രണ്ടാം ഡോസ് ഇന്ത്യയില്‍ നിന്ന് എടുത്തവര്‍ക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ സൗദിയിലേക്ക് തിരികെയെത്താനാവുമോ എന്നതായിരുന്നു അന്വേഷണങ്ങളില്‍ പ്രധാനപ്പെട്ട സംശയം
ജവാസാത്തിന്റെ ട്വിറ്ററില്‍ സംശയങ്ങളുമായി പ്രവാസികള്‍
സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കൊപ്പം സൗദിയില്‍ അംഗീകരിക്കപ്പെട്ട വാക്സിന് ഇന്ത്യയില്‍ നിന്ന് എടുത്തവര്‍ക്ക് യാത്രാനുമതി ഉണ്ടോ എന്ന കാര്യമായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആദ്യ ഡോസ് സൗദിയില്‍ നിന്ന് എടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയും രണ്ടാം ഡോസ് ഇന്ത്യയില്‍ നിന്ന് എടുക്കുകയും ചെയ്തവര്‍ക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ തിരികെയെത്താനാവുമോ എന്നതായിരുന്നു അന്വേഷണങ്ങളില്‍ പ്രധാനപ്പെട്ട വിഷയം.
ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കൊണ്ട് കാര്യമില്ല
നാട്ടില്‍ നിന്ന് വാക്സിനെടുത്ത ശേഷം തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നതായും ആ സ്ഥിതിക്ക് സൗദിയിലേക്ക് തിരികെയെത്താന്‍ കഴിയുമോ എന്നായിരുന്നു പലരുടെയും സംശയം. പല സൗദി പൗരന്മാരും തങ്ങളുടെ ഇത്തരം ജീവനക്കാരെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാനാവുമോ എന്ന ചോദ്യവുമായി രംഗത്തെത്തി. പ്രവാസികളുടെ ബന്ധുക്കളും ഇതേക്കുറിച്ചുള്ള സംശയത്തിലായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച നിബന്ധനകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജവാസാത്ത് വ്യക്തമാക്കി.
റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ക്കെല്ലാം നിയമം ബാധകം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയത്. ഇന്ത്യയ്ക്കു പുറമെ, റെഡ് ലിസ്റ്റില്‍ പെട്ട് യാത്രാ നിരോധനം നേരിടുന്ന പാകിസ്താന്, യുഎഇ, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എത്യേപ്യ, വിയറ്റ്നാം, അഫ്ഗാനിസ്താന്, ലബനാന് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യാത്രാ ഇളവ് പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്ത് നാട്ടിലേക്ക് എക്സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ക്കായിരുന്നു നേരിട്ടുള്ള തിരിച്ചുവരവിന് അധികൃതര്‍ അനുമതി നല്‍കിയത്. ഇങ്ങിനെ മടങ്ങിവരുന്നവര്‍ സൗദിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
യാത്രാനുമതി ഒന്നര വര്‍ഷത്തിനു ശേഷം
അതുവരെ സൗദി പൗരന്മാര്ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമേ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശനാനുമതി നല്കിയിരുന്നുള്ളൂ. അല്ലാത്തവര്‍ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതായിരുന്നു വ്യവസ്ഥ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 15നാണ് സൗദി അറേബ്യ വിദേശ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം മെയ് 17ന് യാത്രാവിലക്ക് പിന്‍വലിച്ചുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങള്‍ക്കെതിരായ വിലക്ക് തുടരുകയായിരുന്നു. ഇവിടങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഇത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : jawazat responds to flurry of queries; states direct entry to only those fully vaccinated from kingdom
Malayalam News from malayalam.samayam.com, TIL Network