പ്രതികളുമായി സാജന് കൂടിക്കാഴ്ച നടത്തി
സംസ്ഥാന സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി
കല്പറ്റ: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന് ഇതിനായി മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സാജനെതിരേ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉളളത്.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന് വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന് എന്‍.ടി.സാജനെതിരേ ഗുരുതര ആരോപണങ്ങളുളളത്. എന്‍.ടി.സാജന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ മറ്റൊരു വ്യാജക്കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മുട്ടില്‍ വില്ലേജിലെ മണിക്കുന്ന് മല എന്ന സ്ഥലത്തെ സ്വകാര്യഭൂമിയില്‍ നടന്ന മരംമുറിക്കല്‍ വനംഭൂമിയിലാണെന്ന് വരുത്തിത്തീർര്‍ക്കാനുളള ഗൂഢാലോചനയാണ് നടന്നത്. ഇതിലൂടെ മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കുടുക്കുകയും മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കുകയുമായിരുന്നു ലക്ഷ്യം. വയനാട്ടിലെത്തിയ എന്‍.ടി.സാജന് പ്രതികളെ നേരിട്ട് കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു സാജന്റെ ഇടപെടലുകള്‍ എന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇതൊടൊപ്പം കോഴിക്കോട്ടെ ഒരു മാധ്യമപ്രവര്ത്തകന് ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതിന്റെ സൂചനകളും റിപ്പോര്‍ട്ടില്‍ ഉണ്ട്.
മണിക്കുന്ന് മലയിലെ കേസ് എന്തായി എന്ന് ചോദിച്ച് രണ്ടുതവണ മാധ്യമപ്രവര്ത്തകന് ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാജനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.