പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുവയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. അയല്‍വാസിയായ യുവാവാണ് കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊലപാതക ശ്രമം ഉണ്ടായത്. സംഭവ സമയത്ത് പെണ്‍കുട്ടിയും മുത്തശ്ശിയും അനിയനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുറിയില്‍ നിന്നും ബഹളം കേട്ട് ചെന്ന മുത്തശ്ശിയാണ് അയല്‍വാസിയായ ജംഷീര്‍ പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിയേയും പ്രതി ആക്രമിച്ചു.
വീടിനുസമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജംഷീറിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.
content higlights: murder attempt against girl in mannarkad