ഹരിയാനയിലെ പ്രകൃതി സ്നേഹികളുടേയും പരിസ്ഥിതി സംരക്ഷകരുടേയും പ്രക്ഷോഭങ്ങളുടേയും സമര പരിപാടികളുടേയും ഫലമായാണ് സര്‍ക്കാരിന്റെ തീരുമാനം.
‘ സര്‍ക്കാരിന്റെ പദ്ധതി പ്രകാരം, ആദ്യം പ്രാദേശിക സസ്യങ്ങളേയും വന്യജീവികളേയും വിലയിരുത്തും. പിന്നീട് നാടന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് പ്രദേശം വേലി കെട്ടി സംരക്ഷിക്കും. കൂടാതെ ചെടികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി ഒരു ടീമിനെ സജ്ജമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. വന്യജീവികള്‍ക്കായി ജലസ്രോതസ്സുകള്‍ പുനസ്ഥാപിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യും. ഇതിനായി ഭൂഗര്‍ഭ ജല സ്രോതസ്സുകളെ ആശ്രയിക്കാനാണ് തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും ഹരിയാനയിലെ വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചതിന് ശേഷം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും.’ — ഗുരുഗ്രാം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാജീവ് താജ്യന് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നശിക്കുന്ന ആരവല്ലി വനമേഖല
ജനസംഖ്യാ വര്‍ധനവും നഗരവത്കരണവും തന്നെയാണ് ആരവല്ലി വനമേഖലയെ നശിപ്പിക്കുന്നത്. ഈ മേഖലകളില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണവും വനനശീകരണവും ഖനനവും കാരണം, 1990 മുതല്‍ ഈ മേഖല ചുരുങ്ങിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ വന മേഖലകള്ക്കിടയിലൂടെയുള്ള റോഡിന്റെ നിര്‍മ്മാണം പ്രകൃതിദത്ത ആവാസവ്യവസ്ഥയെ തകിടം മറച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വാഹനങ്ങള്‍ തട്ടി നിരവധി വന്യമൃഗങ്ങളാണ് ഈ പ്രദേശത്ത് ചത്തത്. മാത്രമല്ല ഇതേ കാലയളവില്‍ തന്നെ പുള്ളിപ്പുലി അടക്കമുള്ള മൃഗങ്ങള്‍ മനുഷ്യനെ ആക്രമിച്ചിരുന്നതും പതിവ് കാഴ്ചയായിരുന്നു. കാട്ടുമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ മനുഷ്യന് നശിപ്പിക്കുമ്പോള്‍ അവര്‍ മനുഷ്യവാസമുള്ള പ്രദേശത്തേക്ക് വരും എന്നത് ആരവല്ലി മേഖലയെ സംബന്ധിച്ച് സത്യമായിരിക്കുകയാണ്.
ഗുരുഗ്രാമിലും ആരവല്ലി മേഖലകളിലും ധാരാളം സസ്തനികള്‍ ഉണ്ടെന്നും അവയൊന്നും സുരക്ഷിതരല്ലെന്നും സെന്റര്‍ ഫോര്‍ ഇക്കോളജി, ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ചും ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ (World Wide Fund for Nature-India) യും 2019 ലും 2020 ലും നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മാത്രവുമല്ല, ആരവല്ലി മലനിരകളുടെ ഭാഗവും പ്രശസ്തവുമായ ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ സസ്തനികള്‍ ഗുരുഗ്രാമാം മേഖലകളില്‍ ഉണ്ടെന്നും പറയുന്നു.
വരയുള്ള കഴുതപ്പുലികള്‍, പുള്ളിപ്പുലികള്‍, പലതരത്തിലുള്ള മുയലുകള്‍, മുള്ളന്‍പന്നി, ചെറിയ ഇന്ത്യന്‍ കീരികള്‍, എന്നിവയാണ് ഗുരുഗ്രാമിലെ വനമേഖലകളെ സമ്പന്നമാക്കുന്ന വന്യജീവികള്‍. കൂടാതെ, ഇലപൊഴിയും കാടുകളും പച്ചപ്പ് നിറഞ്ഞ വനങ്ങളാല്‍ മൂടപ്പെട്ട നിരവധി കുന്നുകളും പാറകളും ഈ പ്രദേശത്ത് ഉള്‍പ്പെടുന്നു.
ആരവല്ലിയിലെ അനധികൃത നിര്‍മ്മാണം
ഫരീദാബാദ്, ഗുരുഗ്രാം എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ച് ആരവല്ലിമേഖലകളിലുള്ള 60 ഫാം ഹൗസുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താന്‍, ഹരിയാന സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനമേഖലയിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ഹരിയാനയിലെ ഐ.എ.എസ് ഓഫീസറായ അശോക് ഖേംക സമര്‍പ്പിച്ച ആര്.ടി.ഐ പ്രകാരമാണ് എസ്.ഐ.സി (state information commission) അന്വേഷണഉത്തരവ് പുറപ്പെടുവിച്ചത്. വനഭൂമിയിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും നീക്കംചെയ്യാനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് എസ്.ഐ.സിയുടെ ഉത്തരവ്.
അതേസമയം, സുപ്രീംകോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലും (എന്‍.ജി.ടി) ഉത്തരവിട്ടിട്ടും ആരവല്ലിയിലെ സംരക്ഷിത കുന്നുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരവല്ലിയുടെ പല സ്ഥലങ്ങളിലുമായി മരങ്ങള്‍ വെട്ടിത്തെളിക്കുന്നതും അതിര്‍ത്തികള്‍ മതിലുകളാല്‍ വേര്‍ത്തിരിക്കുന്നതും ഫാം ഹൗസുകളുടെ നിര്‍മ്മാണവും പതിവ് കാഴ്ചയാണ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 1992ലെ ആരവല്ലി വിജ്ഞാപന പ്രകാരം ഇവയെല്ലാം നിരോധിച്ചിരുന്നവയായിരുന്നു.
ആരവല്ലി മേഖലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംരക്ഷിത മേഖലകളിലെ അനധികൃത നിര്‍മാണങ്ങളുടെ വ്യാപ്തി അളക്കാന്‍ ഗുരുഗ്രാം ഭരണകൂടം എല്ലാ വനപ്രദേശങ്ങളിലും സര്‍വേ നടത്താനും ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശങ്ങള്‍ നിരീക്ഷിക്കാനും ആഗസ്റ്റ് മാസത്തില്‍ ഉത്തരവ് ഇറക്കിയിരുന്നു. സര്‍വേ പ്രകാരം വനമേഖലകളിലും പരിസരങ്ങളിലും നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളുടേയും മറ്റ് നിര്മ്മിതികലുടേയും പട്ടിക തയ്യാറാക്കിയ ശേഷം, വനം വകുപ്പ് രേഖകള്‍ പരിശോധിച്ച് നിയമവിരുദ്ധമായവ തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
2018 മുതല്‍ പ്രതിഷേധം
മരങ്ങള്‍ വെട്ടി നശിപ്പിച്ചും കാടുകള്വെട്ടിത്തെളിച്ചുമുള്ള വികസനം വേണ്ടെന്നാണ് ഗുല്ഗ്രാമിലെ പരിസ്ഥിതി പ്രവര്‍ത്തകരും പൗരന്മാരും പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലെ അതുല്‍ കതാരിയ ചൗക്കിലെ റോഡ് വികസനത്തിന്റെ ഭാഗമായി ഫ്ലൈഓവര്‍ നിര്‍മ്മിക്കാനും ഓഡിറ്റോറിയം പണിയാനുമായി 1400 ഓളം മരങ്ങള്‍ വെട്ടിവീഴ്ത്താന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതിയിട്ടിരുന്നു. ഇതിനെതിരെ 2018 ജൂലൈ ജൂലൈ 14 ന് ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രദേശത്ത് ഒരു മേല്‍പ്പാലത്തിന്റെ ആവശ്യമില്ലെന്നും നിലവിലെ റോഡ് ഗതാഗതം സുഗമമാക്കണം എന്നുമായിരുന്നു പ്രതിഷേധക്കാര്‍ വാദിച്ചത്.
‘ഈ നഗരത്തിന്റെ ശ്വാസകോശമാണ് വലുത് അതിന് മുന്നില്‍ ഒരു റോഡും വികസനവും വിലമതിക്കുന്നില്ല’. ‘ ശുദ്ധവായു ശ്വസിക്കുന്നത് എങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കുന്നില്ല.’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് ദൗ, സലൈ, ധോക്ക്, ബാബൂള്‍ തുടങ്ങിയ നാടന്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്ന്നായിരുന്നു പ്രതിഷേധക്കാര്‍ സമരം സംഘടിപ്പിച്ചത്.
എന്നാല്‍, ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാന്‍ വിശാലമായ റോഡ് നിര്‍മ്മിക്കേണ്ടതുണ്ടെന്നും നഷ്ടപ്പെട്ട മരങ്ങള്‍ക്ക് പകരം കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്നും ഹരിയാനയിലെ അന്നത്തെ വനം, പി.ഡബ്ല്യു.ഡി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന റാവു നര്‍ബീര്‍ സിംഗ് പ്രതിഷേധക്കാരെ അറിയിക്കുകയും ചെയ്തു.
ഒരു ചെറിയ സംസ്ഥാനമായ ഹരിയാനയില്‍ ഭൂരിഭാഗം പ്രദേശവും കാര്‍ഷികവൃത്തിക്കായി ഉപയോഗിക്കുന്നു. ഇവിടെ വനമേഖല കുറവാണ്. (ഹരിയാനയിലെ വനപ്രദേശം 1,588 ചതുരശ്ര കിലോമീറ്ററാണ്. അതായത്, ദേശീയ തലത്തില്‍ വെറും 3.59% മാത്രം).
****