Aug 27, 2021, 01:52 PM IST
ബിരിയാണി എന്ന വിഭവത്തിന് കേരളത്തില്‍ ഇപ്പോഴുള്ള പ്രചാരം നേടിക്കൊടുത്തതില്‍ ‘ദി ബിഗ് ഷെഫ്’ നൗഷാദിന്റെ കൈപുണ്യത്തിന് അത്ര ചെറുതല്ലാത്ത പങ്കുണ്ട്.
# നന്ദു ശേഖര്‍
നൗഷാദ് | ചിത്രം: naushadcatering.com
മലയാളിക്ക് അത്ര പരിചിതമല്ലാതിരുന്ന മറുനാടന്‍ ഭക്ഷണത്തിന്റെ പുതുരുചികള്‍ പരിചയപ്പെടുത്തുന്നതില്‍ എന്നും മുന്നിലായിരുന്നു നൗഷാദ്. ബിരിയാണി എന്ന വിഭവത്തിന് കേരളത്തില്‍ ഇപ്പോഴുള്ള പ്രചാരം നേടിക്കൊടുത്തതില്‍ ‘ദി ബിഗ് ഷെഫ്’ നൗഷാദിന്റെ കൈപ്പുണ്യത്തിന് അത്ര ചെറുതല്ലാത്ത പങ്കുണ്ട്.
നൗഷാദിന് തൊഴിലും അഭിനിവേശവും ജീവിതവുമെല്ലാം പാചകമായിരുന്നു. കുട്ടിക്കാലത്ത് പിതാവ് തിരുവല്ലയില്‍ ‘നൗഷാദ്’ എന്ന പേരില്‍ നടത്തിയിരുന്ന ഹോട്ടലില്‍ സമയം ചെലവഴിക്കുന്നതായിരുന്നു നൗഷാദ് കൂടുതലും ചെയ്തിരുന്നത്. ചെറിയ രീതിയില്‍ നടത്തിയിരുന്ന ഹോട്ടലായിരുന്നതിനാല്‍ കുടുംബത്തിലെ എല്ലാവരും ചേര്‍ന്നാണ് ഹോട്ടലിലെ ഓരോ പണികളും ചെയ്തിരുന്നത്.
സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അടുക്കളയില്‍ സഹായിക്കാനായി നൗഷാദും ഉണ്ടായിരുന്നു. പാചകത്തോടുള്ള നൗഷാദിന്റെ അമിതമായ അഭിനിവേശം ആ അടുക്കളയില്‍നിന്നു കിട്ടിയതാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ നൗഷാദ് ഹോട്ടല്‍ മാനേജമെന്റ് പഠിക്കാനായി ബാംഗ്ലൂരിലേക്കു പോയി. അവിടെ നിന്നാണ് രുചികളുടെയും പാചകത്തിന്റെയും വലിയ ലോകത്തെക്കുറിച്ച് അറിയുകയും അതിലെ വലിയ സാധ്യതകളും അദ്ദേഹം മനസ്സിലാക്കുകയും ചെയ്യുന്നത്.
ബിരിയാണി തന്നെയായിരുന്നു എന്നും നൗഷാദിന്റെ സിഗ്നേച്ചര്‍ വിഭവം. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ബിരിയാണി എന്ന വിഭവം ജനകീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചവരില്‍ ഒരാളാണ് നൗഷാദ്. കേരളത്തിലെ ബിരിയാണികളുടെ കേന്ദ്രമായ വടക്കന്‍ കേരളത്തിലെ ബിരിയാണികളില്‍നിന്ന് വ്യത്യസ്തമായി തന്റേതായ ശൈലിയില്‍ ബിരിയാണി ഉണ്ടാക്കിയാണ് മലയാളികളുടെ മനസ്സില്‍ നൗഷാദ് സ്ഥാനം നേടിയെടുക്കുന്നത്.
ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാന്‍ ബാംഗ്ലൂരിലേക്കു ചേക്കേറിയതിനു ശേഷം കേരളത്തില്‍ അന്ന് സുലഭമായി ലഭ്യമല്ലാത്ത സെലറി, കാപ്സിക്കം, സ്പ്രിംഗ് ഒനിയണ് പോലുള്ള ചൈനീസ് പച്ചക്കറികള്‍ ബാംഗ്ലൂരില്‍നിന്ന് തീവണ്ടിയില്‍ എത്തിച്ച് വിഭവങ്ങള്‍ പാചകം ചെയ്തു. അന്നും ഇന്നും മലയാളികള്‍ക്ക് അത്രകണ്ട് പരിചിതമല്ലാത്ത വിഭവങ്ങള്‍ പരിചയപ്പെടുത്തിയും പരീക്ഷണങ്ങള്‍ നടത്തിയതുകൊണ്ടുമാകണം ഈ മേഖലയിലെ മറ്റുള്ളവരില്‍നിന്ന് നൗഷാദ് എന്നും വ്യത്യസ്തനായി നിന്നത്. അതുകൊണ്ടുതന്നെയാകണം എന്നും പുതിയ വിഭവങ്ങള്‍ തേടിയുള്ള തന്റെ യാത്രകള്‍ നൗഷാദ് ഒരിക്കലും അവസാനിപ്പിക്കാതിരുന്നത്.
ബാംഗ്ലൂരില്‍നിന്ന് വന്ന് ഹോട്ടലില്‍ പുതിയ വിഭവങ്ങളൊക്കെ പരീക്ഷിച്ചു വരുന്നതിനിടെയാണ് കാറ്ററിങ്ങിലേക്ക് തിരിയുന്നത്. പിതാവിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പുതുമയാര്‍ന്ന വിഭവങ്ങളൊക്കെ ഒരുക്കിയായിരുന്നു തുടക്കം. അങ്ങനെ പതുക്കെ ചെറിയൊരു കാറ്ററിങ് യൂണിറ്റ് തുടങ്ങി. അക്കാലത്ത് തെക്കന്‍ കേരളത്തില്‍ ഇത്തരം സ്ഥാപന ങ്ങള് കുറവായിരുന്നു. ബിരിയാണി പോലുള്ള വിഭവങ്ങളുണ്ടാക്കുന്നവര് വളരെക്കുറവ്. അധികം വൈകാതെ തന്നെ എറ്റവും തിരക്കേറിയ കാറ്ററിങ് യൂണിറ്റായി മാറുകയായിരുന്നു നൗഷാദിന്റെ സംരംഭം.
ഈ മേഖലയില്‍ 50 വര്‍ഷത്തിലേറെയുള്ള പാരമ്പര്യവും ഭക്ഷണകലയിലെ അറിവുമാണ് ‘നൗഷാദ് ദി ബിഗ് ഷെഫ്’ എന്ന പേരില്‍ ഭക്ഷ്യശൃംഖല തുടങ്ങാന്‍ നൗഷാദിനെ പ്രേരിപ്പിച്ചത്. കേരളത്തിലും ബെംഗളൂരുവിലും യു.എ.ഇയിലുമായി നിരവധി ബ്രാഞ്ചുകള്‍ നൗഷാദിന്റെ ‘നൗഷാദ് ദി ബിഗ് ഷെഫ്’ റെസ്റ്റോറന്റിനുണ്ട്.
പാചകം പോലെത്തന്നെ നൗഷാദിന് പ്രിയപ്പെട്ടതായിരുന്നു സിനിമയും. സുഹൃത്തും സംവിധായകനുമായ ബ്ലെസ്സി ആദ്യം സംവിധാനം ചെയ്ത ചിത്രമായ ‘കാഴ്ച’ നിര്‍മ്മിച്ചുകൊണ്ടായിരുന്നു നൗഷാദ് മലയാള സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. 2005-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായി കാഴ്ച മാറി. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, സ്പാനിഷ് മസാല, ലയണ്‍, പയ്യന്‍സ് എന്നീ ചിത്രങ്ങളിലും നൗഷാദ് നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞു.
Content highlights: Noushad the big chef the one who redifined the world of taste for keralites
© Copyright Mathrubhumi 2021. All rights reserved.