ്റു, 76 കിലോഗ്രാം വിഭാഗത്തിൽ ബിപാഷയും തോൽവി വഴങ്ങി, ഇരുവരും ഓരോ വെള്ളി മെഡൽ നേടി. സെമിഫൈനലിൽ ബിപാഷ കസാക്കിസ്ഥാന്റെ ദിൽനാസ് മുൽകിനോവയെയും മംഗോളിയയുടെ ഒഡ്ബാഗ് ഉൽസിബത്തിനെയും 9-4ന് പരാജയപ്പെടുത്തിയിരുന്നു.
സിമ്രാൻ (50 കിലോഗ്രാം), സിറ്റോ (55 കിലോഗ്രാം) എന്നിവരാണ് വെങ്കല മെഡലുകൾ നേടിയത്. 72 കിലോഗ്രാം വിഭാഗത്തിൽ കാൽമുട്ടിന് പരുക്കേറ്റ സനേഹ്ക്ക് റഷ്യയുടെ മറിയം ഗുസൈനോവയോട് വെങ്കല മെഡൽ നഷ്ടപ്പെട്ടു.
അതേസമയം, ആൺകുട്ടികൾ ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പടെ ആറ് മെഡലുകൾ ആണ് നേടിയത്. 12 രാജ്യങ്ങൾ പങ്കെടുത്ത പുരുഷന്മാരുടെ ഫ്രീസ്റ്റൈലിൽ ഇന്ത്യ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്തും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ്.
61 കിലോഗ്രാം വിഭാഗം ഫൈനലിൽ ഇറാനിയൻ താരം റഹ്മാൻ അമൂസാദ്ഖലീലിയോട് 9-3ന് തോറ്റ രവീന്ദർ മാത്രമാണ് ആൺകുട്ടികളിൽ ഫൈനലിൽ എത്തിയത്. സെമിയിൽ അർമേനിയയുടെ ലെവിക് മികയേല്യനെ 12-2ന് തോൽപ്പിച്ചണ് രവീന്ദർ ഫൈനലിൽ കടന്നത്.
Also read: ലോക അണ്ടർ 20 അത്ലറ്റിക്സ് മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെങ്കലം
യാഷ് (74 കിലോഗ്രാം), ഗൗരവ് ബലിയാൻ (79 കിലോഗ്രാം), പൃഥ്വിരാജ് പാട്ടീൽ (92 കിലോഗ്രാം), ദീപക് (97 കിലോഗ്രാം), അനിരുദ്ധ് (125 കിലോഗ്രാം) എന്നിവരാണ് വെങ്കല മെഡൽ നേടിയ താരങ്ങൾ.
178 പോയിന്റുമായി ഇറാൻ, 142 പോയിന്റുമായി റഷ്യ, 129 പോയിന്റുമായി അമേരിക്ക, 122 പോയിന്റുമായി അസർബൈജാൻ, 101 പോയിന്റുമായി ഇന്ത്യയുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
2019ൽ നടന്ന ലോക ജൂനിയർ ചാമ്പ്യഷിപ്പിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ 25 രാജ്യങ്ങളിൽ 11 -മത് ആയിരുന്നു.
Web Title: Junior world championships indian grapplers return with a rich haul of medals