ഗോലു സിങ് എന്ന പേരിലാണ് തസ്ലീം കച്ചവടം നടത്തിയിരുന്നതെന്ന് പെണ്‍കുട്ടിയുടെ പരാതി പറയുന്നു. വള വാങ്ങിയ ശേഷം പണമെടുക്കാന്‍ അമ്മ വീടിന് അകത്തേക്ക് പോയ സമയത്താണ് തസ്ലീം ഉപദ്രവിച്ചതത്രെ. പോക്സോക്കു പുറമെ, വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ചൊവ്വാഴ്ച്ച കസ്റ്റഡിയില്‍ എടുത്ത തസ്ലീമിനെ ബുധനാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ടു ആധാര്‍ കാര്‍ഡുകളും ഒരു വോട്ടര്‍ ഐഡി കാര്‍ഡും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
വിവരങ്ങളറിയാന്‍ തസ്ലീമിനെ കാണാന്‍ സാധിച്ചില്ലെന്ന് സഹോദരന് ജമാല്‍ അലി പറഞ്ഞു. പൊലിസ് സ്റ്റേഷനില്‍ പോയി അപേക്ഷ നല്‍കിയെങ്കിലും കാണാന്‍ അനുവദിച്ചില്ലെന്നാണ് ജമാല്‍ അലി പറയുന്നത്.
സംഭവം ഇങ്ങനെ
ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നുള്ള വളക്കച്ചവടക്കാരനായ തസ്ലീം അലി മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഗോവിന്ദ് നഗര്‍ പ്രദേശത്ത് വെച്ചാണ് ഞായറാഴ്ച്ച വൈകീട്ട് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഹിന്ദു പ്രദേശത്ത് ഇനി മേലാല്‍ വരരുതെന്നും ഞങ്ങളുടെ സഹോദരിമാരും പെണ്‍കുട്ടികളും വരുന്നിടത്ത് വള വില്‍ക്കുകയാണോ എന്നും അക്രമികള്‍ ആക്രോശിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അക്രമികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് രാത്രിയില്‍ പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.
തസ്ലീമിന്റെ പരാതിയില്‍ പത്ത് മണിക്കൂറിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ഈ കേസില്‍ നാലു അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാകേഷ് പവാര്‍, വികാസ് മാളവിയ, രാജ്കുമാര് ഭട്ട്നഗര്‍, വിവേക് വ്യാസ്് എന്നിവരാണ് അറസ്റ്റിലായതെന്ന് ബംഗാന പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള രാജേന്ദ്ര സോണി അറിയിച്ചു. വിഡീയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വളക്കച്ചവടം നടത്തി തസ്ലീം കൈവശം വെച്ചിരുന്ന 10000 രൂപയും 25000 രൂപയോളം വില വരുന്ന വളകളും അക്രമികള്‍ തട്ടിയെടുത്തുവെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിലെ റിപ്പോര്‍ട്ട് പറയുന്നത്.
അതേസമയം, ജില്ലയില്‍ ദേശവിരുദ്ധ ശക്തികള്‍ സജീവമാവുന്നതായി ആരോപിച്ച് ഹിന്ദു ജാഗ്രതാ മഞ്ച് പ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് ആസ്ഥാനം ഉപരോധിച്ചു. ഭാരത് മാതാ കീ ജയ്, ജയ് ജയ് സിയാ രാം, പാക്കിസ്താന് മുര്‍ദാബാദ്, ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേ മാതരം ചൊല്ലണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് പറയുന്നു. പ്രദേശത്ത് ഒരു സമുദായത്തിന് എതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്‍ഡോറിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു സമുദായത്തെയും അനുവദിക്കില്ലെന്ന് ഇന്‍ഡോര്‍ ഡിഐജി മനീഷ് കപൂരിയ അറിയിച്ചു.
രാഷ്ട്രീയ വിവാദം
മറ്റൊരു മതത്തില്‍ പെട്ടയാള്‍ ഹിന്ദുപേരില്‍ സ്ത്രീകള്‍ക്ക് വളക്കച്ചവടം നടത്തിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മന്ത്രി നരോത്തം മിശ്ര ആദ്യം പറഞ്ഞത്. ഇരുകൂട്ടര്‍ക്കും എതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. അക്രമികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കളക്ടര്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്.
ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് വിഷയത്തില്‍ രാഷ്ട്രീയ വിവാദവും രൂപപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ വളക്കച്ചവടക്കാരന് തസ്ലീമിനെതിരെ കുടുക്കാന്‍ പൊലീസ് ഗുരുതരമായ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി എ ഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു. തസ്ലീമിനെ ആക്രമിച്ചവരെ സംരക്ഷിക്കുന്ന രീതിയിലാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സംസാരിച്ചതെന്നും ഒവൈസി ആരോപിക്കുന്നു.
മധ്യപ്രദേശിലെ വിഷയത്തില്‍ ഒവൈസി തലയിടേണ്ടതില്ലെന്ന് നരോത്തം മിശ്രയും പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാരിന് അറിയാം. വ്യാജ രേഖ ചമക്കുന്നവരും യഥാര്‍ത്ഥ സ്വത്വം മറച്ചുവെക്കുന്നവരും ക്രിമിനലുകളാണെന്നും മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ സംഘര്‍ഷവും ധ്രുവീകരണവുമുണ്ടാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഡല്‍ഹിയില്‍ പറഞ്ഞു.
അക്രമം നടന്നത് അഫ്ഗാനിസ്താനില്‍ അല്ലെന്നും ശിവ് രാജ് സിങ് ചൗഹാന്റെ മധ്യപ്രദേശിലാണെന്നും കോണ്‍ഗ്രസ് നേതാവ് ഇമ്രാന് പ്രതാപ് ഗാര്‍ഹി ട്വീറ്റ് ചെയ്തു. തസ്ലീമിന് നഷ്ടപരിഹാരവും നിയമസഹായവും നല്‍കുമെന്നും ട്വീറ്റ് പറയുന്നു.
തസ്ലീം ആക്രമിക്കപ്പെട്ട ആദ്യ കേസ് ദുര്‍ബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോക്സോ കേസെന്ന് അഭിഭാഷകനായ ഇഹ്തെഷാം ഹാഷ്മി ആരോപിച്ചു.
പോപുലര്‍ ഫ്രണ്ട് നിരോധനം പരിഗണനയിലെന്ന്
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ പ്രതിനിധി സംഘം തന്നെ സന്ദര്‍ശിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാലില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിനിധികള്‍ നല്കിയ നിവേദനത്തിന്റെ പകര്‍പ്പ് ആഭ്യന്തരവകുപ്പിന് കൈമാറിയെന്നും ഉചിതമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
തസ്ലീം ആക്രമണത്തിന് ഇരയായ ശേഷം ചില നിരോധിത സംഘടനകള്‍ ഇന്‍ഡോറിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായി ജില്ലാ കളക്ടര്‍ മനീഷ് സിങ് ആരോപിച്ചതായി എന്‍ഡിടിവിയിലെ റിപ്പോര്‍ട്ട് പറയുന്നു.
” അവരെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ ഇന്‍ഡോറില്‍ എത്തി യുവാക്കളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുകയാണ്. പൊലീസ് സ്റ്റേഷന് നടന്ന പ്രതിഷേധത്തില്‍ അവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്”–കളക്ടര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന് ഉപരോധിച്ച സംഭവത്തില്‍ മൂന്നു പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
****