മീന്പിടിയന് പൂച്ച
ദക്ഷിണേഷ്യയില്‍ കണ്ടുവരുന്ന ഇടത്തരം വലുപ്പത്തിലുള്ള ജീവിയാണ് മീന്പിടിയന് പൂച്ച. സാധാരണ പൂച്ചകളെക്കാള്‍ രണ്ടു മടങ്ങു വലുപ്പമുള്ള ഇവ കടുവയെക്കാളും പുലിയേക്കാളും ചെറുതാണ്. ശരീരത്തിന് 57 മുതല്‍ 78 സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള ഇവയുടെ തൂക്കം അഞ്ചു മുതല്‍ 16 കിലോഗ്രാം വരെയാവാം.
വെള്ളത്തിനടിയില്‍ ഊളിയിട്ട് മീന്‍ പിടിക്കാനും ഇവക്കു കഴിവുണ്ട്. വെള്ളത്തിനടിയില്‍ ജീവിക്കുന്ന കക്കകളെയും തവളകളെയും പാമ്പുകളെയും വരെ ഇവ ഭക്ഷണമാക്കുന്നു. കരയില്‍ ജീവിക്കുന്ന ചെറിയ മാനുകളെയും വേട്ടയാടി ഭക്ഷിക്കും. മീന്പിടിയന് പൂച്ചയെന്ന പേര് തെറ്റിധാരണാജനകമാണെന്നാണ് ആന്ധ്രപ്രദേശില്‍ ഇവയെ കുറിച്ച് പഠിക്കുന്ന മൂര്‍ത്തി കാന്തിമഹന്തി ബ്രിട്ടീഷ് മാധ്യമമായ ബിബിസിയോട് പറഞ്ഞത്. പലതരത്തില്‍ ഇരതേടാന്‍ കഴിവുള്ള ഈ പൂച്ച സ്വന്തം ശരീരത്തിനേക്കാള്‍ വലുപ്പമുള്ള ജീവികളെയും വേട്ടയാടാറുണ്ടത്രെ.
വംശനാശ ഭീഷണിയുടെ കാരണം
മീന്പിടിയന് പൂച്ചകളുടെ ആവാസ വ്യവസ്ഥയായ ചതുപ്പുകളും കണ്ടല്‍ക്കാടുകളും മനുഷ്യരുടെ ഇടപെടലുകള്‍ മൂലം നശിച്ചതാണ് വംശനാശ ഭീഷണിയുടെ കാരണമെന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ പറയുന്നത്. ചതുപ്പു നിലങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിക്കുന്നതും തദ്ദേശവാസികളുടെ അനിയന്ത്രിത മല്‍സ്യബന്ധനവുമാണ് വംശനാശ ഭീഷണിയുടെ പ്രധാന കാരണം. പശ്ചിമ ബംഗാളിന്റെ സംസ്ഥാന മൃഗം കൂടിയായ മീന്പിടിയന് പൂച്ചകള്‍ 2006 മുതല്‍ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലുണ്ട്.
ലോകത്താകെ പതിനായിരത്തില്‍ താഴെ പൂച്ചകളെയുള്ളൂയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീന്പിടിയന് പൂച്ചകളെ വേട്ടയാടുന്നതും കൊല്ലുന്നതും മൂന്നു വര്‍ഷം വരെ തടവുശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നാണ വന്യജീവി സംരക്ഷണ നിയമം പറയുന്നത്.
കണ്ടെത്തലിന്റെ പ്രാധാന്യം
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മൗറീഷ്യസ് ദ്വീപില്‍ കണ്ടുവന്നിരുന്ന ഒരു ജീവിയാണ് ഡൂഡോ. മനുഷ്യരുടെ വേട്ടയാടല്‍ മൂലം 1662ല്‍ ഇവക്ക് വംശനാശം വന്നു. ഡൂഡോ അപ്രത്യക്ഷമായ ശേഷം മൗറീഷ്യസിലെ തംബലാകോക്വ് എന്ന മരവും അപ്രത്യക്ഷമാവാന്‍ തുടങ്ങി. മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള 13 തംബലാകോക്വ് മരങ്ങള്‍ മാത്രമേ ഇപ്പോള്‍ മൗറീഷ്യസിലുള്ളൂ.
തംബലാകോക്വ് മരത്തിന്റെ വിത്തുകള്‍ ഡൂഡോ പക്ഷിയുടെ വയറിനകത്ത് പോയി പുറത്തുവന്നാല്‍ മാത്രമേ മുളക്കൂ എന്നതാണ് പ്രശ്നത്തിന് കാരണം. അതായത്, പ്രകൃതിയില്‍ ഡൂഡോയും തംബലാകോക്വും സഹജീവിതത്തിലായിരുന്നു. ഇത്തരത്തില്‍ ഓരോ ജീവിക്കും പ്രകൃതിയുടെ താളത്തില്‍ അതിപ്രധാനമായ പങ്കുണ്ട്.
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ജീവിക്കുന്ന വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സുമാത്രന്‍ ആനകള്‍ പലതരത്തിലുള്ള സസ്യങ്ങള്‍ കഴിക്കുന്നു. ഈ ആനകള്‍ പിണ്ടിയിടുന്ന പ്രദേശങ്ങളിലെല്ലാം ഈ സസ്യങ്ങള്‍ മുളക്കും. ഇത് കാട് വളരാന്‍ സഹായിക്കും. ഈ കാട് ആനക്കു പുറമെ മറ്റു ജീവികള്‍ക്കും ഗുണകരമാണ്. ഈ ആനകള്‍ ഇല്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക.
തേനീച്ചകളുടെ എണ്ണം കുറയുന്നത് ആഗോള ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്ഗനൈസേഷന് (എഫ്എഒ) 2019ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎന്‍ വേള്‍ഡ് ബീ ഡേയിലാണ് എഫ്എഒ ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമിയിലെ ഭക്ഷ്യവിളകളില്‍ 75 ശതമാനത്തിലും പരാഗണം നടത്തുന്നത് പ്രാണികളും മറ്റു ജീവികളുമാണ്. പരാഗണത്തിന് കാരണമാവുന്ന ജീവജാലങ്ങളുടെ എണ്ണം കുറയുന്നത് വിളവിനെ ബാധിക്കും. തേനീച്ചകളുടെ എണ്ണം കുറയുന്നത് യൂറോപ്പിലെ ആപ്പിള്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും എഫ്എഒ പറയുന്നു.
പ്രകൃതിയില്‍ ഒരു ജീവി ഇല്ലാതാവുന്നത് മറ്റു ജീവജാലങ്ങളെ ബാധിക്കും. ഭക്ഷ്യസുരക്ഷ ഇല്ലാതാവുന്നത് മനുഷ്യരെ ബാധിക്കുമെന്ന് എഫ്എഒ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇപ്പോള്‍, മീന്പിടിയന് പൂച്ചകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന വംശനാശഭീഷണിക്കു കാരണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു തുടങ്ങിയെന്ന സൂചനയാണ് നല്‍കുന്നത്. ചതുപ്പുനിലങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയെന്നു വിലയിരുത്താം.
പൂച്ചയും മീനും
മീന്പിടിയന് പൂച്ചയും നാട്ടു പൂച്ചയും മാര്‍ജാര കുടുംബത്തില്‍ ഉള്‍പ്പെടുന്നവരാണെങ്കിലും നാട്ടുപൂച്ചകള്ക്ക് വെള്ളം ഇഷ്ടമല്ല. പക്ഷെ, മീന്‍ ഇഷ്ടമാണ്. വെള്ളത്തില്‍ ഇറങ്ങാന്‍ ഇഷ്ടമില്ലാത്ത നാട്ടുപൂച്ചകള്‍ എന്നായിരിക്കും മീന്‍ കഴിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുക?.നമ്മുടെ നാട്ടുപൂച്ചകളുടെ പൂര്‍വ്വികര്‍ മരുഭൂമിയിലായിരുന്നു ജീവിച്ചിരുന്നതെന്ന് ന്യൂസയന്റിസ്റ്റ് മാസികയില്‍ വന്ന ലേഖനം പറയുന്നു. മീന്‍ പിടിക്കാനോ കഴിക്കാനോ അന്ന് അവര്‍ക്ക് അവസരമുണ്ടായിരുന്നില്ല.
പൂച്ചകളെ ഇണക്കിവളര്‍ത്താന്‍ ഇഷ്ടപ്പെട്ട പൗരാണിക ഈജിപ്റ്റുകാര്‍ മീന്‍ നല്കി അവയെ വശീകരിച്ചുവെന്നാണ് ചില കഥകള്‍ പറയുന്നത്. പുതിയ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പൂച്ചകളെന്ന് ന്യൂസയന്റിസ്റ്റിലെ ലേഖനം പറയുന്നു. കൂടാതെ മറ്റു മൃഗങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും ഭക്ഷണം മോഷ്ടിക്കാനുള്ള പ്രവണതയും അവക്കുണ്ട്. കാല് നനയാതെ വേണ്ടതെല്ലാം സ്വന്തമാക്കാന്‍ കഴിവുള്ളവരാണ് അവര്‍.
****
(Compiled by അനീബ് പി.എ)