ഭക്ഷ്യസുരക്ഷയെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്ന കാലഘട്ടമാണിത്. ഈ ഓടുന്ന കാലത്ത് നാമെല്ലാം ശരിയായ ഭക്ഷണ രീതിയാണോ പിന്തുടരുന്നത് ? ഡയറ്റ് കണ്‍സള്‍ട്ടന്റായ ഡോ കരുണ എം.എസ് ഭക്ഷണ രീതിയെ കുറിച്ച് വ്യക്തമാക്കുന്നു.
സുരക്ഷിത ഭക്ഷണം
നമ്മള് കഴിക്കുന്ന ഭക്ഷണം സുരക്ഷിതമായിരിക്കണം ഇതോടൊപ്പം തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സാധിക്കണം. ഇന്നത്തെ കാലത്ത് ഒരുപാട് പ്രോസസ്ഡ് ഫുഡ് അഥവ റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നേരിട്ട് കൃഷി ചെയ്തെടുക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഇത്തരം ഫാസ്റ്റ് ഫുഡിന് നല്‍കാനായി സാധിക്കില്ല. ഗുണമേന്മ കൊണ്ടും പോഷകമൂല്യം കൊണ്ടും സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം ഭക്ഷണങ്ങള്‍ക്ക് സാധിക്കണം.
ഇന്നത്തെ കാലത്ത് ഭക്ഷ്യ സുരക്ഷ 100 ശതമാനവും ഉറപ്പാക്കുന്നില്ലെന്ന് വേണം പറയാന്‍ കാരണം ഫുഡ് ഫ്ളേവറിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ എത്രത്തോളം ഗുണമേന്മയുള്ളതാണ് വ്യക്തമല്ല. ലോക്കല്‍ ലെവലിലേക്ക് വരുമ്പോള്‍ ഫുഡ് കളറിങ്ങിനായി ടാര്‍ ഡൈ ടെക്സ്റ്റൈയില്‍ ഡൈ എന്നിവ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്.
പ്രോസസ്ഡ് ഫുഡ് എന്ന വില്ലന്‍
ഇന്നത്തെ കാലത്ത് എല്ലാവരും ജോലിക്ക് പോവുന്നവരാണ് സമയകുറവ് മൂലം പ്രോസസ്ഡ് ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ പരമാവധി ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീട്ടില്‍ തന്നെ ഉത്പാദിക്കുകയും പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്നതാണ് നല്ലത്.
ഇതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ന്യൂട്രിയന്റ് സപ്ലിമെന്റുകള്‍. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം സപ്ലിമെന്റുകളെ ആശ്രിയിക്കുന്നത് അപകടം വിളിച്ചു വരുത്തും. ശരീരഭാരം കുറയ്ക്കാം, അസുഖങ്ങള്‍ വരില്ല എന്ന പേരില്‍ വിപണിയിലുള്ള ഇത്തരം സാധനങ്ങളുടെ ആധികാരിത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണ രീതി
ആരോഗ്യമുള്ള ഭക്ഷണ രീതിയെ കുറിച്ചുള്ള അറിവിലായ്മ ഒരു പ്രശ്നം തന്നെയാണ്. ഇതിനെ കുറിച്ച വ്യക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ട്. ചപ്പാത്തി ആരോഗ്യത്തിന് ഏറ്റവും നല്ലതാണെന്നാണ് പൊതുബോധം. എന്നാല്‍ നമ്മള് കഴിക്കുന്ന കഞ്ഞിയും പയറുമൊക്കെയാണ് ഏറ്റവും നല്ലത്. വീട്ടില്‍ തയ്യാറാക്കുന്ന ചപ്പാത്തി നല്ലതാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന റെഡി ടു കുക്ക് ചപ്പാത്തി ആരോഗ്യത്തിന് അത്ര നല്ലതാവണമെന്നില്ല. അത് എത്ര ദിവസം വെച്ചതായിരിക്കും, അതില്‍ ഫുഡ് ഫ്ളേവറുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? ഇതെല്ലാം പരിശോധിച്ച ശേഷമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.തുടര്‍ച്ചയായി ഇത്തരത്തില്‍ പ്രോസസ്ഡ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനിക്കരമാണ്.
കുട്ടികളുടെ ഭക്ഷണരീതി
കുട്ടികള്‍ക്കിടയില്‍ പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. ഉദ്ദാഹരണത്തിന് 6 മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്കിയാല് മതിയെന്നാണ് നിര്‍ദേശിക്കുക. എന്നാല്‍ ചിലര്‍ വിപണിയില്‍ ലഭിക്കുന്ന ബേബി ഫുഡിനെ ആശ്രയിക്കും. മുലപ്പാലില്‍ നിന്ന ലഭിക്കുന്ന പ്രതിരോധ ശക്തി ഇത്തരം ബേബി ഫുഡില്‍ നിന്ന് ലഭിക്കില്ല. ബേബിഫുഡുകള്‍ കഴിക്കുന്ന കുട്ടികള്‍ നല്ല തടിച്ചുരുണ്ട് ഇരിക്കും എന്നാല്‍ ആരോഗ്യം ഉണ്ടാവില്ല പെട്ടെന്ന് അസുഖങ്ങളും വരും. കേരള സര്‍ക്കാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്ക്കുന്ന ഭക്ഷണങ്ങള്‍ നല്ലതാണ്. പരമാവധി മുലപ്പാല്‍ നല്‍കാനാണ് ശ്രമിക്കേണ്ടത്. ഫാസ്റ്റ് ഫുഡില്‍ നിന്നും കുഞ്ഞുങ്ങളെ അകറ്റി നിര്‍ത്തണം.
മാതാപിതാക്കള്‍ ഫാസ്റ്റ് ഫുഡിന് പിറകേ പോവുമ്പോള്‍ സ്വാഭാവികമായും കുഞ്ഞുങ്ങള്‍ക്കും അത്തരം ഭക്ഷണങ്ങളോട് ഇഷ്ടം കൂടും. അമിതവണ്ണമുള്ള കുഞ്ഞുങ്ങള്‍ ഇന്ന് ധാരാളമാണ്. പണ്ടൊക്കെ 14 മുതല്‍ 15 വയസ്സ് ആവുമ്പാഴാണ് ആദ്യ ആര്‍ത്തവം ഉണ്ടാവുന്നത് എന്നാല്‍ ഇന്ന് 8 വയസ്സ് മുതല്‍ ആര്‍ത്തവം ആരംഭിക്കും ഇതെല്ലാം ഭക്ഷണരീതി ശരിയല്ലാത്തത് കൊണ്ടാണ്.
തെറ്റായ ഭക്ഷരീതി ഹോര്‍മോണുകളെയും ബാധിക്കും ഇതിനാല്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പിസിഓഡി (Polycystic Ovarian Disease)ഇതിന്റെ അടുത്ത സ്റ്റേജാണ് വന്ധ്യത.
കൊറോണയുടെ കാര്യം തന്നെയെടുത്താല്‍ പ്രതിരോധ ശക്തിയുള്ളവര്‍ക്ക് ഈ അസുഖം വരുന്നത് നന്നേ കുറവായിട്ടാണ് കാണുന്നത്. നല്ല ആഹാരശീലങ്ങളാണ് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നത്.
സമീകൃത ആഹാരം
ഹൈ പ്രോട്ടീന്‍ ഡയറ്റ് പിന്തുടരുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന ചിന്ത സമൂഹത്തിലുണ്ട്. കുട്ടികള്‍ ജിമ്മില്‍ പോവുകയും വിലകൂടിയ പ്രോട്ടീന്‍ പൗഡറുകള്‍ ധാരാളം വാങ്ങി കഴിക്കുന്നതും കാണാം. നമ്മുടെ പയറുവര്‍ഗങ്ങള്‍, മാംസാഹാരങ്ങള്‍ എന്നിവയില്‍ തന്നെ ധാരാളം പ്രോട്ടീനുണ്ട്
ഒരുപാട് പ്രോട്ടീന്‍, ഇറച്ചി എന്നിവ വലിച്ചു വാരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ചിന്തയാണ് മാറ്റേണ്ടത്. ബാലന്‍സ്ഡ് ഡയറ്റ് അഥവ സമീകൃത ആഹാരമാണ് കഴിക്കേണ്ടത്. എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് അത്യാവശ്യമാണ്. ഇതെല്ലാം കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ മാത്രമേ കാര്യമുള്ളു. എന്നാല്‍ മാത്രമേ പ്രതിരോധ ശക്തി ലഭിക്കുകയുള്ളു. അത് പോലെ തന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്നത്. നല്ല ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.
വെറ്റമീന് സി നല്ലതാണെന്ന് പറഞ്ഞ് ധാരാളം ഗുളികകള്‍ വാങ്ങി കഴിക്കണ്ട ആവശ്യമില്ല. നമുക്ക് ചുറ്റും ലഭിക്കുന്ന നെല്ലിക്ക, ചാമ്പയ്ക്ക എന്നിവയില്‍ തന്നെ ധാരാളം വൈറ്റമിന്‍ സി ഉണ്ട്. എന്നാല്‍ വലിച്ച് വാരി നെല്ലിക്ക ഉപയോഗിക്കുന്നതും നല്ലതല്ല.. എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
കഴിഞ്ഞ ലോക്ക്ഡൗണില്‍ സമൂഹമാധ്യമങ്ങള്‍ തുറന്ന് നോക്കിയാല്‍ ബക്കറ്റ് ചിക്കന്‍ പോലെ നിരവധി നോണ്‍വെജ് വിഭവങ്ങളുടെ ഉത്സമായിരുന്നു. ഇതെല്ലാം അമിതമായി ഉപയോഗിക്കുന്നതാണ് അപകടം.
സുഖിയന്‍, അട തുടങ്ങിയ നാടന്‍ വിഭങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത്തരം ഭക്ഷണമാണ് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നല്‍കേണ്ടത്. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സമീകൃത ആഹാരമാണ് ആരോഗ്യത്തിന് എറ്റവും നല്ലത്.
Content Highlights:world food safety day 2021