ന്യുഡല്‍ഹി: ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഗണനയിലിരിക്കെ പട്ടികയില്‍ മാറ്റത്തിന് സമ്മര്‍ദ്ദവുമായി ഗ്രൂപ്പുകളും വിവിധ നേതാക്കളും രംഗത്ത്. വന്‍ പരാതി പ്രവാഹമാണ് ഇ-മെയില്‍ വഴി ഹൈക്കമാന്റിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കെ.സുധാകരനെയും വി.ഡി.സതീശനെയും കെ.സി.വേണുഗോപാലിനെയും ലക്ഷ്യം വെച്ചുകൊണ്ടാണ് പരാതികള്‍. ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ വന്നവര്‍ ഇപ്പാേള്‍ സ്വയം ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുകയാണെന്നാണെന്നും അനര്‍ഹരെ പട്ടികയില്‍ തിരുകിക്കയറ്റിയിരിക്കുന്നുവെന്നും പരാതികളില്‍ ആരോപിക്കുന്നു.
ചില ജില്ലകള്‍ വൃദ്ധസദനങ്ങളാക്കി മാറ്റാനാണ് നേതാക്കള്‍ ശ്രമിച്ചിരിക്കുന്നതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. പാലോട് രവി, രാജേന്ദ്ര പ്രസാദ്, എന്‍.ഡി അപ്പച്ചനടക്കമുള്ള നേതാക്കള്‍ക്ക് 70 വയസ്സിന് മുകളിലാണ് പ്രായം. യുവാക്കളെ തഴഞ്ഞ് വൃദ്ധര്‍ക്ക് അവസരം നല്‍കുന്നുവെന്നും പരാതികളില്‍ ബോധിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പാലോട് രവിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കത്തുകളിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന വ്യക്തിയാണ് പാലോട് രവി. ഇക്കാര്യം നേരത്തെ അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോര്‍ട്ടിലുമുണ്ട്. അത്തരമൊരു വ്യക്തിയെയാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് അധ്യക്ഷനായി പരിഗണിക്കുന്നത്. ഇത് പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് ഈ പരാതികളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദളിത്-വനിതാ പ്രാതിനിധ്യം ഇല്ലാത്തതുമായി ബന്ധപ്പെട്ടാണ് മറ്റോരു പരാതി. കോണ്‍ഗ്രസിന് നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ മാത്രം മതിയോ എന്നാണ് ദളിത് പ്രാതിനിധ്യവുമായി ബന്ധപ്പെട്ട പരാതികളിലുള്ളത്. ഒരു വനിതയെപ്പോലും കണ്ടെത്താന്‍ കഴിയാത്ത ഗതികേടിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തിയോ എന്നും ചില പരാതികളില്‍ ചോദിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഗ്രൂപ്പുകള്‍ക്കതീതമായി പട്ടികയില്‍ മാറ്റം വരുത്തണമെന്ന സമ്മര്‍ദ്ദവുമായി നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്ത് കെ.എസ്. ശബരീനാഥിനെയും പാലക്കാട് വി.ടി.ബല്‍റാമിനെയും പരിഗണിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമപട്ടിക നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഗണനയിലാണ്. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നെങ്കില്‍ അതില്‍ തീരുമാനം എടുക്കേണ്ടതും സോണിയ ഗാന്ധിയാണ്. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലാണ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. എന്തായിരിക്കും പട്ടികയുടെ ഭാവി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ഭിന്നത സൂചിപ്പിക്കുന്നത്.
ഇതിനിടെ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നില്‍ പാലോട് രവിക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പാലോട് രവിയെ പരിഗണിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രതിഷേധം. പാലോട് രവിക്ക് ബിജെപി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ്സിനെ കാലാകാലങ്ങളായി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണോ ഡിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള യോഗ്യതയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.
Content Highlights: Pressure from congress leaders in changing dcc presidency list