കെ സി ജിതിൻ
2016 ലാണ് കെന്‍ ലോച്ച് സംവിധാനം ചെയ്ത് കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര് ലഭിച്ച ഐ ഡാനിയല്‍ ബ്ലേക്ക് എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നത്. നിയന്ത്രിതമായ, മുന്‍കൂട്ടി തയ്യാര്‍ ചെയ്യപ്പെട്ട ഒരു നിയമാവലിക്കു മുന്നില്‍ തന്റെ വാര്‍ദ്ധക്യകാല പെന്ഷന് നഷ്ടപെടുന്ന ഒരു മനുഷ്യനിലേക്ക്, ഡാനിയല്‍ ബ്ലേക്കിലേക്കാണ് ആ ചിത്രം അതിന്റെ വാതില്‍ തുറക്കുന്നത്.
മുന്‍കൂട്ടി തയ്യാര്‍ ചെയ്യപ്പെട്ട ഒരു അപേക്ഷയുടെ ഒരു പരിമിതി അതിന്, അതെ അല്ലെങ്കില്‍ അല്ല എന്ന രണ്ട് ഉത്തരങ്ങള്‍ മാത്രമേ നല്‍കാനാവൂ എന്നതാണ്. വിധവ പെന്ഷന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മക്കള്‍ ആരെങ്കിലും വിദേശത്താണോ എന്ന ചോദ്യത്തിന് അതെ എന്ന സത്യമായ ഉത്തരം നല്കിയാല് പെന്ഷന് നിഷേധിക്കപ്പെടാം. പക്ഷെ മകന് വിദേശത്താണ്, അവിടെ തടവുശിക്ഷ അനുഭവിക്കുകയാണെങ്കിലോ? ഇത്തരത്തില്‍ അപേക്ഷകള്‍ ബൈനറികളിലേക്ക് ചുരുക്കുമ്പോള്‍ നഷ്ടപ്പെട്ട് പോകുന്ന മാനവികതയുടെ, ഡിജിറ്റല്‍ ലോകത്തിലെ അദൃശ്യമായ ബാരിക്കേഡുകളെ തുറന്നു കാട്ടിയ ചലച്ചിത്രമായിരുന്നു ഐ ഡാനിയല്‍ ബ്ലേക്ക്.
ഡാനിയല്‍ ബ്ലേക്കിനു പങ്കുവെക്കാന്‍ അതിവിശാലമായ, മാനവികമായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. എല്ലാ വൈകാരികതകളും കണ്ണിചേര്ക്കുമ്പോഴും ഡിജിറ്റല്‍ കാലത്ത്, പുറത്താക്കപ്പെടുന്ന മനുഷ്യരുടെ സംഘര്‍ഷത്തെ, ആ രാഷ്രീയ മാനത്തെ കെന്‍ ലോച്ച് ചേര്‍ത്തുപിടിച്ചു. ഇന്ത്യയില്‍ നോട്ടുനിരോധിക്കുന്ന, നോട്ടുനിരോധനത്തിന്റെ പരാജയത്തെ ഡിജിറ്റല്‍ ഇന്ത്യ എന്ന കണ്കെട്ടുകൊണ്ടു മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന 2016 ലാണ് ഐ ഡാനിയല്‍ ബ്ലേക്ക് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഡാനിയല്‍ ബ്ലേക്കിനേ പോലെ അദൃശ്യമായ ഡിജിറ്റല്‍ മതിലില്‍ തട്ടി വീണുപോയ, സ്വയം പരാജിതനെന്നു കരുതപെട്ട മനുഷ്യരുണ്ട് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തില്‍. ഒരു ചെറിയ കാലത്തിന്റെ മൊത്തം പ്രതിനിധികളായി മാറുകയും പിന്നീട് മറവിയുടെ അറകളിലേക്ക് ചുരുങ്ങിപോവുകയും ചെയ്യുന്ന മനുഷ്യരെ നമുക്കറിയാം. ഒരു കാലത്തിന്റെ തന്നെ അടയാളപ്പെടുത്തലായ ടൈപ്പ് റൈറ്റര്‍ കൈകാര്യം ചെയ്തിരുന്ന വിവര്‍ത്തകനായ അച്ഛനും(കൈനകരി തങ്കച്ചന്) അയാളുടെ ഒലിവര്‍ ട്വിസ്റ്റ് എന്ന(ഇന്ദ്രന്‍സ് ജയന്) വിഎച്എസ് കാസറ്റ് കട നടത്തിയിരുന്ന മകനും അത്തരത്തില്‍ ഡിജിറ്റല്‍ കാലത്തില്‍ മറവിയുടെ കോണിലേക്ക് തുടച്ചുമാറ്റപെട്ട മനുഷ്യരാണ്.
ഒരു കാലത്തു നിറഞ്ഞുകവിഞ്ഞ ബെഞ്ചുകളുള്ള ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിട്യൂട്ടുകളും ദിവസങ്ങളോളം കാത്തിരുന്ന് വാങ്ങാന്‍ കൊതിക്കുന്ന സിനിമാ കാസറ്റുകളും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കേവലമായ ഗൃഹാതുരത മാത്രമായിരുന്നില്ല. ഒരു തൊഴിലിടം എന്ന നിലക്ക് കൂടി അവയുടെ പ്രസക്തി ഏറെയായിരുന്നു. അത്തരമൊരു തൊഴിലിടത്തിന്റെ ഇല്ലായ്മ കൂടി ഈ ഡിജിറ്റല്‍ കാലത്തില്‍ തട്ടി വീണ മനുഷ്യരുടെ സംഘര്‍ഷത്തിന്റെ ഭാഗമാണ്.
ഇങ്ങനെ പുറത്തുപോയ നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. തിയറ്ററിലെ പ്രൊജക്റ്റര്‍ ഓപ്പറേറ്റര്‍മാര്‍, കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി ഫിലിം റീല്‍ എത്തിച്ചിരുന്ന തൊഴിലാളികള്‍, അങ്ങനെ ഡിജിറ്റല്‍ കാലം പുറംതള്ളിയ മനുഷ്യരുടെ ജീവിതത്തെ ഒരുപക്ഷെ ആദ്യമായി അവതരിപ്പിക്കാന്‍ ലഭിച്ച അവസരം കൂടിയാവുമായിരുന്നു ഹോം. എന്നാല്‍ മധ്യവര്‍ഗ സംതൃപ്തികളുടെ ഫീല്‍ ഗുഡ് സമവാക്യത്തിനായി കുടുംബം/വീട് എന്ന വൈകാരികതകളുടെ വേലിയേറ്റത്തിലേക്കും നന്മയുടെ മടുപ്പിക്കുന്ന അതിപ്രസരത്തിലേക്കും എളുപ്പത്തില്‍ വീണുപോവുന്നുണ്ട് ഹോം.
ഡിജിറ്റല്‍ കാലത്തില്‍ വീണുപോയ മനുഷ്യന്മാര്ക്കപ്പുറം ഡാനിയല്‍ ബ്ലേക്ക് പോലുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്ന വിശ്വമാനവിക രാഷ്ട്രീയത്തെ മധ്യവര്‍ഗ സംതൃപ്തികള്ക്കായി മറച്ചുപിടിക്കുന്നുണ്ട് റോജിന്‍.കാമുകന്റെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും ചീത്തവിളി കേള്‍ക്കുന്ന എന്നിട്ടും റെഡി ടു വെയിറ്റ് ആയ ഒരു കാമുകിയും, തന്റെ ബൗദ്ധികമായ എല്ലാ ശേഷിയും ഉപേക്ഷിച്ച ശാരീരിക അവശതകള്‍ സ്നേഹത്തിന്റെ പേരില്‍ മറച്ചുപിടിക്കുന്ന ഒരു വീട്ടമ്മയും ഉണ്ട് ചിത്രത്തില്‍. ഇവയെ എല്ലാം സ്നേഹത്തിന്റെ/പാരസ്പര്യത്തിന്റെ /പ്രണയത്തിന്റെ/പങ്കുവെപ്പിന്റെ കള്ളിയിലേക്ക് ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്.
ഇതെല്ലാം വീട്ടകങ്ങളിലും ബന്ധങ്ങളിലും നടക്കുന്ന സംഗതികള്‍ അല്ലേ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ട് കൃത്യമായ സ്ത്രീവിരുദ്ധതയെ പ്രക്ഷേപണം ചെയ്യുന്നുണ്ട് റോജിന്‍ ഹോം എന്ന ചിത്രത്തില്‍. ഒരു വീട്ടിലെ ശബ്ദം ആണ് ശബ്ദമാണ് എന്നതിനെ വിമര്‍ശനാത്മകമായി സമീപിച്ച, അതിലെ സാമൂഹിക പ്രശ്നത്തെ ചൂണ്ടിക്കാട്ടിയ ഡൊമസ്റ്റിക് ഡയലോഗ്സും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും പോലുള്ള ചിത്രങ്ങള്‍ ഇറങ്ങുന്ന കാലത്തു തന്നെയാണ് പഴയ സത്യന് അന്തിക്കാട് നന്മ ചിത്രങ്ങളുടെ ചട്ടക്കൂടില്‍ മധ്യവര്‍ഗ സംതൃപ്തികളുടെ ഈ ഓ ടി ടി ചിത്രം പുറത്തുവരുന്നത്.
ഇത്തരം മാനുഷികവിരുദ്ധതകളെയെല്ലാം സ്നേഹത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ ഒളിപ്പിച്ചു നിര്‍ത്താന്‍ സംവിധായകന് സാധിക്കുന്നിടത്താണ് വാസ്തവത്തില്‍ ഹോം എന്ന ചിത്രത്തിന്റെ സ്വീകാര്യതയെ നാം പരിശോധിക്കേണ്ടത്. ഒരു വ്യക്തി എന്ന നിലക്കുള്ള ഒരാളുടെ സ്വകാര്യതയെ പൂര്‍ണമായും തള്ളിക്കളയുകയും അവര്‍ കുടുംബത്തിന്റെ സന്തോഷത്തിനായി ഇതിനെയെല്ലാം പരിത്യാഗം ചെയ്യണം എന്നുമുള്ള മാനുഷികതക്ക് യോജിക്കാത്ത സന്ദേശമാണ് ചിത്രം പ്രക്ഷേപണം ചെയ്യുന്നത്.
കുടുംബം എന്ന നിര്‍മാണം (construct) നിലനില്‍ക്കുന്നത് അഥവാ നില നിര്‍ത്തുന്നത് സ്നേഹമെന്ന വൈകാരികതക്ക് മുകളിലാണ് എന്ന് അവകാശപെടാറുണ്ട്. സൗകര്യപൂര്‍വം വൈയക്തികമായ സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടും വിട്ടുവീഴ്ച ചെയ്യപ്പെട്ടും ഒത്തുതീര്ക്കപ്പെട്ടും അകമേയും പുറമെയും സംഘര്‍ഷം നിറഞ്ഞ ചുറ്റുപാടിനെയാണ് ലക്ഷണമൊത്ത കുടുംബമായി പൊതുബോധം കണക്കിലെടുക്കുന്നത്. സ്നേഹം ഇവിടെ വലിയ ചര്‍ച്ചകളാവുന്നു, ഒത്തുതീര്പ്പുകള്ക്കുപയോഗിക്കുന്ന ഉള്പ്രേരകമാവുന്നു. അങ്ങനെ നിരന്തരം ദുരുപയോഗം ചെയ്യപ്പെട്ട് രൂപമോ പ്രയോഗമോ ഇല്ലാതായ ഒന്നാണ് സ്നേഹം.
വൂഡി അലന് സംവിധാനം ചെയ്ത സ്പൂഫ് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് ‘scene from a wall ‘. 1972 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിലെ ഒരു സംഭാഷണം ഇങ്ങനെയാണ്; ‘is there anything more fearsome than a husband and wife who hate each other ?’. പരസ്പരം വെറുക്കപ്പെടുന്ന ദമ്പതികളെക്കാള്‍ ഭയാനകമായ എന്തുണ്ട് എന്ന ചോദ്യം മൂന്നാമന്റ്റെയാണ്. അവരുടേതല്ല. ഇത്തരം മൂന്നാം ഇടപെടലുകളാണ് വാസ്തവത്തില്‍ വ്യക്തിഗത സംഘര്‍ഷങ്ങളില്‍ നിന്ന് മനുഷ്യന്റെ ശ്രദ്ധ തെറ്റിക്കുന്നതും, സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റാനുള്ള സംഘര്‍ഷങ്ങള്‍ മാത്രം അനുഭവിക്കേണ്ട ജീവിയാണ് മനുഷ്യനെന്ന നിര്‍മിക്കപ്പെട്ട തിരുത്തിലേക്ക് മനുഷ്യനെ മാറ്റുന്നതും.
അകമേ പൊള്ളയായ ഈ സാഹചര്യത്തെ സംഘര്‍ഷങ്ങളായി, ചരക്കുകളായി, സിനിമകളായി പലരും വിറ്റെടുത്തിട്ടുണ്ട്. ആ കൂട്ടത്തിലാണ് റോജിന്റെ ഹോം എന്ന ചിത്രവും. സ്വാര്‍ത്ഥത(selfishness )യും, നിസ്വാര്‍ത്ഥത(selflenssess ) യും കറുപ്പും വെളുപ്പും പോലെ, ദുഖവും സന്തോഷവും പോലെ, ശരിയും തെറ്റും പോലെ, നല്ലതും ചീത്തയും പോലെ ധ്രുവീകരിക്കപ്പെടുകയും വ്യക്തികളെ അളക്കുന്ന അപ്പാരറ്റസുകളുമാണ്. ഇവിടെ വ്യക്തി(self ) പുറന്തള്ളപ്പെടാറുണ്ട്. ഇതിനു വലിയ സ്വീകാര്യത ലഭിക്കുന്ന ഒരു പരിസരം നമുക്കുണ്ട്. ആ പരിസരത്തെ കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് സംവിധായകന് ചെയ്യുന്നത്.
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ചിത്രമായ THE SOCIAL DILEMMA(2020, DIR: JEFF ORLOWSKI) നമ്മുടെ സമയത്തെ അപഹരിക്കുന്ന സോഷ്യല്‍ മീഡിയയുടെ അല്‍ഗോരിതത്തെ ശാസ്ത്രീയമായി സമീപിക്കുന്ന ചിത്രമാണ്. ആ ചിത്രം സോഷ്യല്‍ മീഡിയ വിരുദ്ധമായ ഒരു അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സത്യന്തര കാലത്തെ പല പ്രിന്റ്/വിഷ്വല്‍ മാധ്യമങ്ങളിലെ നുണകളെയും വെളിച്ചത്തു കൊണ്ടുവന്നത് സോഷ്യല്‍ മീഡിയ കൂടിയാണ്. അതുകൊണ്ട് ഇക്കാലത്തു നമുക്ക് അതിനോട് മുഴുവനായും തിരിഞ്ഞു നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല.
മാനുഷികവിരുദ്ധമായ രാഷ്ട്രീയ ചേരികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കലായി പോവുന്ന പ്രക്രിയ കൂടിയാണത്. എന്നാല്‍ ഈ ഡിജിറ്റല്‍ കാലം പുറത്താക്കുന്ന മനുഷ്യരോട് ഐക്യപ്പെടാതെ മുന്നോട്ടു പോകാനും നമുക്കാവില്ല എന്നതിനാല്‍ ഉറപ്പായും ഡിജിറ്റല്‍ എന്ന ഒറ്റ അച്ചിലേക്ക് നമുക്ക് ഇക്കാലത്തെ ചുരുക്കാനുമാവില്ല. കേരളത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലത്തു നാം ഏറെ ചര്‍ച്ച ചെയ്തത് ഇത് പ്രാപ്യമല്ലാത്ത ഒരു വിഭാഗം കുട്ടികളെക്കൂടി കരുതിയാണ്. ആ കരുതല്‍ നാം ആര്‍ജിച്ചെടുത്ത ജനാധിപത്യബോധ്യത്തില് നിന്ന് ഉണ്ടായിവരുന്നതാണ്. ഹോം എന്ന ചിത്രം പക്ഷെ വളരെ കൃത്യമായി ഒരു തിരശ്ചീന വരക്കപ്പുറം ഡിജിറ്റല്‍ കാലത്തെ തിന്മയെയും ഇപ്പുറം കുടുംബ നന്മയെയും നിര്‍ത്തുന്നു. ഇത് കേവലമായ കാഴ്ചയുടെ സംതൃപ്തിക്ക് വേണ്ടി മാത്രമാണ്.
തീര്‍ത്തും വ്യാജമായ ഇത്തരം മധ്യവര്‍ഗ കാഴ്ചകള്‍ക്കിടയിലും സത്യസന്ധമായ ചില അവതരണങ്ങളും അതിഗംഭീരമായ ചില പ്രകടനങ്ങളും കാണാതിരിക്കാനാവില്ല ഹോം എന്ന ചിത്രത്തില്‍. വൈകാരികമായി എളുപ്പത്തില്‍ മാറ്റിയെടുത്തെങ്കിലും ഒലിവര്‍ ട്വിസ്റ്റ്, ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ കടയായി മാറിയ തന്റെ പഴയ കാസറ്റ് കട സന്ദര്‍ശിക്കാന്‍ വരുന്ന രംഗം ഹൃദ്യമാണ്. തന്റെ തൊഴിലിടം ഒരു കാലത്തിന്റെ ഷിഫ്റ്റില്‍ മറ്റൊരു തൊഴിലിടമായി മാറിയ ഘട്ടത്തെ നിശബ്ദമായി നിസ്സംഗമായി കണ്ടു നില്ക്കുന്ന മനുഷ്യന്റെ പ്രതിനിധാനമാവുന്നുണ്ട് ഒലിവര്‍ ട്വിസ്റ്റ്.
ഒലിവര്‍ ട്വിസ്റ്റായി വേഷമിട്ട ഇന്ദ്രന്‍സ് തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷപ്പകര്ച്ചകളില് ഒന്നാക്കി മാറ്റുന്നുണ്ട് ഈ കഥാപാത്രത്തെ. ഡോ ബിജു സംവിധാനം ചെയ്ത വെയില് മരങ്ങളിലെ പ്രകടനത്തോളം മികവുറ്റതാക്കാന്‍ ഇന്ദ്രന്‍സിനു കഴിയുന്നുണ്ട് ഈ ചിത്രത്തിലും. മറ്റൊരു ശ്രദ്ധേയമായ പ്രകടനം മഞ്ജു പിള്ളയുടേതാണ്. കുട്ടിയമ്മയായി, ശ്രദ്ധേയമായ പ്രകടനമാണ് മഞ്ജു കാഴ്ച വെച്ചത്.
വീട്ടകങ്ങളില്‍ പരാജയപ്പെട്ടുപോയ മനുഷ്യര്‍ക്ക് മാനവികമായ ഒരു രാഷ്ട്രീയ സന്ദേശം ലോകത്തിനോട് പറയാനുണ്ട്. അത് മുതലാളിത്ത വ്യവസ്ഥിതിയോടു പൊരുതിവീണുപോയ സമരങ്ങളുടെ രാഷ്ട്രീയമാണ്. എന്നാല്‍ ആ പരാജയത്തെ, അവരുടെ സമരങ്ങളെ കേവലം വൈകാരികമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നിടത്താണ് ഹോം എന്ന ചിത്രത്തിന് ഇടര്‍ച്ച സംഭവിക്കുന്നത്. നിരവധി സാധ്യതകളുള്ള ഒരു സന്ദര്‍ഭത്തെ മടുപ്പിക്കുന്ന കുടുംബ നന്മകളുടെ ആഖ്യാനത്തിലേക്ക് ചുരുക്കിക്കെട്ടിപ്പോയി റോജിന്‍ തോമസ്. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലെ കൗതുകാഖ്യാനത്തെ ശരാശരിയില്‍ ഹോം എന്ന ചിത്രത്തിലും പരീക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് റോജിന്‍.
ലളിതമായി കണ്ടിരിക്കാവുന്ന ഒരു ചെറിയ ചിത്രം എന്ന പരസ്യം ഈ ചലച്ചിത്രത്തെ സഹായിക്കുമ്പോഴും ഈ ചിത്രം അതിനിടയില്‍ പങ്കുവെക്കുന്ന കാലത്തിനു യോജിക്കാത്ത സന്ദര്‍ഭങ്ങളെ പരിശോധിക്കാതിരുന്നുകൂടാ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..