കെട്ടിക്കിടക്കുന്നത് 4.4 കോടി കേസുകള്‍
പൊലീസിന്റെ കഴിവില്ലായ്മയും കോടതികളില്‍ വേണ്ടത്ര ജഡ്ജിമാരും അടിസ്ഥാനസൗകര്യവുമില്ലാത്തതിനാലും 4.4 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. സുപ്രിംകോടതിയിലും ഹൈക്കോടതികളിലും 19000ത്തോളം വരുന്ന കീഴ്ക്കോടതികളിലുമായാണ് ഇത്രയും കേസുകള്‍ കെട്ടിക്കിടക്കുന്നത്. കൊവിഡ്-19നെ നേരിടാനുള്ള നിയന്ത്രണങ്ങള്‍ കൂടി വന്നതോടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സുപ്രിംകോടതിയില്‍ എട്ടു ജഡ്ജിമാരുടെ കുറവ്
രാജ്യത്തെ ഹൈക്കോടതികളുടെയും കീഴ്ക്കോടതികളുടെയും ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സുപ്രിംകോടതിയില്‍ എട്ടു ജഡ്ജിമാരുടെ കുറവുള്ളതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു ജൂലൈയില്‍ ലോക്സഭയെ അറിയിച്ചിരുന്നു. ഹൈക്കോടതികളില്‍ 1080 ജഡ്ജി തസ്തികകള്‍ ഉണ്ടെങ്കിലും 664 പേര് മാത്രമേ സര്‍വ്വീസിലുള്ളൂ. 416 കുറവുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ട് പറയുന്നത്. കീഴ്ക്കോടതികളില്‍ 5000ത്തോളം ജഡ്ജിമാരുടെ കുറവുമുണ്ട്. മൂന്നു കോടിയിലധികം കേസുകളാണ് ഈ കോടതികളിലായി കെട്ടിക്കിടക്കുന്നത്. അക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കും കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന നിരപരാധികള്‍ക്കും നീതി ലഭിക്കാതിരിക്കാന്‍ ഇത് കാരണമാവുന്നു.
നിരപരാധികള്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍
ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ സ്വദേശിയായ വിഷ്ണു തിവാരിയെന്ന 43കാരന് 2001ലാണ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലാവുന്നത്. 20 വര്‍ഷം നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് വിഷ്ണു നിരപരാധിയെന്ന് അലഹാബാദ് ഹൈക്കോടതി കണ്ടെത്തിയത്. കേവലം 600 രൂപയുമായാണ് വിഷ്ണു ജയിലില്‍ നിന്ന് പുറത്തുവന്നതെന്ന് ദ പ്രിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും വിഷ്ണു ഒരു മൊബൈല്‍ഫോണ്‍ കണ്ടിട്ടുണ്ടായിരുന്നില്ല. വിഷ്ണു തടവിലായി 14 വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കാന് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ജാമ്യം പോലും ലഭിക്കാതെ അപ്പീല്‍ നല്‍കുന്നവരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
രാജസ്താനില്‍ 1996ല്‍ നടന്ന ഒരു സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആറു പേരെ 23 വര്‍ഷത്തിന് ശേഷം ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഇക്കാലത്തൊന്നും ഇവര്‍ക്ക് ജാമ്യമോ പരോളോ ലഭിച്ചില്ല. നിരവധി കേസുകളില്‍ ഇവരെ പൊലീസ് പ്രതി ചേര്‍ത്തെങ്കിലും എല്ലാ കേസുകളിലും വെറുതെവിട്ടു. ഇവരെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അഭിഭാഷകന് പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1981ല്‍ ഡാര്‍ജിലിങ് ജില്ലയില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതിയെന്നാരോപിച്ച നേപ്പാള്‍ സ്വദേശി ദീപക് ജൈഷി വിചാരണകൂടാതെ 40 വര്‍ഷമാണ് തടവില്‍ കഴിഞ്ഞത്. ഒടുവില്‍ കല്‍ക്കത്ത ഹൈക്കോടതി ഇടപെട്ടാണ് ഇയാളെ മോചിപ്പിച്ചത്. മഞ്ഞള്‍ പൊടിയില്‍ മായം കലര്‍ത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പ്രേംചന്ദ് എന്നയാള്‍ വിവിധ കോടതികള്‍ അപ്പീല്‍ പരിഗണിക്കുന്നത് വൈകിയതിനാല്‍ 38 വര്‍ഷം ജയിലില്‍ കിടന്നെന്ന് ദ വയറിലെ റിപ്പോര്‍ട്ട് പറയുന്നു.
എന്നു തീരും ഈ ദുരിതം
നിലവിലെ തോതില്‍ കേസുകള്‍ തീര്‍പ്പാവുകയാണെങ്കില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീരാന്‍ 324 വര്‍ഷമെടുക്കുമെന്നാണ് നീതി ആയോഗിന്റെ 2018ലെ റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാലത്ത് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 2.9 കോടി മാത്രമായിരുന്നു. ഇന്നത് 4.4 കോടി ആയി വര്‍ധിച്ചു. വൈകിയ നീതി നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ഓരോ ദിവസവും ഇന്ത്യയില്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.
****
(Compiled by അനീബ് പി.എ)