കൊവിഡ്-19 മഹാമാരി സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയെങ്കിലും പ്രതിസന്ധികളെ നേരിടാന്‍ തെലങ്കാനക്ക് സാധിച്ചെന്ന് ധനമന്ത്രി ടി.ഹരീഷ് റാവു പറഞ്ഞു. 2020-21ല്‍ ആളോഹരി വരുമാനത്തില്‍ 10.8 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
കരുത്തുറ്റ സമ്പദ് വ്യവസ്ഥയുണ്ടായിരുന്നില്ലെങ്കില് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് ടി.ഹരീഷ് റാവു പറയുന്നു. സംസ്ഥാനം രൂപീകരിച്ച 2014ന് ശേഷം ഓരോ വര്‍ഷവും ആളോഹരി വരുമാനത്തില്‍ സുസ്ഥിരമായ വളര്‍ച്ചയുണ്ടായി. 2014-15 കാലയളവില്‍ ആളോഹരി വരുമാനത്തില്‍ സംസ്ഥാനം പത്താം സ്ഥാനത്തായിരുന്നു. 2020-21ല്‍ ഏഴു സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് മൂന്നാം സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
2015-16 കാലത്ത് കരുത്തരായ ഗുജറാത്തിനെയും 2016-17ല്‍ തമിഴ്നാടിനെയും 2017-18ല്‍ മഹാരാഷ്ട്രയെയും 2018-19ല്‍ കര്ണാടത്തെയും കേരളത്തെയും ഉത്തരാഖണ്ഡിനെയും തെലങ്കാന പിന്നിലാക്കി. ഹിമാചല്‍ പ്രദേശിനെ പിന്നിലാക്കിയാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
സംസ്ഥാന രൂപീകരണത്തിന് ശേഷം ആളോഹരി വരുമാനം പ്രതിവര്‍ഷം ശരാശരി 11.5 ശതമാനം വീതം വര്‍ധിച്ചെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2018 മുതല്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വേഗത്തിലാണ് തെലങ്കാനയുടെ ആളോഹരി വരുമാനം വര്‍ധിച്ചത്. 2014-15 കാലത്ത് തെലങ്കാനയുടെയും ഇന്ത്യയുടെയും ആളോഹരി വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കിലെ വ്യത്യാസം 1.1 ശതമാനമായിരുന്നു. 2020-21ല്‍ ഇത് 5.8 ശതമാനമായി വര്‍ധിച്ചു.
ഇന്ത്യയുടെ ആളോഹരി വരുമാനം 1.28 ലക്ഷം രൂപയാണ്. സിക്കിമിനും ഹരിയാനക്കും തെലങ്കാനക്കും പുറമെ ആറു സംസ്ഥാനങ്ങളാണ് 2020-21ല്‍ ഇന്ത്യയുടെ ആളോഹരി വരുമാനത്തേക്കാള്‍ കൂടുതല്‍ നേടിയത്. കര്‍ണാടകം, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ് നാട്, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഇവയെന്നും കേന്ദ്ര സ്ഥിതി വിവര-പദ്ധതി നടത്തിപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ 29ാം സംസ്ഥാനമായി 2014 ജൂണ്‍ രണ്ടിനാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. 1.12 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുള്ള സംസ്ഥാനത്ത് 3.5 കോടി ജനങ്ങളാണുള്ളത്. ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്ന തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് പതിറ്റാണ്ടുകള്‍ സമരം നടന്നു.ഇതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്ണാടകംസ ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തെലങ്കാനയുമായി അതിര്‍ത്തി പങ്കിടുന്നത്. ഹൈദരാബാദ്, വാരങ്കല്‍, നിസാമാബാദ്, നല്‍ഗൊണ്ട, ഖമ്മാം, കരീംനഗര്‍ എന്നിവയാണ് പ്രധാന നഗരങ്ങള്‍.
****