വീട്ടിൽ തയ്യാറാക്കുന്ന ഫെയ്സ് പാക്കുകൾ
ചർമപ്രശ്നങ്ങൾ എന്ത് തന്നെയായാലും അതിന് വീട്ടിൽ തന്നെ പരിഹാരം കാണാനാണ് എല്ലാവർക്കും ഇഷ്ടം. റെഡിമെയ്ഡ് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തി പകരം വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുകൊണ്ടുള്ള ചർമസംരക്ഷണമാണ് എപ്പോഴും നല്ലത്. നിങ്ങളുടെ ചർമപ്രശ്നങ്ങളെല്ലാം മൊത്തത്തിൽ ഇല്ലാതാക്കാൻ ഫലപ്രദമായി പ്രവർത്തിക്കുന്നത് പ്രകൃതി തന്നെ വരദാനമായി നൽകിയിട്ടുള്ള ചേരുവകൾ തന്നെയാണ്. മുഖക്കുരുവിനും കറുത്ത പാടുകൾക്കും ഫലം ചെയ്യുന്ന നിരവധി ഫേസ് പായ്ക്കുകൾ നിങ്ങളുടെ അടുക്കളയിൽ ഇതിനകം തന്നെ ലഭ്യമാണ്. മുഖക്കുരുവിനും അതു വരുത്തിവയ്ക്കുന്ന കറുത്ത പാടുകൾക്കും പരിഹാരമായ ചില ഫെയ്സ് പാക്കുകൾ ഇന്നിവിടെ പരിചയപ്പെടാം
മുഖക്കുരുവിനു പാടുകൾക്കും മഞ്ഞൾ
മുഖക്കുരു വന്നു തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പ്രകൃതിദത്ത പ്രതിവിധികളിൽ ഒന്നാണ് മഞ്ഞൾ. ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ മഞ്ഞളിനുണ്ട്. അതുകൊണ്ടുതന്നെ മുഖക്കുരുവിനെ കൂടുതൽ വളരാൻ വിടാതെ വേരോടെ പിഴുതെറിയാൻ ഇത് സഹായിക്കും. രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടി ¼ ടീസ്പൂൺ മഞ്ഞളിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ കറ്റാർ വാഴ ജെലും കൂട്ടി ചേർത്ത് നന്നായി കലർത്തുക. ഇത് കൂടുതൽ നേർത്ത പേസ്റ്റ് ആക്കി മാറ്റണമെങ്കിൽ കൂടുതൽ കറ്റാർ വാഴ ജെൽ ചേർക്കുക. ഈ പായ്ക്ക് മുഖക്കുരു ബാധിത പ്രദേശങ്ങളിൽ പുരട്ടി 20 മിനിറ്റ് സൂക്ഷിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. വളരെ പെട്ടെന്ന് തന്നെ ഈ ഫേസ് പാക്ക് മുഖക്കുരുവിന്റെ വലുപ്പം കുറയ്ക്കുകയും അതു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മായ്ക്കാൻ സഹായിക്കുകയും ചെയ്യും.
തേൻ
തേൻ ഒരു പ്രകൃതിദത്ത ഹ്യൂമെക്ടന്റാണ്, അതിനാൽ ഇത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തിക്കൊണ്ട് ചർമത്തിന് ഭാരക്കൂടുതൽ ഉണ്ടാകാതിരിക്കാൻ സഹായം ചെയ്യും. ചർമ്മത്തിന്റെ പിഎച്ച് അളവ് ഏറ്റവും മനോഹരമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു ചേരുവ കൂടിയാണിത്. ചർമത്തിൽ ആവശ്യത്തിന് സ്വാഭാവിക ഈർപ്പം ഉണ്ടാവുന്നത് മുഖക്കുരു ലക്ഷണങ്ങളെ നിയന്ത്രിക്കാനും ചർമത്തിന് എല്ലായിപ്പോഴും ശാന്ത ഗുണങ്ങൾ നൽകാനും സഹായിക്കുന്നു. അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചതും ഒരു നുള്ള് മഞ്ഞളും എടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ ഓർഗാനിക് തേൻ കലർത്തുക. ഈ മിശ്രിതം മുഖത്ത് പുരട്ടി വച്ച് 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. തേൻ നിങ്ങളുടെ രോമങ്ങളിൽ പ്രയോഗിക്കുന്നത് വഴി ബ്ലീച്ചിംഗ് ഉണ്ടാകുമെന്നതിനാൽ ഇത് ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്പാക്കുകൾ ചെയ്യുമ്പോൾ പുരികത്തിൻ്റെ ഭാഗവും തലമുടിയും താടിയും ഒക്കെ പ്രത്യേകം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
കറ്റാർവാഴ ജെൽ
നിങ്ങൾക്ക് മുഖക്കുരു മൂലം കടുത്ത പ്രകോപനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിൽ നിന്ന് തൽക്ഷണ ആശ്വാസം ലഭിക്കാനായി കറ്റാർ വാഴ ജെൽ ഏറ്റവും മികച്ച ചേരുവകളിലൊന്നാണ്. കറ്റാർവാഴ ഇലയിൽ നിന്ന് ജെൽ മാത്രം വേർതിരിച്ചെടുത്ത് നിങ്ങളുടെ ചർമത്തിൽ നേരിട്ട് പുരട്ടുക. കറ്റാർവാഴ ജെൽ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ ഇതിനോടൊപ്പം നിങ്ങൾക്ക് ഒരു ടീസ്പൂൺ തേൻ കൂട്ടി കലർത്താം. ഈ മാസ്ക് 20 മിനിറ്റ് മുഖത്ത് സൂക്ഷിച്ചതിനെ തുടർന്ന് കഴുകിക്കളയുക.
റോസ് വാട്ടർ
മുഖക്കുരു ലക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തെ അലട്ടുന്നുണ്ടെങ്കിൽ ചർമ്മത്തിന് റോസ് വാട്ടറിന്റെ ഗുണങ്ങൾ ഒരു തവണയെങ്കിലും പരീക്ഷിച്ചു നോക്കണം. പനിനീർ പുഷ്പത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ വെള്ളം ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും വീക്കം ശമിപ്പിക്കുകയും ചെയ്യുന്നു. റോസ് വാട്ടർ ഒരു സ്കിൻ ടോണറായി നിങ്ങൾക്ക് ഏത് സമയവും ഉപയോഗിക്കാൻ കഴിയുന്നതാണ്.ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ കലർത്തി നിങ്ങളുടെ മുഖക്കുരു ബാധിച്ച പ്രദേശങ്ങളിൽ പുരട്ടുക. 15 മിനിറ്റിനു സൂക്ഷിച്ച ശേഷം ഇത് കഴുകിക്കളയുക. ആഴ്ചയിൽ ഒരിക്കൽ വീതം ഇത് മുഖത്ത് പ്രയോഗിക്കുന്നത് നല്ലതാണ് .
ആക്ടിവേറ്റഡ് ചാർക്കോൾ പാക്ക്
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ട്. ഇത് ചർമ്മത്തിൽ മുഖക്കുരുവും കറുത്ത പാടുകളും ഇരട്ടിയാകും. കൂടാതെ ഇത് പ്രകോപനം, ചുവപ്പ്, വീക്കം, തിണർപ്പ് എന്നിവയ്ക്കും കാരണമാകുന്നു. ആക്ടിവേറ്റഡ് ചാർക്കോളിലുള്ള ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ഈ ബാക്ടീരിയയെ നിർവീര്യമാക്കുകയും ചർമ്മത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യും. ആക്ടിവേറ്റഡ് ചാർക്കോൾ പൗഡർ ഉപയോഗിച്ചുകോണ്ട് നിങ്ങൾക്ക് ഫേസ് മാസ്ക് തയ്യാറാക്കാൻ കഴിയും. ലാവെൻഡർ അല്ലെങ്കിൽ റ്റീ ട്രീ പോലുള്ള രണ്ട് അവശ്യ എണ്ണയിൽ രണ്ട് ടീസ്പൂൺ വെള്ളം കലർത്തുക. അടുത്തതായി ഇതിലേക്ക് രണ്ട് ടീസ്പൂൺ ആക്ടിവേറ്റഡ് ചാർക്കോൾ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അര ടീസ്പൂൺ അസംസ്കൃത തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഈ പേസ്റ്റ് നിങ്ങളുടെ ചർമ്മത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുന്നതിന് ആക്ടിവേറ്റഡ് ചാർക്കോൾ ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്പാക്കുകൾ ഏറ്റവും ഗുണം ചെയ്യും.
ഉന്മേഷം നൽകാൻ പുതിന
ചർമ്മത്തിന് ഉന്മേഷം നൽകുകയും ചർമ്മ കോശങ്ങളുടെ പുതുക്കൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ചർമ്മസംരക്ഷണ ഘടകമാണ് പുതിന. ഇത് മുഖക്കുരു, അത് വരുത്തി വയ്ക്കുന്ന പ്രകോപനങ്ങൾ എന്നിവയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകും. ഒരു കൂട്ടം പുതിനയില ചതച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് അൽപ്പം വെള്ളരിക്കാ നീരും തേനും ചേർത്ത് കട്ടിയുള്ള ഫേസ് പായ്ക്ക് ആക്കി ചർമ്മത്തിൽ പുരട്ടുക. ഇത് 30 മിനിറ്റ് സൂക്ഷിച്ചതിനെ തുടർന്ന് വെള്ളത്തിൽ കഴുകുക. കൂടുതൽ മുഖക്കുരുവിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾക്കായി പുതിന അവശ്യ എണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്.
Also read: കൈമുട്ടും കാൽമുട്ടും ഇരുണ്ട നിറത്തിലാണോ? ഈ സ്ക്രബുകൾ പരീക്ഷിക്കാം
കറുത്ത പാടുകൾ അകറ്റാൻ പപ്പായ
പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളായ പപ്പെയ്ൻ, ചൈമോപാപെയ്ൻ എന്നിവ ചർമ്മത്തിന്റെ വീക്കം കുറയ്ക്കാനും പാടുകൾ അകറ്റാനും നല്ലതാണ്. സുഷിരങ്ങൾ അടഞ്ഞുപോകുന്നതും നിർജീവ ചർമ്മ കോശങ്ങൾ നീക്കം ചെയ്തുകൊണ്ട് മുഖക്കുരു സാധ്യത കുറയ്ക്കാൻ ഇത് സഹായം ചെയ്യും. പപ്പായയുടെ ഒരു ഫേസ് പായ്ക്ക് ഉണ്ടാക്കാനായി ഒരു പഴുത്ത പപ്പായ മുറിച്ചെടുത്ത് ഇതിൽനിന്ന് വിത്തുകൾ നീക്കം ചെയ്ത് മാറ്റി മുഖത്ത് പുരട്ടാൻ ആവശ്യമായ പൾപ്പ് എടുക്കുക. പൾപ്പ് മുഖ ചർമത്തിൽ പ്രയോഗിച്ചു കഴിഞ്ഞാൽ 20 മിനിറ്റ് നൽകുക. അതിനുശേഷം അത് വെള്ളവും മിതമായ ഏതെങ്കിലും ഫെയ്സ് ക്ലെൻസറും ഉപയോഗിച്ച് കഴുകാം. കൂടുതൽ ഗുണങ്ങൾക്കായി നിങ്ങൾക്ക് വേണമെങ്കിൽ ഈ പൾപ്പിലേക്ക് ഒന്നോ രണ്ടോ തുള്ളി നാരങ്ങ നീര് ചേർക്കാം.
Also read: പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം
ചില സംശയങ്ങൾ
എത്ര തവണ വീട്ടിൽ ഉണ്ടാക്കാവുന്ന ഫേസ് പായ്ക്കുകൾ പരീക്ഷിക്കാം? ആഴ്ചയിൽ ഒരുതവണ വീതമെതെങ്കിലും ഇത്തരത്തിൽ മുഖക്കുരുവിനുള്ള ചർമ്മസംരക്ഷണ ഫേസ് പായ്ക്കിന് ശുപാർശ ചെയ്യപ്പെടുന്നു. നാരങ്ങ നീര് പോലുള്ള അസിഡിക് ചേരുവകൾ അടങ്ങിയ ഫേസ് പായ്ക്കുകൾ ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് ചർമത്തിന് ദോഷം ചെയ്യും. ഇത് നിങ്ങളുടെ ചർമ്മത്തെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്യുന്നതാണ് നല്ലത്.
ഏത് ഫെയ്സ് പായ്ക്കാണ് മികച്ചതെന്ന് എങ്ങനെ തിരഞ്ഞെടുക്കാം? ഇത് നിങ്ങളുടെ ചർമ്മത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു ഏതു ഫേസ്പാക്ക് തെരഞ്ഞെടുക്കണം എന്നത്. എണ്ണമയമുള്ള, കോമ്പിനേഷൻ ഉള്ള, വരണ്ട ചർമ്മ തരങ്ങളിൽ എല്ലാത്തിലും ഒരുപോലെ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില ചർമ്മ തരങ്ങൾ കൂടുതൽ സെൻസിറ്റീവ് ആണ്. നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ, ഏതൊരു ഫെയ്സ് പായ്ക്കും പരീക്ഷിക്കുന്നതിനു മുൻപ് എല്ലായ്പ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുക. എണ്ണമയമുള്ള ചർമ്മത്തിന്, കളിമണ്ണ്, ചാർക്കോൾ തുടങ്ങിയ പാക്കുകൾ അനുയോജ്യമാണ്. കോമ്പിനേഷൻ ചർമ്മത്തിന്, റോസ് വാട്ടറും കറ്റാർവാഴയും അനുയോജ്യമാണ്. വരണ്ട ചർമ്മത്തിന് തേനും തൈരും നല്ലതാണ്.
ഈ ഫെയ്സ് പാക്കുകളിൽ നിന്നുള്ള ഫലങ്ങൾ കാണാൻ എത്ര സമയമെടുക്കും? ഫെയ്സ് പാക്ക് ഉപയോഗിച്ച ശേഷം ഏതാനും ദിവസങ്ങൾ മുതൽ ഒരാഴ്ചയോ അതിൽ കൂടുതലോ എടുക്കും നിങ്ങളുടെ മുഖക്കുരു ലക്ഷണങ്ങൾ കുറഞ്ഞു തുടങ്ങാൻ. പെട്ടെന്ന് ഉണ്ടാവുന്ന മുഖക്കുരുവിനെയും അതിൻറെ ലക്ഷണങ്ങളെയും ചികിത്സിക്കാൻ ഈ പരിഹാരങ്ങൾ സഹായിക്കുമെന്നുറപ്പ്. പക്ഷേ മുഖക്കുരുവിനെ നിങ്ങളുടെ ചർമത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്താനായി പതിവായുള്ള ഒരു അടിസ്ഥാന ചർമ്മസംരക്ഷണ ദിനചര്യയും ഭക്ഷണ ക്രമീകരണങ്ങളും ഒക്കെ അത്യാവശ്യമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : easy to make homemade face packs for acne and acne marks
Malayalam News from malayalam.samayam.com, TIL Network