മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളില്‍ ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്താതെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുന്നത് ഹര്‍ജി കൂടാതെ വോട്ടര്‍മാര്‍ക്ക് പരാതിപ്പെടാവുന്ന കുറ്റമാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 125എ വകുപ്പ് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളിലും ആഫ്രിക്കയിലെ സ്വത്തിനേയോ നിക്ഷേപത്തേയോ കുറിച്ച് അന്‍വര്‍ പറഞ്ഞിട്ടില്ല. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മണ്ഡലത്തില്‍ എംഎല്‍എയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ അന്‍വര്‍ തന്നെ ഒരു ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട് താന്‍ ആഫ്രിക്കയിലാണെന്ന് വ്യക്തമാക്കിയിരുന്നു.
ആഫ്രിക്കയില്‍ താന്‍ ഉപജീവന മാര്‍ഗത്തിന് വന്നതാണെന്നും അവിടെ തനിക്ക് നിക്ഷേപമുണ്ടെന്നും അന്‍വര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച 66 പേജുള്ള സ്വത്ത് വിവരങ്ങളില്‍ തന്റേയോ ആശ്രിതരുടേയോ പേരില്‍ ആഫ്രിക്കയില്‍ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്നില്ല.
അന്‍വര്‍ നടത്തിയിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടതെന്നും നിയമവിദഗ്ധര്‍ പറയുന്നു. തനിക്ക് ആഫ്രിക്കയില്‍ നിക്ഷേപമുണ്ടെന്ന് അന്‍വര്‍ തന്നെ മണ്ഡലത്തിലെ അസാന്നിധ്യത്തിന് കാരണമായി പറയുമ്പോള്‍ എന്തുകൊണ്ട് അത് തിരഞ്ഞെടുപ്പ് രേഖകളില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടത്.
Content Highlights: PV Anwar didn`t included details of his assets in Africa in nomination filed prior to assembly polls