തിരുവനന്തപുരം: കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയാണ് കൊടിക്കുന്നില്‍ സുരേഷിന്റേതെന്ന് മന്ത്രി കെ.രാധാകൃഷ്ണന്. തന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ് 1996ല്‍ ഇതിലും ചെറുപ്പത്തില്‍ തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അത് എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അറിയാമെന്നും അതിന് കൊടിക്കുന്നില്‍ സുരേഷിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഗ്ഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കാന്‍ പിണറായി വിജയന് തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തെന്ന് നേരത്തെ കൊടിക്കുന്നില്‍ സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. ഭരണത്തുടര്‍ച്ചയുണ്ടായതും വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലും അസൂയയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടി മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ പരാമര്‍ശിച്ചുകൊണ്ടുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ ഈ വിവാദ പ്രസ്താവനകള്‍ക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന് നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന വിവാദമായിരുന്നു.
Content highlights: Minister K Radhakrishnan responds to the controversial statements by kodikkunnil suresh