സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിങ് നിർബന്ധമാക്കിയതും ഓരോ ആഭരണത്തിനും പ്രത്യേക തിരിച്ചറിയൽ കോഡ് (എച്ച്യുഐഡി) ഏർപ്പെടുത്തിയതും സ്വർണാഭരണ വിൽപ്പനരംഗത്ത് ഗുണകരമായ മാറ്റം കൊണ്ടുവരും. വ്യാപാരം സുതാര്യമാകുകയും ഉപയോക്താക്കളുടെ കൂടുതൽ വിശ്വാസമാർജിച്ച് അഭിവൃദ്ധിപ്പെടുകയും ചെയ്യും. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്കിങ് ആരംഭിച്ചത്. എന്നാൽ, പല കാരണങ്ങൾകൊണ്ട് അത് നിർബന്ധമാക്കിയിരുന്നില്ല. ഈവർഷം ജൂൺമുതലാണ് നിർബന്ധമാക്കിയത്. ചെമ്പും വെള്ളിയും ചില ലോഹസങ്കരങ്ങളും സ്വർണാഭരണങ്ങൾ പണിയാൻ ഉപയോഗിക്കുന്നുണ്ട്. ആഭരണത്തിന് ബലവും ഈടും കിട്ടാൻ അതാവശ്യമാണ്. അതുകൊണ്ട് ആഭരണങ്ങളിൽ അടങ്ങിയിട്ടുള്ള സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കേണ്ടത് ഉപയോക്താക്കളുടെ അവകാശമാണ്.
സ്വർണാഭരണത്തിൽ (22 കാരറ്റ്) 91.6 ശതമാനവും 18 കാരറ്റിൽ 75 ശതമാനവും പരിശുദ്ധമായ സ്വർണം അടങ്ങിയിരിക്കണം. ഈ നിലവാരം ഉറപ്പാക്കി ഉപയോക്താവിന്റെ അവകാശം സംരക്ഷിക്കുകയാണ് ബിഐഎസ് ഹാൾമാർക്കിങ്ങിലൂടെ ചെയ്യുന്നത്. സ്വർണാഭരണങ്ങളിൽ ബിഐഎസ് ലോഗോയോടൊപ്പം ഇനി അക്ഷരങ്ങളും അക്കങ്ങളും ചേർന്ന ആറക്ക തിരിച്ചറിയൽ കോഡും (എച്ച്യുഐഡി) ഉണ്ടാകും. സ്വർണം വിറ്റ ജ്വല്ലറി, പരിശുദ്ധി, ഹാൾമാർക്കിങ് സെന്ററിന്റെ പേര് തുടങ്ങിയവ ഇതിലൂടെ മനസ്സിലാക്കാം. ഉപയോക്താക്കൾ സ്വർണാഭരണം വിൽക്കുമ്പോഴും മാറ്റിയെടുക്കുമ്പോഴും രാജ്യത്തെവിടെയായാലും ഉയർന്ന വില കിട്ടുമെന്നതാണ് ഇതിന്റെ ഗുണം. സ്വർണാഭരണം വാങ്ങുന്നവർക്ക് എല്ലാത്തരം അന്യായമായ ഇടപാടുകളിൽനിന്നും നിയമപരമായ സംരക്ഷണവും കണക്കിൽപ്പെടാത്ത കച്ചവടം അവസാനിക്കുന്നതിലൂടെ സർക്കാരിന് കൂടുതൽ വരുമാനവും കിട്ടും. ഇന്ത്യൻ ആഭരണങ്ങൾക്ക് അന്താരാഷ്ട്രവിപണിയിൽ കൂടുതൽ സ്വീകാര്യതയും ലഭിക്കും.
പുതിയൊരു പദ്ധതി നടപ്പാക്കാൻ തുടങ്ങുമ്പോൾ ചെറിയ ചില തടസ്സങ്ങൾ കണ്ടേക്കും. ഉപയോക്താക്കളുടെ താൽപ്പര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ഇക്കാര്യം നടപ്പാക്കുന്നത് നിസ്സാരമായ പോരായ്മകളുടെ പേരിൽ ഇത്രയും നീട്ടിവയ്ക്കാൻ പാടില്ലായിരുന്നു. ആവശ്യത്തിന് ഹാൾമാർക്കിങ് കേന്ദ്രങ്ങൾ ഇല്ലെന്ന പ്രശ്നം സ്വർണാഭരണവ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് 965 കേന്ദ്രമാണ് ബിഐഎസ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. 405 പുതിയ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ആകെയുള്ള 741 ജില്ലകളിൽ 256 ജില്ലകളിൽമാത്രം ഹാൾമാർക്കിങ് നിർബന്ധമാക്കിയത് എഎച്ച് സെന്ററുകളുടെ കുറവുകൂടി കണക്കിലെടുത്തായിരിക്കാം.
സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും ഹാൾമാർക്കിങ്ങിന്റെ പരിധിയിൽ വരും. ഇവിടെ ആവശ്യത്തിന് (73) ഹാൾമാർക്കിങ് കേന്ദ്രങ്ങളുണ്ട്. ഇടുക്കിയിൽമാത്രമാണ് ഇല്ലാത്തത്. ഉള്ള കേന്ദ്രങ്ങൾ മുഴുവൻശേഷിയും ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടില്ല. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ജ്വല്ലറികളെയും അന്താരാഷ്ട്രപ്രദർശനങ്ങൾക്കുള്ള ആഭരണങ്ങളെയും രണ്ടു ഗ്രാമിൽ താഴെയുള്ള ആഭരണങ്ങളെയും നിർബന്ധിത ഹാൾമാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഖനികളിൽനിന്ന് ഈ ലോഹം കുഴിച്ചെടുക്കുന്നതുമുതൽ സംസ്കരിച്ച് സ്വർണാഭരണമാക്കി ഉപയോക്താക്കളിൽ എത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം. ജോലി ചെയ്യുന്നവർക്ക് ന്യായമായ വേതനം ഉറപ്പാക്കണം. സാമൂഹിക പ്രതിബദ്ധതയോടെയാകണം എല്ലാ പ്രവൃത്തിയും. ‘ഇന്ത്യയിൽ നിർമിക്കുക; ലോകവിപണിയിൽ വിൽപ്പന നടത്തുക’ എന്നതാണ് മലബാർ ഗ്രൂപ്പിന്റെ മുദ്രാവാക്യം. നമ്മുടെ സമ്പദ്ഘടനയ്ക്കും തൊഴിൽമേഖലയ്ക്കും ഉത്തേജനം പകരാൻ അതുകൊണ്ട് കഴിയും. സർക്കാർ ഹാൾമാർക്കിങ് കൊണ്ടുവന്ന 2000 മുതൽതന്നെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുഴുവൻ ആഭരണങ്ങളും ഹാൾമാർക്കിങ്ങിന് വിധേയമാക്കിയിരുന്നു.
എം പി അഹമ്മദ് (ചെയർമാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..