തിരുവനന്തപുരം: കോവിഡിന്റെ കാര്യത്തിൽ സ്വയം പ്രതിരോധമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശദീകരിക്കാനായി വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ബ്രേക്ക് ത്രൂ ഇന്ഫക്ഷന് പഠനം നടത്തിയത് കേരളം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മൂന്നാം തരംഗം നേരിടാന്‍ പ്രത്യേകം ജാഗ്രത വേണം. കുട്ടികളെ പ്രത്യേകം കരുതണം. ഇന്ത്യയില്‍ ആദ്യമായി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. അന്നുമുതല്‍ ഇന്നോളം നമ്മളെല്ലാം ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത്. പൊതുവിടങ്ങളില്‍ പോകുന്നവരും ഓഫീസുകളില്‍ ജോലിക്കു പോകുന്നവരും തിരിച്ച് വീടുകളില്‍ എത്തുമ്പോള്‍ വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രതയുണ്ടാകണം. സാമൂഹിക അകലം പാലിക്കണം, കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
വാക്സിനേറ്റഡ് അല്ലാത്ത 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷിതത്വം പരിഗണിക്കണം. അവരെ ഷോപ്പിങ്ങിന് ഉള്‍പ്പെടെ പുറത്തുകൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കൊപ്പമുള്ള ബന്ധുവീടുകളുടെ സന്ദര്‍ശനം ഒഴിവാക്കണം. ആ രീതിയില്‍ കോവിഡിന്റെ വ്യാപനം ഒഴിവാക്കുന്നതിനുള്ള വ്യക്തിപരമായ ഇടപെടല്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തില്‍ കോവിഡിന്റെ രണ്ടാംതരംഗം ഏപ്രില്‍ പകുതിയോടെയാണ് ആരംഭിച്ചത്. ഈ രണ്ടാംതരംഗത്തില്‍ ഒറ്റദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ ഉണ്ടായത് മേയ് മാസം 12-നാണ്. അന്ന് 43,529 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ടി.പി.ആര്. 29.76 ശതമാനം ആയിരുന്നു. ടി.പി.ആര്. കുറച്ചുകൊണ്ടുവരാന്‍ അതിനു ശേഷം നമുക്ക് സാധിച്ചു. പിന്നീട് ഈ ഘട്ടത്തിലാണ് വീണ്ടും രോഗികളുടെ എണ്ണം കൂടുന്നത്. 2020-ലെ ഓണദിവസങ്ങളില്‍ 1536 ഓളം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ആയപ്പോഴേക്കും അത് മൂന്നിരട്ടിയായി വര്‍ധിച്ചു. ഒക്ടോബറില്‍ രോഗികളുടെ എണ്ണം ഏഴിരട്ടിയായി വര്‍ധിച്ചു. 13,000ന് അടുത്ത് രോഗികളെത്തി. 1536ല്‍നിന്ന് അതിന്റെ ഏഴിരട്ടിയോളം വര്‍ധനയാണ് അന്ന് ഓണത്തിനു ശേഷമുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ടെസ്റ്റ് ചെയ്യുക, ട്രേസ് ചെയ്യുക, ചികിത്സ നല്‍കുക എന്നതാണ് ആരോഗ്യവകുപ്പ് ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാക്സിനേഷനാണ്. ഇന്നലെ മാത്രം 1.67 ലക്ഷം ടെസ്റ്റുകളാണ് നടന്നത്. ഇന്ന് 1.70 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തി. രാജ്യത്തിന്റെ പൊതുകണക്ക് നോക്കുമ്പോള്‍ ടെസ്റ്റ് പെര് മില്യണ്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ഓരോ കേസും തിരിച്ചറിയുക എന്നതാണ് ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം.
ഐ.സി.എം.ആറിന്റെ സെറോ പ്രിവലന്‍സ് പഠന പ്രകാരം, രാജ്യത്ത് രോഗം വന്ന ആളുകളുടെ എണ്ണം കുറവ് കേരളത്തിലാണ്. 42.7 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സിറോ പോസിറ്റിവിറ്റിയുള്ളത്. സിറോ പോസിറ്റിവിറ്റി രണ്ടുകാരണം കൊണ്ടുണ്ടാകാം. രോഗം കൊണ്ടും വാക്സിനേഷന് കൊണ്ടും സിറോ പോസിറ്റിവിറ്റി ഉണ്ടാകാം. 50 ശതമാനത്തില്‍ അധികം ആളുകള്‍ കേരളത്തില്‍ രോഗികള്‍ അല്ലെന്നാണ് ഇത് കാണിക്കുന്നത്. അതൊരു മോശം കണക്കാണ് എന്ന് വിചാരിച്ചാല്‍ അങ്ങനെ അല്ല. കേരളം അവലംബിച്ച കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ വിജയമായിരുന്നു എന്നതാണ് ഐ.സി.എം.ആറിന്റെ സിറോ പ്രിവലന്സി പഠനം വ്യക്തമാക്കുന്നത്. അത് പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ അര്‍ഥം കേരളത്തില്‍ രോഗം വരാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്നാണ്. അതുകൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേര്‍ക്ക് വാക്സിന് നല്‍കാനായി ശ്രമിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം അണ്ടര്‍ കൗണ്ട് സംബന്ധിച്ചാണെന്നും മന്ത്രി പറഞ്ഞു. എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് അണ്ടര്‍ കൗണ്ട്. ഏറ്റവും നന്നായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് ഐ.സി.എം.ആര്. പഠനത്തില്‍ പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ അണ്ടര്‍ കൗണ്ടിങ് ഫാക്ടര്‍ ആറാണ്. അതായത് ആറുകേസുകളില്‍ ഒന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദേശീയ ശരാശരി മുപ്പത്തിമൂന്നില്‍ ഒന്നാണ്. കേരളത്തിന് അടുത്തുള്ള സംസ്ഥാനങ്ങളില്‍ അത് 18, 20 ഒക്കെയാണ്. പിന്നെയും വടക്കോട്ട് പോകുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ അത് 100, 120 ഒക്കെയാണ്. അതായത് നൂറു കേസുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസ്ഥാനത്ത് കേരളത്തില്‍ ആറുകേസുകളില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറയുന്നു. അണ്ടര്‍ കൗണ്ടിങ് റേറ്റ് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതിനര്‍ഥം പരമാവധി കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
content highlights: health minister veena george press meet