നിയന്ത്രണങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ തീര്‍ഥാടകരെ ഉടന്‍ അറിയിക്കാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ആണ് കൊണ്ടുവരുന്നത്. ഹജ്ജ് താര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് ആപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ ആദ്യമായാണ് പരീക്ഷിക്കുന്നത്.
ജിദ്ദ: കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തേ വിവിധ വിദേശ രാജ്യങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് മുന്നോട്ടുപോവാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.
ഓരോ രാജ്യങ്ങളില്‍ നിന്നും ക്വാട്ടയനുസരിച്ച് പ്രവേശനം
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും മന്ത്രാലയം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശത്തു നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടിലെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തേ ഓരോ രാജ്യത്തിനും അനുവദിച്ച ഉംറ ക്വാട്ടകള്‍ അനുസരിച്ച് വിദേശികളെ മക്കയിലേക്ക് സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞതായി ഹജ്ജ് ഉംറ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ട് മന്ത്രി ഡോ. അംറ് അല്‍ മദ്ദാഹ് അറിയിച്ചു.
തീര്‍ഥാടനം സുരക്ഷിതമാക്കാന്‍ ഡിജിറ്റല്‍ സാങ്കേതിവിദ്യ
അതിനിടെ, ആഭ്യന്തര വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ രീതിയില്‍ ഉംറ നിര്‍വ്വഹണം ഉറപ്പ് വരുത്തുന്നതിനുമായി മന്ത്രാലയത്തിന് കീഴിലെ മൊബൈല്‍ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നതായി അദ്ദേഹം അറിയിച്ചു. ഇഅ്തമര്‍നാ, ശാഇര്‍ ആപ്പുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇവയില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാണ് പദ്ധതി. കഴിഞ്ഞ ഹജ്ജ് സീസണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടനം പൂര്‍ണ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഉംറ തീര്‍ഥാടകര്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും
തീര്‍ഥാടകരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ വിവരങ്ങള്‍, താമസ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, യാത്രാ സേവനങ്ങള്‍, ഭക്ഷണ സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും സ്മാര്‍ട്ട് കാര്‍ഡ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ പാലിക്കേണ്ട കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. നിയന്ത്രണങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ തീര്‍ഥാടകരെ അപ്പപ്പോള്‍ അറിയിക്കാനും ഇതു വഴി സാധിക്കും. നേരത്തേ ഹജ്ജ് താര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് ആപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ ആദ്യമായാണ് ഇത് പരീക്ഷിക്കുന്നത്. തീര്‍ഥാടകരുടെ ഡിജിറ്റല്‍ ഐഡി കാര്‍ഡ് എന്ന രീതിയിലാണ് സ്മാര്‍ട്ട് കാര്‍ഡ് പ്രവര്‍ത്തിക്കുക. തീര്‍ഥാടനവുമായി ബന്ധപ്പട്ടെ ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാക്കും. താമസ സ്ഥലങ്ങള്‍ ഉള്‍പ്പെടെ എളുപ്പത്തില്‍ കണ്ടെത്താനും വഴി തെറ്റിപ്പോയവരെ കണ്ടുപിടിക്കുന്നതിനും ഏറെ പ്രയോജനപ്രദമാണ് പുതിയ സ്മാര്‍ട്ട് കാര്‍ഡ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia ready to accept more foreign pilgrims
Malayalam News from malayalam.samayam.com, TIL Network