തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ 100-ാം ദിനം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് 115 കര്‍മ്മപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി റവന്യു വകുപ്പ് 13,600ലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജന്.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തന്നെ അവതരിപ്പിച്ച റവന്യു വകുപ്പിന്റെ ലക്ഷ്യം എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ പ്രവര്‍ത്തനങ്ങളും സ്മാര്‍ട്ട് എന്നാണ്. ആദ്യത്തെ നൂറ് ദിവസത്തില്‍ തന്നെ ഈ മുദ്രാവാക്യങ്ങളുടെ അന്തഃസത്ത അഞ്ചുവര്‍ഷംകൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള പരിപാടികള്‍ തയ്യാറാക്കി മുന്നാട്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം കൊടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയം നല്കാന് പരിശ്രമിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ 12,000 പട്ടയങ്ങള്‍ കൊടുക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രിക്ക് റവന്യു വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ 13600ലേറെ പട്ടയങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പട്ടയങ്ങളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തയ്യാറാക്കിയ പട്ടയങ്ങള്‍ അടുത്ത മാസം 14ന് മുഖ്യമന്ത്രി പട്ടയമേളയിലൂടെ വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജന് അറിയിച്ചു. തൃശ്ശൂരിലാണ് പട്ടയമേളയുടെ സംസ്ഥാനതല ഉത്ഘാടനം നടക്കുക. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഉത്ഘാടനം നിര്‍വ്വഹിക്കുകയെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content highlights: Over thirteenthousand deeds will be distributed soon says revenue minister k rajan