കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പ്രിയപ്പെട്ട ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് അഥവാ സ്റ്റാര്‍ടര്‍ എന്താണെന്ന് ചോദിച്ചാല്‍ പാനിപൂരി എന്നായിരിക്കും മിക്കവരുടെയും ഉത്തരം തിരക്കുള്ള ഒരു തെരുവ് നോക്കിയാല്‍ അവിടെ ഒരു പാനിപൂരി കട തീര്‍ച്ചയായും ഉണ്ടായിരിക്കും. പുതിയ ഭക്ഷണ പരീക്ഷണം എന്ന പേരില്‍ പാനിപൂരി കഴിക്കുകയും പിന്നീട് ഈ വിഭവത്തിന്റെ കടുത്ത ആരാധകരാവുകയും ചെയ്തവര്‍ നിരവധിയാണ്. കേരളത്തിന് ഇവ പരിചിതമായത് വളരെ കുറച്ച് നാളുകള്‍ കൊണ്ടാണ്.
പാനിപൂരി കഴിക്കുമ്പോള്‍ തോന്നിയ പോലെ പിച്ചി കഴിക്കാനും പറ്റില്ല. മുഴുവനായി ഒറ്റയടിക്ക് വായിലേക്ക് ഇടണം. ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞന്‍ പൂരി നിങ്ങളുടെ രുചിമുകുളങ്ങളെ സാക്ഷാല്‍ കുബേരന്റെ ഭോജനശാലയിലേക്ക് എത്തിക്കും.
കുഞ്ഞന്‍ പൂരികള്‍ വന്നത് എവിടെ നിന്നായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? നോര്‍ത്ത് ഇന്ത്യന്‍ വിഭവം എന്നാണ് പേരെങ്കിലും ഇവയുടെ ഉത്ഭവം ഉത്തര്‍പ്രദേശാണ്.മഹാരാഷ്ട്രയില്‍ പാനിപൂരി എന്നാണെങ്കില്‍ ഹരിയാനയില്‍ ഇവയ്ക്ക് പേര് പാനി പതാശി എന്നാണ് ഇവയ്ക്ക് പേര്. ഒഡീഷയില്‍ പേര് ഗുപ് ചുപ് എന്നും വിളിക്കുന്നു ഇത്തരത്തില്‍ നിരവധി പേരുകളുണ്ട്. ഗോല്‍ഗപ്പ എന്ന പേരാണ് നോര്‍ത്ത് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിച്ചത്.
ഇന്ത്യയോട് അടുത്ത് കിടക്കുന്ന അയല്‍ രാജ്യ പ്രദേശങ്ങളിലും ഈ വിഭവം സുപരിചിതമാണ്,. കച്ചോരി എന്ന നോര്‍ത്ത് ഇന്ത്യന്‍ വിഭവത്തില്‍ നിന്നാണ് പാനിപൂരിയുടെ ഉത്ഭവമെന്നും പറയപ്പെടുന്നു. പാനിപൂരിയോട് സമാനമാണ് കച്ചോരിയുടെ രൂപവും.
ഒരു കുഞ്ഞന്‍ പന്തിന്റെ ആകൃതിയിലുള്ള മൊരിഞ്ഞ പൂരിയിലേക്ക് പുളിയുള്ള വെള്ളം ചേര്‍ക്കും അതാണ് പാനി.
പ്രത്യേക രീതിയിലാണ് ഈ വെള്ളം തയ്യാറാക്കുന്നത്.ഈ പുളിവെള്ളത്തില്‍ മുളക് പൊടി. ചാട്ട്, ഇമിലി ചട്നി അഥവ പുളി ചട്നി എന്നിവയുണ്ടാവും ഇതിലേക്ക് നല്ലവണ്ണം വേവിച്ച് ഉടച്ച് ഉരുളക്കിഴങ്ങ്, വെള്ളകടല ചേര്‍ക്കും. പിന്നെ സവാള അരിഞ്ഞതും ചേര്‍ക്കുന്നു. അല്‍പ്പം മല്ലിയിലയും ചേര്‍ത്താല്‍ അടിപൊളി
പൊതുവേ എരിവ്, പുളി എന്നിവ രണ്ട് ഫ്ളേവറുകളിലാണ് പാനിപൂരി ലഭിക്കുക. ചിലയിടങ്ങില്‍ ഇതിലധികം ഫ്ളേവറുകളും ലഭിക്കും. ബേല്‍പൂരി,ദഹിപൂരി,സേവ് പൂരി തുടങ്ങി പാനിപൂരിയോട് സമാനമായ ചാട്ട് വിഭവങ്ങള്‍ ലഭ്യമാണ്. നേപ്പാളില്‍ ലഭിക്കുന്ന ഫുച്ചക്ക,ഫുസ്ക്ക, പുസ്ക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാനിപൂരിയില്‍ മസാല ചേര്‍ത്ത് വേവിച്ച ഉരുളക്കിഴങ്ങാണ് ധാരാളം ഇടുന്നത്. ഇതിലും സമാന രീതിയില്‍ പുളിവെള്ളം ചേര്‍ത്താണ് കഴിക്കുന്നത്. ഈ വിഭവത്തില്‍ എരിവാണ് മുന്നിട്ട് നില്‍ക്കുന്നത്
ഇന്‍സ്റ്റന്റ് പാനിപൂരി മിക്സ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. രുചിക്ക് അനുസരിച്ച് ചേരുവകള്‍ മാറ്റി പരീക്ഷിച്ചാല്‍ മാത്രം മതിയാവും.പാനിപൂരിയില്‍ ടെക്വീല ഒഴിച്ച് കഴിക്കുന്ന വീഡിയോ അടുത്ത കാലത്ത് ശ്രദ്ധ നേടിയിരുന്നു. ഒരുപാട് മോഡേണ്‍ പരീക്ഷണങ്ങളും ഇന്ന് പാനിപൂരിയില്‍ നടക്കുന്നുണ്ട്.ചോക്ക്ളേറ്റ് ഒഴിച്ച് കഴിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നുവെങ്കിലും ഈ പരിക്ഷണത്തോട് പാനിപൂരി പ്രിയര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ് ചെയ്തത്
പാനി പൂരി വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ
ആദ്യം പൂരിയില്‍ ഒഴിക്കാനുള്ള പാനി അഥവാ വെള്ളം തയ്യാറാക്കം
ഇതിലേക്ക് ഒരു കപ്പ് പുളി ചട്ണി ആദ്യം തയ്യാറാക്കണം
പുളി വെള്ളത്തില്‍ കുതിര്‍ത്തത് – 100 ഗ്രാം
ശര്‍ക്കര -രണ്ട് സ്പൂണ്‍
ഉപ്പ് – രണ്ട് സ്പൂണ്‍
ഗരം മസാല – അര സ്പൂണ്‍
ചുക്ക് പൊടി – ഒരു സ്പൂണ്‍
കുരുമുളക് പൊടിച്ചത് – കാല് സ്പൂണ്‍
മുളക് പൊടി – കാല് സ്പൂണ്‍
ചാട്ട് മസാല – ഒരു സ്പൂണ്‍
ഇവയെല്ലാം ചേര്‍ത്ത് അരച്ച് ചട്ണി തയ്യാറാക്കാം
ശേഷം
പുതിന ഇല – ഒരു കപ്പ്
മല്ലി ഇല – ഒരു കപ്പ്
പച്ചമുളക് – 7
വറുത്ത് പൊടിച്ച ജീരകം – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ടേബിള്‍ സ്പൂണ്‍
മുളക് പൊടി – 1 ടീ സ്പൂണ്‍
വെള്ളം – 8 കപ്പ്
ചട്ണിയും ബാക്കി ചേരുവകളും നല്ലവണം മിക്സ് ചെയ്യുക
കുഞ്ഞന്‍ ഷേപ്പില്‍ പൂരി തയ്യാറാക്കാം. മൊരിഞ്ഞിരിക്കാന്‍ പൂരി മാവ് കുറയ്ക്കുമ്പോള്‍ റവയും ചേര്‍ക്കാം
മൊരിഞ്ഞ പുരിയുടെ മുകള്‍ ഭാഗം ചെറുതായി പൊട്ടിക്കുക ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ്, ബൂംദി, വെള്ളകടല വേവിച്ചത് എന്നത് ആവശ്യാനുസരണം ചേര്‍ക്കാം. ഇതിലേക്ക് തയ്യാറാക്കി വെച്ച വെള്ളം ചേര്‍ത്ത് മുഴുവനായി വായിലേക്കിട്ട് കഴിക്കാം. ആവശ്യമെങ്കില്‍ പുളിചടനി അല്‍പ്പം മാറ്റിവെച്ച് അതും ഒഴിച്ച് കഴിക്കാം.
ആദ്യം പാനി തയ്യാറാക്കിയ ശേഷം പൂരി തയ്യാറാക്കുന്നതാണ് നല്ലത്. ചൂടോടെയുള്ള പൂരിയില്‍ കഴിക്കാനാണ് രുചി.
കൂണുകള്‍ മുളച്ച പോലെ പാനിപൂരി വില്‍പ്പന എല്ലായിടത്തും ഉണ്ടെങ്കിലും ഇവ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന വൃത്തി പാലിക്കുന്നുണ്ടോ എന്നത് ചോദ്യ ചിഹ്നമാണ്. എങ്കിലും വൃത്തിയുള്ള സ്ഥലത്ത് നിന്ന് ഇവ വാങ്ങികഴിച്ചാല്‍ മറക്കാനാവത്ത രുചി അനുഭവം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
Content Highlights: About indian street food paanipuri