മലയാളിത്തം നിറഞ്ഞൊരു നാടന്‍ വാറ്റ്..! കോഴിക്കോടോ കാസര്‍കോടോ അല്ല.. അങ്ങ് കാനഡയില്‍.. പേര് മന്ദാകിനി.. !ലണ്ടനിലെ കൊമ്പന് ബിയറിനും അര്‍ലണ്ടിലെ മഹാറാണിക്കും ശേഷം സോഷ്യല്‍ മീഡിയയിലും വൈറലാവുകയാണ് മന്ദാകിനി.
കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് മഹാറാണിയും മട്ട അരിയില്‍ നിന്ന് കൊമ്പന് ബിയറും ഉണ്ടാക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കനേഡിയന്‍ മന്ദാകിനിയാവട്ടെ കരിമ്പ് വാറ്റിയെടുത്ത് നിര്‍മിക്കുന്നതാണെന്നാണ് മന്ദാകിനി അവരുടെ വെബ്സൈറ്റില്‍ പറയുന്നത്.
മന്ദാകിനി മലബാറി വാറ്റ് എന്നാണ് ബോട്ടിലിന്റെ പുറത്തെ ലേബലിലുള്ളത്. മന്ദാകിനിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരിപൂര്‍ണ വിവരങ്ങള്‍ mandakini.ca എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ ഹോര്‍ത്തുസ് മലബാറിക്കസില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടും മലബാര്‍ മേഖലയില്‍ സുലഭമായ നാടന്‍ വാറ്റിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലുമാണ് മന്ദാകിനിയുടെ നിര്‍മാണവുമെന്ന് വെബ്സൈറ്റില്‍ പറയുന്നു.
39.95 കനേഡയന്‍ ഡോളറാണ് മന്ദാകിനിക്ക് കാനഡയില്‍ വില. അതായത് 2300ഓളം ഇന്ത്യന്‍ രൂപ. കാനഡയിലെ വോണ്‍ ഒന്റാറിയോയിലെ ഡിസ്റ്റിലറിയിലാണ് മന്ദാകിനി ഉത്പാദിപ്പിക്കുന്നത്.
കൊച്ചിക്കാരന്റേയും കൊല്ലംകാരന്റേയും ബുദ്ധിയില്‍ ഉണ്ടായ മഹാറാണിയും കൊമ്പനും പോലെ മന്ദാകിനിക്ക് പിന്നിലും മലയാളികളുടെ കരങ്ങളുണ്ടെന്നാണ് കരുതുന്നത്. അതാരാണെന്നാണ് സൈബര്‍ ലോകവും തിരയുന്നത്.