വിപിഎൻ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതും സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുന്നതും യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിയമവിരുദ്ധമാണ്
ഏഷ്യൻ രാജ്യങ്ങളിലും, ഗൾഫിലും പ്രത്യേകിച്ചു യുഎഇയിലും വിപിഎൻ ഉപയോഗം വർധിച്ചു വരികയാണ്. മിക്ക രാജ്യങ്ങളിലും വിപിഎൻ ഉപയോഗിക്കാമെങ്കിലും ചില രാജ്യങ്ങൾ ചില രാജ്യങ്ങളിൽ സൈബർ നിയമങ്ങൾ പ്രകാരം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിപിഎൻ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതും സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുന്നതും യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിയമവിരുദ്ധമാണ്.
യുഎഇയിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവരുടെ സ്ഥാപനത്തിനുള്ളിലെ ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കാം. പല ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾ അവരുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ഓഡിയോ, വീഡിയോ ചാറ്റുകൾ ചെയ്യുന്നതിനായി വിപിഎൻ ഉപയോഗിക്കുന്നുണ്ട്.
യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് വിപിഎൻ ഉപയോഗിക്കുന്നതെങ്കിൽ അത് നിയമവിരുദ്ധമാകില്ല. എന്നാൽ അത് ദുരുപയോഗം ചെയ്യുകയാണെങ്കിൽ വലിയ പിഴയും രാജ്യത്തെ സൈബർ നിയമം അനുസരിച്ചുള്ള തടവും വരെ ലഭിച്ചേക്കും.
ഭേദഗതി ചെയ്ത യുഎഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 1 പ്രകാരം, നിയമം ലംഘിക്കുന്നവർക്ക് താൽക്കാലിക തടവും 500,000 ദിർഹത്തിൽ കുറയാത്ത പിഴയും കൂടാതെ 2 മില്യൺ ദിർഹത്തിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു പിഴയോ ലഭിക്കും. കുറ്റകൃത്യങ്ങൾക്കോ മറ്റു തട്ടിപ്പുകൾക്കോ വേണ്ടി കമ്പ്യൂട്ടർ ഇന്റർനെറ്റ് വിലാസം മാറ്റി ഉപയോഗിക്കുന്നവർക്കോ തേർഡ് പാർട്ടി വിലാസം ഉപയോഗിക്കുന്നവർക്കോ ആണ് പിഴ ലഭിക്കുക.
Also read: WhatsApp tip: വാട്സ്ആപ്പ് ചാറ്റുകൾ ഒളിച്ചുവയ്ക്കണോ? വഴിയുണ്ട്
ഗൾഫ് രാജ്യങ്ങളിൽ വിപിഎൻ ഉപയോഗം കൂടുതൽ ഉള്ളത് ഖത്തറിൽ ആണ്. 44.47 ശതമാനമാണ് ഇവിടെ ഉപയോഗം പിന്നിൽ 39.91 ശതമാനം ഉപയോഗമുള്ള യുഎഇയും 24.79 ശതമാനം ഉപയോഗമുള്ള ഒമാനുമാണ്
ഏഷ്യൻ രാജ്യങ്ങളിൽ പാശ്ചാത്ത്യ രാജ്യങ്ങളിലെ കണ്ടന്റുകൾ ലഭിക്കാനും സർക്കാരുകൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കാനുമാണ് കൂടുതൽ വിപിഎൻ ഉപയോഗിക്കുന്നത്. 29.59 ശതമാനം ആളുകൾ ഡൗൺലോഡിങ്ങ് നടത്തുന്ന സിംഗപ്പൂരാണ് വിപിഎൻ ഉപയോഗത്തിൽ മുന്നിൽ. 2021 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ 25.27 ശതമാനം വിപിഎൻ ഡൗൺലോഡിങ് ആണ് നടന്നിട്ടുള്ളത്.