‘വളരെ തന്ത്രപരമായാണ് തട്ടിപ്പുകാര്‍ പ്രായമായവരെ ഫോണിലൂടെ ബന്ധപ്പെടുന്നത്. മിക്കവരും ബന്ധപ്പെടുന്നത് ബാങ്കുകളില്‍ നിന്നാണെന്ന് പറഞ്ഞാണ്. കൂടാതെ, കുറച്ച് സമയം സംസാരിച്ച് ഇവരെ കയ്യിലെടുക്കുകയും അവരറിയാതെ വിവരങ്ങള്‍ ചോര്‍ത്തുകയുമാണ് ചെയ്യുന്നത്. തുക അക്കൗണ്ടില്‍ നിന്നും പോയതിന് ശേഷമാണ് പലരും തങ്ങള്‍ തട്ടിപ്പിന് ഇരകളായ വിവരം അറിയുന്നത്. എന്നാല്‍ അതിനുള്ളില്‍ തന്നെ വിവിധ പേയ്മെന്റ് ഗേറ്റ്വേകളിലൂടെ പണം വ്യാജ അക്കൗണ്ടില്‍ സുരക്ഷിതമായി എത്തിയിട്ടുണ്ടാകും.’ — അധികൃതരുടെ വാക്കുകള്‍ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ ഫോണിലൂടെ സംസാരിച്ചുകൊണ്ട് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്, പലരും ജീവിത കാലം മുഴുവന്‍ അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യവും പെന്ഷന് തുകയുമൊക്കെയാണ്. അത് പതിനായിരങ്ങളില്‍ തുടങ്ങി ലക്ഷങ്ങള്‍ വരെ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഹൈദരാബാദ്, സൈബരാബാദ് എന്നിവിടങ്ങളിലെ കമ്മീഷണര്‍ ഓഫീസുകളില്‍ ഓരോ മാസവും ഏകദേശം 10 ലധികം ഫിഷിംഗ് കേസുകള്‍ ലഭിക്കുന്നുണ്ടെന്നും അതില്‍ 5 പരാതികളും ഉയരുന്നത് മുതിര്‍ന്ന പൗരന്മാരുടെ ഭാഗത്ത് നിന്നുമാണെന്നും രചകൊണ്ടയിലെഎ.സി.പി (സൈബര്‍ ക്രൈം) എസ്. ഹരിനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഡല്‍ഹി, മധ്യപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകാരാണ് മിക്ക കേസുകളിലും പ്രതികള്‍ എന്നാണ് പോലീസ് ഭാഷ്യം.
നഗരം കയ്യടക്കി എ.ടി.എം തട്ടിപ്പുകാര്‍
ഹൈദരാബാദ് ലക്ഷ്യമാക്കി മറ്റു പല രീതികളിലും പണം തട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു.
ലോക്ഡൗണ്‍ സമയത്ത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന് പതിവായിരുന്നപ്പോള്‍, കൊവിഡിനേക്കാള്‍ അപകടകാരികള്‍ ആയിരുന്നത്, എ.ടി.എം തട്ടിപ്പുവീരന്മാരായിരുന്നു. എ.ടി.എം കാര്‍ഡിന്റെ പിന് നമ്പറും, കാര്‍ഡും മോഷ്ടിച്ചായിരുന്നു മോഷ്ടാക്കള്‍ പണം കവര്‍ന്നത്. ഹൈദരാബാദ് സിറ്റിയില്‍ മാത്രം നാല് തട്ടിപ്പുകാരെയാണ് പോലീസ് പിടികൂടിയത്.
എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് രചകൊണ്ട പോലീസ് ജൂലായ് 24 ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എ.ടി.എം കേന്ദ്രങ്ങളില്‍ എത്തിയിരുന്ന പ്രായമായ ഉപഭോക്താക്കളെ സഹായിക്കാനാണെന്ന വ്യാജേന രാജേന്ദര്‍ എന്നയാള്‍ അവരില്‍ നിന്നും പിന് നമ്പര്‍ വാങ്ങി കാര്‍ഡ് മോഷിച്ചു. പിന്നീട് തന്ത്രപരമായി അവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുകയും ശരിയായ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം മോഷ്ടിക്കുകയും ചെയ്തു. രാജേന്ദറില് നിന്ന് 1.4 ലക്ഷം രൂപയും 15 എ.ടി.എം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിരുന്നു.
അതുപോലെ തന്നെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനു സമീപമുള്ള എ.ടി.എം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പണം തട്ടിയിരുന്ന ബീഹാറില്‍ നിന്നുള്ള അഞ്ചംഗ സംഘത്തെ ജൂലൈ 9 ന് ഗോപാലപുരം പോലീസ് പിടികൂടിയിരുന്നു. അവരില്‍ നിന്നും 23 ഡ്യൂപ്ലിക്കേറ്റ് എ.ടി.എം കാര്‍ഡുകളും കണ്ടെത്തിയിരുന്നു. പ്രായമായവര്‍ തന്നെയായിരുന്നു ഇവരുടേയും ഇരകള്‍ എന്ന് ഗോപാലപുരം പോലീസ് മാധ്യമങ്ങളോട് പിന്നീട് പറഞ്ഞിരുന്നു.
ഇതിന് പുറമെ, പുതിയ രൂപത്തിലുള്ള ക്രിപ്റ്റോകറന്സികളിലൂടെയും തട്ടിപ്പ് നടത്തുന്നുണ്ട്. കള്ളപ്പണം വെളിപ്പിക്കുന്നതിന്റെ ഭാഗമായി ബിറ്റ്കോയിനുകള്‍ വില്‍പ്പന നടത്തിയതിന് ജൂലൈ 24 ന് അക്ഷയ് ഗൗഡ എന്നയാളെ ഹൈദരാബാദ് സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം പിടികൂടി. 3,14,526 രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ഹൈദരാബാദ് സ്വദേശിയായ മനീഷ് റെഡ്ഡിയാണ് സിറ്റി പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍, 25-കാരനായ ഗൗഡയെ ഐ.ടി ആക്ട് 2000, സെക്ഷന്‍ 66 ഡി പ്രകാരവും ഐ.പി.സി സെക്ഷന്‍ 419, 420 പ്രകാരവും പോലീസ് കേസെടുത്തു.
ഓണ്‍ലൈന്‍ തട്ടിപ്പുകളും എ.ടി.എം മോഷണങ്ങളും തുടങ്ങി നിരവധി സംഭവങ്ങള്‍ രാജ്യത്തുടനീളം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പോലും ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
‘ എ.ടി.എം ഉപയോഗിക്കുമ്പോള്‍ മറ്റൊരാളുടെ സാന്നിധ്യത്തില്‍ പിന് നല്‍കുകയോ കാര്‍ഡ് ആര്‍ക്കും കൈമാറുകയോ ചെയ്യരുത്. ഒരു ഇടപാട് നടത്തുമ്പോള്‍ എ.ടി.എം മെഷീനിന്റെ അടുത്തോ കീപാഡിന് സമീപമോ അധിക ഉപകരണം ഘടിപ്പിച്ചിട്ടില്ലെന്ന് എല്ലായ്പ്പോഴും ഉറപ്പു വരുത്തണം.”– ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ വിഭാഗമായ സൈബര്‍ ദോസ്റ്റ് ട്വീറ്റ് ചെയ്തു.
കൂടാതെ ഉപയോക്താക്കള്‍, സുരക്ഷ ഉറപ്പുവരുത്തണമെന്ന് എസ്.ബി.ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ ഒരു കാരണവശാലും പാസ്വേഡ്, ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സി.വി.വി, ഒ.ടി.പി തുടങ്ങിയ വ്യക്തിഗത വിവരങ്ങളോ അല്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ പങ്കിടാന്‍ പാടില്ല. അഥവാ അത്തരത്തിലുള്ള ആവശ്യങ്ങളുമായി ഇമെയിലുകള്‍, എസ്.എം.എസ്, ഫോണ്‍ കോളുകള്‍ എന്നിവ വരുകയാണെങ്കില്‍ അതിനോട് പ്രതികരിക്കാതെ ഉടന്‍ തന്നെ report.phishing@sbi.co.in എന്ന മെയിലേക്ക് വിവരങ്ങള്‍ അറിയിക്കേണ്ടതാണ്.’ — എസ്.ബി.ഐ ട്വീറ്റ് ചെയ്തു.
പോലീസിന്റെ മുന്നറിയിപ്പ്
സൈബര്‍ കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ വര്‍ധിച്ച സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഹൈദരാബാദ് പോലീസ്. തട്ടിപ്പ് നടന്നെന്ന് തോന്നിയാല്‍ കൃത്യസമയത്ത് തന്നെ പോലീസിനെ വിവരമറിയിക്കണമെന്നാണ് ജനങ്ങളോട് പറയുന്നത്.
‘ തെളിവുകള്‍ സഹിതം ഇമെയില്‍ വഴി പരാതികള്‍ കൃത്യസമയത്ത് നല്കിയാല്, ഞങ്ങള്‍ക്ക് കാലതാമസം കൂടാതെ അന്വേഷണം ആരംഭിക്കാം. മാത്രമല്ല പെട്ടന്ന് പരാതികള്‍ ലഭിച്ചാല്‍ otp മുഖേനെ വിവിധ പേയ്മെന്റ് ഗേറ്റ്വേകളിലൂടെ നടത്തുന്ന തട്ടിപ്പ് ദ്രുതഗതിയില്‍ ഒഴിവാക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും.”– ഹൈദരാബാദ് എ.സി.പി (സൈബര്‍ ക്രൈം) കെ.വി.എം പ്രസാദ് പറഞ്ഞു.
അടുത്തിടെ നഗരത്തില്‍ നടന്ന ചില സംഭവങ്ങളെ തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിക്കാന്‍ സമയമെടുത്തുവെന്നും തട്ടിപ്പുകാരിലേക്ക് എത്താന്‍ സമയമെടുത്തുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആവശ്യ സമയത്ത് പോലീസിലേക്ക് വിളിക്കാവുന്ന 100 എന്ന നമ്പറും ഈ സേവനത്തിനും ഉപയോഗിക്കാമെന്ന് ഹൈദരാബാദ് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചിലര്‍ ഈ നമ്പറില്‍ വിളിച്ച് തെറ്റായ പരാതികള്‍ നല്‍കുകയും അത് ജോലി നിര്‍വ്വഹണത്തെ സാരമായി ബാധിക്കുകയും ചെയ്തതോടെ മെയില്‍ വഴി മാത്രം പരാതികള്‍ അയക്കാനും പോലീസ് നിര്‍ദേശിച്ചു.
****